
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോളജുകളില്‍ അടുത്തിടെ അസിസ്റ്റ്ന്റ് പ്രഫസര്‍ നിയമനങ്ങള്‍ പലതും നടത്തിയത് യോഗ്യതയും അധികയോഗ്യതയും 'അയോഗ്യത'യായി കണക്കാക്കി! വിവിധ വിഷയങ്ങളില്‍ കഴിഞ്ഞ മാസം അവസാനം നടത്തിയ അഭിമുഖത്തിനു പിന്നാലെ വന്ന റാങ്ക് പട്ടികയില്‍ അനര്‍ഹരും പാര്‍ട്ടിബന്ധുക്കളും സ്ഥാനം നേടിയതു 'മംഗളം' ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് നിയമനങ്ങളിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നത്.
പട്ടികയിലെ ആദ്യ സ്ഥാനക്കാരില്‍ ഒരാള്‍ക്കു പിഎച്ച്.ഡി. ഉണ്ടെങ്കിലും നെറ്റ് യോഗ്യതയോ കോളജ് അധ്യാപന പരിചയമോ ഇല്ലെന്നാണു സൂചന. ദേവസ്വം ബോര്‍ഡിന്റെ ഹൈസ്കൂള്‍ മലയാളം റാങ്ക് പട്ടികയില്‍നിന്നു കോട്ടയം ജില്ലയിലെ ഒരു സ്കൂളില്‍ നിയമനം നേടിയിരുന്ന ഇവര്‍ ജില്ലയിലെ സി.പി.എം. നേതാവിന്റെ മകളാണ്.
പട്ടികയിലെ ആദ്യ സ്ഥാനക്കാരില്‍ മറ്റൊരാള്‍ക്കു കോളജ് അധ്യാപനത്തിന് ആവശ്യമായ പരിചയംപോലും ഉണ്ടായിട്ടില്ല. അവര്‍ പിഎച്ച്.ഡി. നേടിയത് 2019-ലാണ്. നെറ്റ് യോഗ്യതയും ഇല്ലെന്നാണ് സൂചന. മധ്യ തിരുവിതാംകൂറിലെ സി.പി.എം. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ മരുമകള്‍ എന്ന പിന്‍ബലത്തിലാണ് അവര്‍ പട്ടികയില്‍ ആദ്യ സ്ഥാനക്കാരില്‍ ഒരാളായത്.
നിയമനം ലഭിക്കാത്തവര്‍ കോടതിയില്‍ പോകും മുമ്പു നിയമനത്തിനു സാധൂകരണമുണ്ടാക്കാന്‍, കീഴ്വഴക്കങ്ങള്‍ക്കു വിരുദ്ധമായി അവധിക്കാലത്തുതന്നെ, നിയമനം ലഭിച്ചവര്‍ കോളജുകളില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. പാര്ട്ടിബന്ധുക്കളെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്‍ഡക്സ് മാര്‍ക്ക് 70-ല്‍ താഴെയാക്കുകയും ചെയ്തിരുന്നു.വിഷയവിദഗ്ധരെ നോക്കുകുത്തിയാക്കിയാണ് അഭിമുഖം നടത്തിയത്. പല ഉദ്യോഗാര്‍ഥികളോടും വിഷയ വിദഗ്ധര്‍ അല്ല ചോദ്യം ചോദിച്ചത്.
എം.ജിയിലേക്ക് അപേക്ഷ ക്ഷണിച്ച മൂന്നു തസ്തികയിലേക്ക് 44 പേരെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, വരാനിരിക്കുന്ന രണ്ട് ഒഴിവുകള്‍കൂടി കണക്കാക്കി പത്തു പേരുടെ റാങ്ക് പട്ടികയാണ് അഭിമുഖം നടത്തി പ്രസിദ്ധീകരിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന ഒഴിവില്‍ ഇതേ പട്ടികയില്‍നിന്നു നിയമനം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരള സര്‍വകലാശാലയിലെ രണ്ട് ഒഴിവില്‍ ഒന്നു ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തതാണ്. ഇതില്‍ 16 പേരെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. അനര്‍ഹര്‍ ജോലിയില്‍ പ്രവേശിച്ചതിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍.






