മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ അറസ്റ്റു ചെയ്ത മുന്‍ ലഹരി വിരുദ്ധ സ്ക്വാഡ് ഓഫീസര്‍ സമീര്‍ വാങ്കഡെ വരവില്‍ സ്വത്ത് സമ്പാദിച്ചിരുന്നതായി നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യുറോ (എന്‍സിബി) വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കുടുംബത്തോടൊപ്പം പല തവണ വിദേശ പര്യടനങ്ങള്‍ നടത്തിയ വാങ്കഡെ, വന്‍ തോതില്‍ സ്വത്ത് വാങ്ങിക്കൂട്ടിയിട്ടുണ്ട്. മുംബൈയില്‍ നാല് ഫ്ളാറ്റുകള്‍ ഉണ്ടെന്നും റോളക്സ് വാച്ചുകളുടെ ശേഖരമുണ്ടെന്നും എന്‍സിബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്യന് ഖാനെ കസ്റ്റഡിയില്‍ വച്ച് ഷാരൂഖ് ഖാനുമായി സമീര്‍ വിലപേശിയെന്നും 25 കോടി രൂപ നല്‍കിയില്ലെങ്കില്‍ ലഹരി ഇടപാടുകളില്‍ കുടുക്കുമെന്ന ഭീഷണിപ്പെടുത്തിയെന്നമാണ് ആരോപണം.
ആര്യാന് ഖാന്റെയും സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റിന്റേയും പേര് അവസാന നിമിഷമാണ് ചേര്‍ത്തത്. അതേസമയം, മറ്റുചിലരെ ഒഴിവാക്കുകയും ചെയ്തു. റെയ്ഡിനിടെ ഒരു യുവതിയില്‍ നിന്ന് റോളിംഗ് പേപ്പര്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ അവരെ പോാന്‍ അനുവദിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്യന് ഖാന്റെ കസ്റ്റഡിയില്‍ നിരവധി ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്നും കേന്ദ്ര സിവില്‍ സര്‍വീസ് നിയമങ്ങളുടെ ലംഘനങ്ങള്‍ നടന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2007 മുതല്‍ 2021 വരെ സമീര്‍ വാങ്കെഡെ കുടുംബ സമേതം ആറ് വിദേശയാത്രകള്‍ നടത്തി. യു.കെ, അയര്‍ലാന്റ്, പോര്‍ചുഗല്‍, ദക്ഷിണാഫ്രിക്ക, മാലദീപ് എന്നിവിടങ്ങളിലുള്‍പ്പെടെ 55 ദിവസം താമസിച്ചു. 8.75 ലക്ഷം രൂപ ഇതിനായി താന്‍ ചെലവഴിച്ചുവെന്നാണ് സമീര്‍ പറയുന്നത്. എന്നാല്‍ അത് വിമാന നിരക്ക് മാത്രമേ ആകുന്നുളളുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
22 ലക്ഷം രൂപ വിലമതിക്കുന്ന റോളക്സ് വാച്ച് 17 ലക്ഷത്തില്‍ താഴെ വിലയ്ക്ക് സമീറിന് വിറ്റുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുംബൈയില്‍ നാല് ഫ്ളാറ്റുകളും വഷിമില് 41,688 ഏക്കര്‍ ഭൂമിയും വാങ്ങിക്കൂട്ടി. ഗുഡ്ഗാവില്‍ 2.445 കോടി രൂപയുടെ ഒരു ഫ്ളാറ്റ് വാങ്ങുന്നതിന് 82.8 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സമീര്‍ വാങ്കഡെയും ഭാര്യയും വിവാഹത്തിനു മുന്‍പാണ് 1.25 കോടിയുടെ ഒരു ഫ്ളാറ്റ് വാങ്ങിയത്. ഇതിന്റെ ഉറവിടം അജ്ഞാതമാണ്. വാങ്കഡെയ്ക്കും ഭാര്യയ്ക്കും 45,61,460 രുപയാണ് വാര്‍ഷിക വരുമാനമായി ഇന്‍കം ടാക്സ് റിട്ടേണ്‍സ് കാണിക്കുന്നത്. എന്നാല്‍ ഈ വരുമാനംകൊണ്ട് എങ്ങനെ ഇത്രയും വിദേശയാത്രകളും ആസ്തികളും ഉണ്ടാക്കിയെന്ന് വിശദീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.






