
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം നാളെ. വാര്‍ഷികം ആഘോഷിക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുമ്പോള്‍ വലിയ പ്രതിക്ഷേധങ്ങള്ക്കാണ് യുഡിഎഫിന്റെ നീക്കം. ഭരണ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ പ്രചാരണം. അഴിമതിയും ക്രമസമാധന പ്രശ്നങ്ങളിലും ഊന്നിയാണ് യുഡിഎഫിന്റെ പ്രതിരോധം.അതേസമയം രണ്ടാം വാര്‍ഷിക ദിനത്തില്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് നീക്കം. നികുതി വര്‍ധനവും എ ഐ ക്യാമറാ വിവാദവുമാണ് സര്‍ക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ മുഖ്യ ആയുധം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാര്‍ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കും. പ്രകടനപത്രിയില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ എത്രയെണ്ണം നടത്തി ഇനി എത്ര നടപ്പിലാക്കും എന്നുളളതാണ് പ്രോഗ്രസ് കാര്‍ഡ്. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറു ദിന കര്‍മ്മപരിപാടി ആവിഷ്കരിച്ചു.15,896 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാനാണ് ശ്രമം. ലൈഫ് പദ്ധതി തന്നെയാണ് അഭിമാന പദ്ധതിയായി സര്‍ക്കാര്‍ ഇപ്പോഴും കാണുന്നത്. ദേശീയപാതയ്ക്ക സ്ഥലം ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു. വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ 14 ജില്ലകളിലും പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു.
യുവജനങ്ങള്‍ക്കായി സേവനം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി സ്റ്റാളുകളൊരുക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്, തൊഴില്‍ - എംപ്ലോയ്മെന്റ് വകുപ്പുകള്‍, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, അസാപ് തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഈ വിഭാഗത്തിലുണ്ടാകും. ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട നൂതന മാതൃകകള്‍ അനര്‍ട്ടിന്റെയും എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. കിഫ്ബിയുടെ പ്രത്യേക പവിലിയനില്‍ കിഫ്ബി പദ്ധതികളുടെ അവതരണം നടക്കും.






