
മലയാള സിനിമാ ചരിത്രം തന്നെ തിരുത്തി തിയ്യേറ്ററിലെത്തി 12 ദിവസങ്ങള്‍ കൊണ്ട് നൂറ് കോടി കലക്ഷനും ചിത്രം നേടി കുതിക്കുകയാണ് ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ പിറന്ന 2018. ഇപ്പോഴും തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുന്ന ഈ സിനിമ മഹാപ്രളയത്തിന്റെ, കേരളത്തിന്റെ അതിജീവനമാണ് കഥയാണ് പറയുന്നത്. ചിത്രത്തിന് ഏറെ പ്രശംസകള്‍ കിട്ടുന്നുണ്ടെങ്കിലും വിമര്‍ശനങ്ങളും ഒട്ടും തന്നെ കുറവല്ല. ഇപ്പോഴിതാ അധ്യാപകനും ചലച്ചിത്രപ്രവര്‍ത്തകനുമായ എസ്. ഗോപു ചിത്രത്തെയും ജൂഡിനെയും വിമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുകയാണ്. പ്രളയം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമേ ആയിട്ടുള്ളൂ. മലയാളി ഒന്നും മറന്നിട്ടില്ലെന്നും പ്രതിസന്ധിയുടെ പ്രളയപ്പെരുക്കത്തില്‍ മുഖം കുനിച്ചിരുന്ന ഒരാളായിരുന്നില്ല അന്ന് കേരളം ഭരിച്ചതെന്നും, യാഥാര്‍ത്ഥ്യത്തെ തമസ്കരിച്ച് ജനതയുടെ അനുഭവത്തെ വെറും പീറ കഥയാക്കി മാറ്റുന്ന അസംബന്ധമാണിതെന്നും ഗോപു കുറിക്കുന്നു.
‘‘യാഥാർത്ഥ്യത്തെ തമസ്കരിച്ച് ജനതയുടെ അനുഭവത്തെ വെറും പീറ കഥയാക്കി മാറ്റുന്ന അസംബന്ധമാണ് ‘2018’ എന്ന ജൂഡ് ആൻറണി സിനിമ.
100 കോടി ക്ലബ്ബിലെത്തിയ ശേഷമാണ് സിനിമ കണ്ടത്.
അത്ര വലിയ വിജയം സത്യത്തിൽ ഈ സിനിമ അർഹിക്കുന്നില്ല.
‘ഭയങ്കര’ മേക്കിങ്ങാണ് എന്ന് കണ്ടവർ പലരും പറഞ്ഞു കേട്ടിരുന്നു.
എഫേർട്ട്(കഠിനാധ്വാനം) ആണ് മേക്കിങ്ങെങ്കിൽ പറഞ്ഞതിൽ സത്യമുണ്ട്. എന്നാൽ സർഗാത്മകമായ സാങ്കേതിക രൂപണമാണ് മേക്കിങ്ങ് എന്ന നിലയിൽ വിലയിരുത്തിയാൽ ശരാശരിയ്ക്കു മുകളിൽ നിൽക്കുന്ന ഒറ്റ സീൻ പോലുമില്ല കണ്ടുപിടിക്കാൻ.
എം. എൽ. എ യുടെ കരച്ചിൽ ടി. വി യിൽ കേട്ട് മുഖ്യമന്ത്രി നിസഹായനായിരിക്കുമ്പോൾ പള്ളീലച്ചൻ മണിയടിച്ച് മുക്കുവരെ വിളിച്ചു കൂട്ടി, ‘മേരിമാതാ’ ബോട്ടിറക്കി രക്ഷാപ്രവർത്തനത്തിന് കരുത്തു പകരുന്ന ആ സീക്വൻസ് മലയാളസിനിമയിലെ അരാഷട്രീയ അശ്ലീലങ്ങളിലൊന്നാണ്.
ജൂഡേ...
നിങ്ങളെത്ര മഴ നനഞ്ഞുവെന്നു പറഞ്ഞാലും
ചിലതു പറയാതിരിക്കാനാവില്ല.
പ്രളയം കഴിഞ്ഞിട്ട് അഞ്ചു വർഷമേ ആയിട്ടുള്ളൂ. മലയാളി ഒന്നും മറന്നിട്ടില്ല.
പ്രതിസന്ധിയുടെ പ്രളയപ്പെരുക്കത്തിൽ മുഖം കുനിച്ചിരുന്ന ഒരാളായിരുന്നില്ല അന്ന് കേരളം ഭരിച്ചത്. കടുത്ത രോഗാവസ്ഥയിൽ, ചികിത്സ നീട്ടിവെച്ച്, വേദന സഹിച്ച് രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിച്ച ആ മനുഷ്യൻ്റെ പേര് പിണറായി വിജയൻ എന്നാണ്. മായ്ച്ചു കളയാൻ ശ്രമിച്ചാൽ മായില്ലത്.
അരാഷ്ട്രീയ ആൾക്കൂട്ടമല്ല രക്ഷാപ്രവർത്തനത്തെ നയിച്ചത്.കമ്യൂണിസ്റ്റു പാർട്ടിയിലും കോൺഗ്രസിലും കേരളാ കോൺഗ്രസിലും മുസ്ലീംലീഗിലുമൊക്കെ അംഗങ്ങളായ മനുഷ്യരുടെ കൂട്ടായ യത്നമായിരുന്നു രക്ഷാപ്രവർത്തനം. ഡി. വൈ. എഫ്. ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് ഉൾപ്പടെ നിരവധി സംഘടനകളുടെ ഭാഗമായ യുവജനതയുടെ കരുത്തും നിർണ്ണായകമായി. എന്നാൽ ഇത്തരം രാഷ്ട്രീയ അടയാളങ്ങളെല്ലാം മായ്ചു കളയുന്ന ജൂഡ് മതപരമായ അടയാളത്തെ കൃത്യമായി പതിപ്പിച്ചു വെക്കുകയും ചെയ്യുന്നു എന്നതാണ് വൈരുദ്ധ്യം.
മലബാർ ജൂഡിന്റെ കേരള പ്രളയഭൂപടത്തിലില്ല. മുസ്ലീങ്ങൾ ചിത്രത്തിലേയില്ല. മലപ്പുറത്തു നിന്ന് തെക്കൻ കേരളത്തിലേക്കൊഴുകിയ സഹായഹസ്തങ്ങളുടെ ചെറുവിരൽപോലും ഫ്രെയിമിൽ പതിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
രാപകലില്ലാതെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച സർക്കാർ സംവിധാനങ്ങളെ(റവന്യൂ, തദ്ദേശ സ്വയംഭരണം, ദുരന്തനിവാരണ വിഭാഗം, പോലീസ്) ഒറ്റ മുറിയിലും പത്ത് കമ്പ്യൂട്ടറിലുമായി ഒതുക്കാൻ പെട്ട പാട് ചില്ലറയല്ല.
വർഗീയ വിഷം ചീറ്റുന്ന 'കേരള സ്റ്റോറി'ക്കു ബദലായി പലരും ഇതാണ് റിയൽ കേരള സ്റ്റോറി എന്നൊക്കെ പറഞ്ഞു വലുതാക്കിയ ചിത്രമാണിത്.
സത്യത്തിൽ, തിരക്കഥയിലും സംവിധാനത്തിലുമെല്ലാം ശരാശരി ചിത്രമാണ് 2018.
കേരളം ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച ദുരന്തസന്ദർഭത്തെ അരാഷട്രീയ- മത പ്രൊപ്പഗാൻഡ ഉപയോഗിച്ച് വികൃതമാക്കിയ സിനിമ...’’ എന്നാണ് എസ്. ഗോപു കുറിച്ചിരിക്കുന്നത്.






