
ബംഗളുരു: കനത്തമഴയില്‍ വെള്ളക്കെട്ടായ ബംഗളുരുവിലെ റോഡില്‍ മുങ്ങിയ കാറില്‍ അകപ്പെട്ട യുവതിക്കു ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിനിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ഭാനുരേഖ(23)യാണു മരിച്ചത്. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങളായ അഞ്ചുപേരും ഡ്രൈവറും അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ അപ്രതീക്ഷിതമായുണ്ടായ പെരുമഴയാണു ബംഗളുരു നഗരത്തില്‍ വിനാശം വിതച്ചത്. കനത്തമഴയ്ക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴവര്‍ഷവുമുണ്ടായി. കാറ്റില്‍ വന്മരങ്ങള് കടപുഴകി നഗരത്തില്‍ പലയിടത്തും ഗതാഗതം തടസപ്പെട്ടു. െവെദ്യുതി, വാര്ത്താവിനിമയബന്ധവും താറുമാറായി. ഇതിനിടയിലാണു ഭാനുരേഖയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയമസഭാ മന്ദിരത്തിനു സമീപം കെ.ആര്. സര്‍ക്കിളിലെ അടിപ്പാതയില്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിയത്. ബംഗളുരുവില്‍ ജോലി ചെയ്യുന്ന ഭാനുരേഖയ്ക്കൊപ്പം നഗരം കാണാനിറങ്ങിയതായിരുന്നു കുടുംബാംഗങ്ങള്‍. വിജയവാഡയില്‍നിന്നു കാര്‍ വാടകയ്ക്കെടുത്താണ് ഇവരെത്തിയത്.
പെരുമഴയില്‍ അടിപ്പാത വെള്ളക്കെട്ടായതോടെ ബാരിക്കേഡ് ഉള്‍പ്പെടെ മുങ്ങിയ നിലയിലായിരുന്നു. വെള്ളത്തിലൂടെ കാര്‍ മുന്നോട്ടെടുക്കാനുള്ള ഡ്രൈവറുടെ ശ്രമമാണ് അപകടത്തിനു വഴിവച്ചതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. മുങ്ങിത്തുടങ്ങിയതോടെ കാര്‍യാത്രികര്‍ അലമുറയിട്ടു. ഇതുകേട്ട് ഓടിയെത്തിയവര്‍ അടിപ്പാതയ്ക്കു മുകളില്‍നിന്നു കയറും സാരിയും താഴേക്കിട്ട് രക്ഷിക്കാന്‍ ശ്രമിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങള്‍ നീന്തിയെത്തി രണ്ടുപേരെ സാഹസികമായി രക്ഷിച്ചു. പിന്‍സീറ്റിലിരുന്ന ഭാനുരേഖയെ ഏറെ ശ്രമപ്പെട്ട് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മറ്റുള്ളവര്‍ അപകടനില തരണം ചെയ്തു. പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നെന്നും ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭിക്കാതിരുന്നതാണു ഭാനുരേഖയുടെ മരണത്തിലേക്കു നയിച്ചതെന്നും ആക്ഷേപമുയര്‍ന്നു. ഇതേപ്പറ്റി അന്വേഷിക്കുമെന്ന് ഭാനുരേഖയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി സഹായധനമായി അഞ്ചുലക്ഷം രൂപ നല്കുമെന്നു പ്രഖ്യാപിച്ചു. കുടുംബത്തിന് സൗജന്യചികിത്സയും അദ്ദേഹം വാഗ്ദാനം ചെയ്തു.
അതേസമയം, കെ.ആര്. സര്‍ക്കിളില്‍ രണ്ട് ഓട്ടോറിക്ഷകളും വെള്ളക്കെട്ടില്‍ മുങ്ങി. ഇതില്‍ ഒന്നിലെ യാത്രക്കാരിയും ഡ്രൈവറും ഓട്ടോയ്ക്കു മുകളില്‍ കയറി ജീവന് രക്ഷിച്ചു. മല്ലേശ്വരം, രാജാജി നഗര്‍, ശ്രീരാംപുരം, കെന്ഗെരി മേഖലകളിലും അപ്രതീക്ഷിതമഴയും വെള്ളക്കെട്ടും ദുരിതം വിതച്ചു. നിരവധി വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി. പഴക്കംചെന്ന ഒരു ബഹുനിലമന്ദിരം തകര്‍ന്നെങ്കിലും ആളപായമില്ല.






