
കൊച്ചി: ലൈഫ് മിഷനില്‍ പദ്ധതിയുടെ പ്രാഥമിക ചർച്ചയിൽ തന്നെ സ്വപ്ന കോഴ ആവശ്യപ്പെട്ടെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി. സർക്കാരുമായി കരാർ ഒപ്പിടും മുമ്പ് സ്വപ്ന സുരേഷും സംഘവും കോഴ ആവശ്യപ്പെട്ടുവെന്നാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.
കമ്മീഷൻ ആവശ്യപ്പെട്ടതോടെ ആദ്യം കരാർ ഉപേക്ഷിച്ച നിലയിലായിരുന്നെന്നും രണ്ടാഴ്ചയ്ക്ക് ശേഷം സ്വപ്ന വീണ്ടും കരാറിനായി ബന്ധപ്പെടുകയും ചെയ്തതായി പറയുന്നു. കരാർതുക പണി തുടങ്ങും മുൻപ് നൽകിയാൽ കമ്മീഷൻ നൽകാമെന്ന് നിബന്ധന വെച്ചു. ഇത് അംഗീകരിച്ചതോടെ പദ്ധതി വിവരങ്ങൾ കൈമാറിയെന്നും സന്തോഷ് ഈപ്പൻ മൊഴി നൽകി. സ്വപ്ന സുരേഷിനെ കുരുക്കിലാക്കുന്നതാണ് സന്തോഷ് ഈപ്പന്റെ മൊഴി.
സ്വപ്നയ്ക്കും യുഎഇ പൗരനും 3.80 കോടി രൂപയുടെ കമ്മീഷനാണ് നൽകിയത്. സന്ദീപിനും സരിത്തിനും യദുവിനും നൽകിയത് 1.12 കോടി രൂപ. സ്വപ്നയും സന്ദീപും സരിത്തുമാണ് ആദ്യചർച്ചയിൽ പങ്കെടുത്തത് എന്ന വിവരമെല്ലാം സന്തോഷ് ഈപ്പൻ ഇഡിക്ക് നൽകിയ മൊഴിയിലുണ്ട്.






