
മലിനജലം കുടിച്ചതിനെ തുടര്‍ന്ന് ഗുജറാത്തിലെ ഭാറുഖ് ജില്ലയില്‍ 25 ഒട്ടകങ്ങള്‍ക്ക് ജീവന് നഷ്ടമായി. വാഗ്ര താലൂക്കിലെ ഫാമിലെ ചെറിയ ജലാശയത്തില്‍ നിന്ന് വെള്ളം കുടിച്ച ഒട്ടകങ്ങളാണ് ചത്തത്. ജലാശയം മലിനമായത് ഒഎന്‍ജിസി ഓയില്‍ പൈപ്പ് ലൈനില്‍ ഉണ്ടായ ചോര്‍ച്ച മൂലമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് അഞ്ച് ഒട്ടകങ്ങളെ കാണാതാവുകയും ചെയ്തിരുന്നു.
ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഒഎന്‍ജിസി പൈപ്പ് ലൈനിലെ ചോര്‍ച്ചയാണ് സംഭവത്തിന് കാരണമായതെന്ന് ആരോപിച്ചു. ഒഎന്‍ജിസിക്ക് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം നിര്‍ദേശം നല്‍കിയതായും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിജിലന്‍സ് ഓഫീസറായ ആര്‍ബി ത്രിവേദി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ജലാശയത്തില്‍ നിന്നും വെള്ളം കുടിച്ചതിനെ തുടര്‍ന്ന് 25 ഒട്ടകങ്ങള്‍ ചത്തതായി ഗ്രാമവാസികള്‍ അധികൃതരെ അറിയിച്ചത്. എന്നാല്‍ മരണകാരണം കൃത്യമായി കണ്ടെത്താന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കച്ചിപുര ഗ്രാമത്തില്‍ നിന്നും ചഞ്വേല് ഗ്രാമത്തിലേക്ക് സംഭവ ദിവസം 77 ഒട്ടകങ്ങളെയാണ് പുല്ലുമേയ്ക്കാനായി എത്തിച്ചിരുന്നത്. ഇവയില്‍ ചിലത് ജലാശയത്തില്‍ നിന്ന് വെള്ളം കുടിച്ചിരുന്നു. ഇതിനു പിന്നാലെ ഒട്ടകങ്ങള്‍ ചത്തു വീണതായാണ് ഒട്ടകങ്ങളുടെ ഉടമ റഹ്മാന് കച്ചി പറയുന്നത്. പിന്നാലെ ഉടമ ജില്ലാ ഭരണകൂടത്തെ വിവരമറിയിക്കുകയായിരുന്നു. ജീവനോടെ അവശേഷിക്കുന്ന ഒട്ടകങ്ങള്‍ക്ക് ഉദ്യോഗസ്ഥരെത്തി ചികിത്സ നല്കി. ഒട്ടകങ്ങളുടെ നിലവിലത്തെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ കാണാതായ അഞ്ച് ഒട്ടകങ്ങളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.






