
കൗമാരക്കാരും കുട്ടികളുമടക്കം നിരവധിപ്പേരാണ് ടിക്ടോക്ക് ട്രെന്‍ഡ് പിന്തുടര്ന്ന് അപകടത്തിലേക്ക് ചെന്നെത്തുന്നത്. ഇത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു യുവതി ടിക്ടോക്ക് ട്രെന്‍ഡ് പിന്തുടര്ന്ന് മൈക്രോവേവില്‍ മുട്ട പാകം ചെയ്യാന്‍ ശ്രമിക്കുകയും തുടര്‍ന്ന് മുട്ട പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയുമാണുണ്ടായത്.
37 -കാരിയായ ഷാഫിയ ബഷീര്‍ എന്ന യുവതിക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വ്യാപകമായി ടിക്ടോക്കില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു പാചകക്കുറിപ്പ് ഉപയോഗിച്ച് മുട്ട ഉണ്ടാക്കിയ സമയത്താണ് ദുരന്തം സംഭവിച്ചത് എന്നാണ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തിന് ശേഷം സഹിക്കാന്‍ പറ്റാത്ത വേദനയിലൂടെയാണ് താന്‍ കടന്നു പോയതെന്ന് ഷാഫിയ പറയുന്നു.
ഷാഫിയ ഒരു മഗ്ഗില്‍ തിളച്ച വെള്ളമെടുത്ത് അതില്‍ മുട്ടയിട്ട ശേഷം അതിനെ മൈക്രോവേവിലേക്ക് വയ്ക്കുകയാണ് ചെയ്തത്. ഏതാനും മിനിറ്റുകള്‍ മുട്ട ഇങ്ങനെ വച്ചു. എന്നാല്‍, പിന്നീട് ഇവര്‍ മുട്ടയില്‍ ഒരു തണുത്ത സ്പൂണ്‍ മുട്ടിച്ചപ്പോള്‍, അത് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ, മുഖത്ത് വലതു ഭാഗത്തായി ഷാഫിയയ്ക്ക് വലിയ പൊള്ളലേറ്റു. താന്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണെന്നും ഇനിയാര്‍ക്കും ഈ അപകടം സംഭവിക്കരുതെന്നും ഷാഫിയ പറയുന്നു.
ഇങ്ങനെ മുട്ട പാകം ചെയ്യുന്നത് ടിക്ടോക്കില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ നിരവധിപ്പേര്‍ക്ക് ഈ അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇനിയാരും ഇങ്ങനെ ചെയ്ത് അപകടത്തില്‍ പെടരുതെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.






