
കൊച്ചി : ബ്രഹ്മപുരത്തേളള കൊച്ചി കോര്പ്പറേഷന് മാലിന്യവണ്ടികള്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ തടഞ്ഞു. തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. തീപിടുത്തത്തിനുശേഷം ബ്രഹ്മപുരത്തേക്ക് കൊച്ചി കോര്പ്പറേഷന് ഒഴികെയുളള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മാലിന്യം കൊണ്ടുപോകാത്തതാണ് കാരണമായി മാറിയിരിക്കുന്നത്.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കൊച്ചി കോര്പ്പറേഷന് മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകുന്നുണ്ടെങ്കില്‍ തൃക്കാക്കര നഗരസഭയുടേയും കൊണ്ടു പോകണം. ഇല്ലെങ്കില്‍ മാലിന്യവണ്ടികള്‍ തൃക്കാക്കര വഴി കടത്തി വിടില്ലെന്ന് അജിതാ തങ്കപ്പന് പറഞ്ഞു.
മാലിന്യ പ്രശ്നം പരിഹരിക്കുംവരെ സമരം തുടരുമെന്നും അജിത തങ്കപ്പന് മാധ്യമങ്ങളോടു പറഞ്ഞു. തങ്ങളുടെ പ്രതിക്ഷേധത്തില്‍ രാഷ്ട്രീയമില്ലെന്നും ജനങ്ങളുടെ ആശങ്കയാണ് തങ്ങള്‍ ഈ പ്രതിക്ഷേധത്തിലൂടെ അറിയിക്കാന്‍ ശ്രമിക്കുന്നതെന്നും അജിത തങ്കപ്പന് പറഞ്ഞു.
ഇപ്പോള്‍ ബയോബിനാണ് മാലിന്യ നിക്ഷേപത്തിനായി തൃക്കാക്കരയില്‍ ഉപയോഗിക്കുന്നത്. റോഡുകളിലേക്കും തോടുകളിലേക്കും മാലിന്യം വലിച്ചെറിയുന്ന പ്രവണത ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നും തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ പറഞ്ഞു . ചെമ്പുമുക്കിലാണ് വാഹനങ്ങള്‍ തടഞ്ഞത്. സ്ഥലത്ത് ഭരണസമിതി അംഗങ്ങളും പോലീസും എത്തിച്ചേര്‍ന്നിട്ടുണ്ട്.






