
കോട്ടയം: സംസ്ഥാനത്ത് വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ കടുത്ത നിലപാടുമായി കത്തോലിക്കാ സഭ. കണമലയില്‍ ജനവാസകേന്ദ്രത്തിലിറങ്ങി രണ്ടുപേരെ അതിദാരുണമായി കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാനുളള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതാണ് സഭയെ ചൊടിപ്പിച്ചത്.
കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയങ്കെിലും വനംവകുപ്പ് ഈ തീരുമാനം മരവിപ്പിക്കുകയായിരുന്നു. ദുരന്തം വിതച്ച കാട്ടുപോത്തെിനെ മയക്കുവെടിവച്ച് ഉള്‍ക്കാട്ടില്‍ കൊണ്ടുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനെതിരേയാണ് സഭ രംഗത്തു വന്നത്.
സര്‍ക്കാര്‍ നിലപാടിനെതിരേ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനാണ് സഭയുടെ തീരുമാനം. ഇതിനിടെ സഭയുടെ നിലപാട് പറഞ്ഞ സഭാ മേലധ്യക്ഷന്മാരെ പരിഹസിക്കുന്ന സമീപനം ചില കോണുകളില്‍നിന്ന് ഉയര്ന്നതിനെതിരേയും സഭ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
ഇന്നലെ കട്ടപ്പനയില്‍ ഇന്‍ഫാം സമ്മേളനത്തില്‍ സംസാരിച്ച കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കന്‍ സര്‍ക്കാര്‍ നിലപാടിനെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കാട്ടുപോത്തിന് വോട്ടവാകശമില്ലെന്ന് സര്‍ക്കാര്‍ മറക്കരുതെന്നായിരുന്നു ബിഷപ്പിന്റെ പരാമാര്‍ശം. ബഫര്‍ സോണിലാണ് കര്‍ഷകര്‍ കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ മറക്കരുത്.
കാട്ടുപോത്ത് കയറിവന്നത് നിയമസഭയിലേക്കോ പാര്‍ട്ടി ഓഫീസിലേക്കോ ആയിരുന്നുവെങ്കില്‍ പെട്ടെന്ന് തീരുമാനം ഉണ്ടാകുമായിരുന്നു വെന്നുമായിരുന്നു ബിഷപ്പിന്റെ വിമര്‍ശനം മനുഷ്യനെ മൃഗങ്ങള്‍ കൊന്നൊടുക്കുമ്പോള്‍ കൃഷിഭൂമിയിലിറങ്ങുന്ന വന്യജീവികളെ നിയന്ത്രിത വേട്ടനടത്തുവാന്‍ തയാറാകാത്ത ഭരണസംവിധാനങ്ങളുടെ പരാജയം ചൂണ്ടിക്കാട്ടി നിയമങ്ങളില്‍ തിരുത്തലുകള്‍ വരുത്തി നടപടികളുണ്ടാകണമെന്ന് സഭാപിതാക്കന്മാര് ആവശ്യപ്പെട്ടതിനെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ മനുഷ്യമൃഗതുല്യരും സമൂഹത്തെ അപമാനിക്കുന്നവരുമാണന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റിയന് 'മംഗള'ത്തോട് പറഞ്ഞു.
ക്രൈസ്തവ മേലധ്യക്ഷന്മാര് ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സംഘടിതമായി ആക്രമിക്കുന്ന ആസൂത്രിത അജണ്ടകള്‍ സാക്ഷരകേരളത്തില്‍ വിലപ്പോകില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയരുമ്പോള്‍ സംരക്ഷണമേകേണ്ട ഭരണ രാഷ്്രടീയ നേതൃത്വങ്ങള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിനെതിരെ പ്രതികരിക്കുന്നവരെ ആക്ഷേപിക്കുന്നവരുടെ അണിയറ അജന്‍ഡകള്‍ തിരിച്ചറിയുവാനുള്ള ആര്‍ജവം കേരള സമൂഹത്തിനുണ്ട്.
തകര്‍ച്ച നേരിടുന്ന റബറിന് 300 രൂപ വേണമെന്ന് ആവശ്യപ്പെട്ടത് തെറ്റാണോ? സഭയിലെ രക്തസാക്ഷിത്വത്തെക്കുറിച്ച് സഭാമക്കളോട് സഭയുടെ വേദിയില്‍ പിതാക്കന്മാര് സംസാരിക്കുമ്പോള്‍ അതു പാടില്ലെന്നു പറയാന്‍ ആര്‍ക്കാണവകാശം? ജനങ്ങള്‍ നേരിടുന്ന ആനുകാലിക പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധമാറ്റുവാന്‍ വര്‍ഗീയവിദ്വേഷം വിളമ്പി ആക്ഷേപിക്കുന്നത് വിലപ്പോവില്ലെന്നും വി.സി. സെബാസ്റ്റിയന് പറഞ്ഞു. വന്യജീവി ആക്രമണസംഭവങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരേ കെ.സി.ബി.സിയും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും മനുഷ്യരെ ആക്രമിക്കുന്നതും നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ക്കും നിയമനിര്‍മാണത്തിനും സര്‍ക്കാര്‍ തയാറാകണമെന്നു കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.
വന്യജീവികളുടെ ആക്രമണങ്ങള്‍ കേരളത്തില്‍ തുടര്ക്കഥയാകുന്നതു സര്‍ക്കാര്‍ അര്‍ഹമായ ഗൗരവത്തോടെ കാണുന്നുണ്ടോ എന്ന സംശയം ഉയരുന്നുണ്ട്. മലയോര ജനതയുടെ ആവലാതികളും ആശങ്കകളും കണക്കിലെടുത്തു ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.






