
ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസനയം അടിസ്ഥാനപ്പെടുത്തി ഭരണഘടനാശില്‍പ്പി ഡോ. ബി.ആര്. അംബേദ്ക്കറിനെ പാഠ്യപദ്ധതിയില്‍ നിന്നും ഇറക്കിവിടാനുള്ള നീക്കം എതിര്‍പ്പ് വിളിച്ചുവരുത്തുന്നു. 2020 ല്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം പശ്ചാത്തലമാക്കി അക്കദമിക വിഷയത്തിന്റെ സര്‍വകലാശാലാ സ്റ്റാന്റിംഗ് കമ്മിറ്റി മുമ്പോട്ട് വെച്ച നിര്‍ദ്ദേശം തത്വജ്ഞാന വിഭാഗം ശക്തമായി എതിര്‍ത്തു.
സര്‍വകലാശാലയുടെ ഇലക്റ്റീവ് കോഴ്സായ ബി.ആര്. അംബേദ്ക്കര്‍ ഫിലോസഫി അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമില്‍ നിന്നും ഒഴിവാക്കാനായിരുന്നു നീക്കം. എന്നാല്‍ കോഴ്സ് തിരിച്ചെടുക്കണമെന്ന് സര്‍വകലാശാല വൈസ് ചാന്‍ലസര്‍ യോഗേഷ് സിംഗിനോട് ഫിലോസഫി ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബി.എ. ഫിലോസഫി പ്രോഗ്രാമില്‍ നിന്നും നീക്കം ചെയ്യാനായിരുന്നു ആദ്യം നിര്‍ദേശം ഉണ്ടായത് മെയ് 8 നായിരുന്നു. ഇത് പിന്നീട് മെയ് 12 ന് ചേര്‍ന്ന പോസ്റ്റ് ഗ്രാജ്വേറ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് കരിക്കുലം കമ്മറ്റികളിലും ചര്‍ച്ചയായിരുന്നു. എന്നാല്‍ വകുപ്പ് കരിക്കുലം കമ്മറ്റി ഇതിനെ ശക്തമായി എതിര്‍ത്തു.
രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും സാമൂഹിക അഭിലാഷങ്ങളുടെ തദ്ദേശീയ ചിന്തകളുടെ പ്രതിനിധിയാണ് അംബേദ്കറെന്നും അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ആശയത്തെക്കുറിച്ചുമുള്ള ഗവേഷണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഡിപ്പാര്‍ട്ട്മെന്റ് കരിക്കുലം കമ്മറ്റി അഭിപ്രായപ്പെട്ടു. ഇതുവരെ അക്കാര്യത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് വിവരം. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം എടുക്കുക അക്കാദമിക കൗണ്‍സില്‍ ആയിരിക്കും.
അംബേദ്ക്കര്‍ ഫിലോസഫിയെ നിലനിര്‍ത്തിക്കൊണ്ട് മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്, പെരിയോര്‍ തുടങ്ങി ഏതാനും ചിന്തകരെ കൂടി പുതിയ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താമെന്നാണ് പറയുന്നത്. 2015 ലാണ് അംബേദ്ക്കര്‍ ഫിലോസഫി ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അവതരിപ്പിച്ചത്. അംബേദ്ക്കറിന്റെ ജീവിതം അത്യാവശ്യം എഴുത്തുകള്‍, അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഗവേഷണ രീതി എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു.






