
കാട്ടാക്കട കോളേജിലെ എസ് എഫ് ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പലിനും എസ്എഫ്ഐ നേതാവ് വിശാഖിനുമെതിരെ പൊലീസ് കേസെടുത്തു. വ്യാജ രേഖ ചമക്കല്‍, ആള്‍മാറാട്ടം, വിശ്വാസ വഞ്ചന എന്നിയ്ക്കാണ് പ്രിന്‍സിപ്പല്‍ ജി ജെ ഷൈജു, വിദ്യാര്‍ത്ഥി വിശാഖ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ചുമതലയിലുണ്ടായിരുന്ന ജെ.ജെ.ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും ആള്‍മാറാട്ടം നടത്തിയ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായിരുന്ന വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തത്.സര്‍വ്വകലാശാല നല്കിയ പരാതിയിന്മേലാണ് നടപടി.
പ്രിന്‍സിപ്പലായിരുന്ന ജി ജെ ഷൈജുവും എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖും ആസൂത്രിത നീക്കം നടത്തി യുയുസിയായി ജയിച്ച അനഘയുടെ പേര് വെട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത വിശാഖിന്റെ പേര് ചേര്‍ത്തുവെന്നായിരുന്നു പരാതി. കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്നലെ ചേര്‍ന്ന സിണ്ടിക്കേറ്റ് യോഗ തീരുമാന പ്രകാരമാണ് പോലീസില്‍ പരാതി നല്‍കിയത്.
വിഷയം സിഎസ്ഐ സഭ നയിക്കുന്ന കോളേജ് മാനേജ്മെന്റും അന്വേഷിക്കുന്നുണ്ട്. അന്വേഷണ ചുമതല കോളേജ് മാനേജര്‍ അടക്കം മൂന്ന് പേര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഈ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കുക. ഇന്‍ ചാര്‍ജ്ജ് സ്ഥാനത്തും നിന്നും ഷൈജുവിനെ മാറ്റിയ സര്‍വ്വകലാശാല കൂടുതല്‍ നടപടി എടുക്കാന്‍ കോളേജിനോട് ആവശ്യപ്പെട്ടിരുന്നു.






