
മലയാളസിനിമയുടെ കാരണവര്‍, മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച പ്രതിഭ, അനുഗ്രഹീത കലാകാരന്, ഇതിഹാസ നടന്... കൊട്ടാരക്കര ശ്രീധരന് നായര്‍ എന്ന അഭിനേതാവിനെ വിശേഷിപ്പിക്കുവാന്‍ ഈ വിശേഷണങ്ങളൊന്നും സത്യത്തില്‍ പോരാതെ വരും. മലയാള സിനിമയുടെ പ്രൗഢി എക്കാലവും നിലനിര്‍ത്തുന്ന ‘ചെമ്മീന്‍’ എന്ന സിനിമയിലെ ‘ചെമ്പന്‍ കുഞ്ഞ്’ എന്ന കഥാപാത്രം മാത്രം മതി ഈ പ്രതിഭയുടെ അഭിനയമികവിനെ വാഴ്ത്താന്‍. അച്ഛന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചു കൊണ്ട് മകനായ സായ്കുമാറും ശോഭ മോഹനും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ആ കുടുംബത്തില്‍ നിന്നു തന്നെ ഒരു അഭിനേത്രി കൂടി സിനിമയിലേക്ക് എത്തിയിട്ടുണ്ട്, ശൈലജ. ശ്രീധരന് നായരുടെ ഏറ്റവും ഇളയ മകള്‍, അഭിനേതാക്കളായ സായ്കുമാറിന്റെയും ശോഭ മോഹന്റെയും സഹോദരി... ഇങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട് ശൈലജയ്ക്ക്. അഭിനയത്തിന്റെ പാത വളരെ വൈകിയാണ് തെരഞ്ഞെടുത്തതെങ്കിലും അച്ഛന്റെ മകള്‍ എന്ന വിലാസത്തില്‍ ഏറെ അഭിമാനമുണ്ട് ഈ താരത്തിന്. കെ.കെ. രാജീവിന്റെ അന്ന കരിനീന എന്ന സീരിയലിലൂടെയാണ് ശൈലജയുടെ തുടക്കം. അമ്മ അറിയാതെ, പ്രണയവര്‍ണ്ണങ്ങള്‍ എന്നീ സീരിയലുകളിലും ശൈലജ തിളങ്ങി. ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട്, ജോജു ജോര്‍ജ്ജിന്റെ ഒരു താത്വിക അവലോകനം, അജിജോണ്‍, ഐ.എം.വിജയന് എന്നിവരുടെ സിനിമയായ സിദ്ദി, പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമായ കുമാരി എന്നീ സിനിമകളിലുമടക്കം മികച്ച വേഷങ്ങള്‍ ശൈലജയെ തേടി വന്നു. ‘മനം അകലെ’ എന്ന മ്യൂസിക് ആല്‍ബത്തില്‍ മറവിരോഗം ബാധിച്ച അമ്മയുടെ വേഷത്തില്‍ തിളങ്ങിയ ശൈലജ, പിന്നീട് ഏറെ ശ്രദ്ധിക്കപ്പെട്ടത് കുമാരിയിലെ അമ്മ വേഷത്തിലൂടെയാണ്. ഇപ്പോഴിതാ 'ജാനകി ജാനേ' എന്ന ചിത്രത്തില്‍ നവ്യ നായരുടെ അമ്മവേഷത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് ശൈലജ. അഭിനയത്തിന്റെ പാത തെരഞ്ഞെടുത്തതിനെക്കുറിച്ചും സിനിമകളെക്കുറിച്ചും ശൈലജ മംഗളം ഓണ്‍ലൈനിനോട് മനസ്സു തുറക്കുന്നു...
പ്രേക്ഷകശ്രദ്ധ നേടുകയാണ് 'ജാനകി ജാനേ’. അതിലെ അമ്മവേഷത്തെക്കുറിച്ച് ?
വളരെയധികം സന്തോഷമുണ്ട്. ഞാനിതു വരെ അഭിനയിച്ച സിനിമകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ഈ സിനിമയാണ്. പ്രേക്ഷകരുടെ സ്നേഹവും കൈയടികളുമൊക്കെ ഈ സിനിമയ്ക്ക് കിട്ടുന്നു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം. തിയേറ്ററുകളില്‍ നിന്ന് നിറഞ്ഞ മനസ്സോടെയാണ് ഓരോ പ്രേക്ഷകനും ഇറങ്ങി വരുന്നത്. മികച്ച വിജയം നേടുന്ന ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിയുന്നത് ഒരു വലിയ ഭാഗ്യമായി കരുതുന്നു. ഇതില്‍ ഞാന്‍ ജാനകിയുടെ അമ്മയായിട്ടാണ് എത്തുന്നത്. സിനിമയിലുടനീളമുള്ള കഥാപാത്രം. ബാല്യത്തില്‍ ജാനകിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ഇന്‍സിഡന്റ് അവളുടെ ജീവിതത്തിലുടനീളം ബാധിക്കുന്നതാണീ സിനിമ. നവ്യനായരാണ് ഇതില്‍ ജാനകിയായി എത്തുന്നത്.
നവ്യ എന്ന അഭിനേത്രിയുമായുള്ള കെമിസ്ട്രി എങ്ങനെയായിരുന്നു ?
നവ്യ വളരെ ടാലന്റഡാണ്, അഭിനയത്തെ വളരെ സീരിയസ്സായി കാണുന്ന ഒരു താരമാണ്. എന്നെ സംബന്ധിച്ച് കരിയര്‍ പരമായി നവ്യ ഒരു സീനിയര്‍ അഭിനേത്രിയാണ്. ഞാനൊരു കുഞ്ഞു സഹോദരിയെപ്പോലെയാണ് നവ്യയെ കാണുന്നത്. ഓപ്പണ്‍ മൈന്‍ഡഡാണ്. ക്യാമറയ്ക്ക് മുന്നില്‍ നില്ക്കുമ്പോള് നവ്യയുടേതായ സജഷന്‍സ് എനിക്ക് പറഞ്ഞു തരാറുണ്ട്. അതെല്ലാം ഞാന്‍ വളരെ ബഹുമാനത്തോടെ സ്വീകരിക്കാറുമുണ്ട്. എനിക്ക് വ്യക്തിപരമായി നല്ല അടുപ്പം തോന്നിയിട്ടുള്ള ഒരു അഭിനേത്രി കൂടിയാണ് നവ്യ.
ഇതുവരെ ചെയ്ത അമ്മ വേഷങ്ങളില്‍ നിന്ന് ഈ അമ്മവേഷത്തിനുള്ള പ്രത്യേകത ?
അവളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും തണലായി നില്ക്കുന്ന ഒരു അമ്മയാണിത്. ജാനകിയ്ക്കു വേണ്ടി ജീവിക്കുന്ന ഒരമ്മ. അച്ഛനില്ലാതെ ഒരു മകളെ വളര്‍ത്തുന്നതിന്റെ എല്ലാ വെല്ലുവിളികളും ഈ അമ്മയ്ക്കുണ്ട്. ഒരു സാധാരണ നാട്ടിന്‍പുറത്തുകാരിയാണ് ഈ അമ്മ. നേരത്തെ ചെയ്തതു പോലെ തന്നെയുള്ള ഒരു അമ്മ. സാധാരണ പോലെ മക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു അമ്മയാണ് ഇതും. പിന്നെ ഇതില്‍ കോസ്റ്റ്യൂമില്‍ അല്‍പ്പം വ്യത്യാസം വന്നിട്ടുണ്ട്. ഇതുവരെ സെറ്റ് സാരിയായിരുന്നു വേഷം, ഇതില്‍ സാധാരണ സാരിയാണ് ഈ അമ്മ ധരിക്കുന്നത്. എനിക്കു കിട്ടിയ കഥാപാത്രത്തെ മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്ത ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രമായി എത്തിയ ‘കുമാരി’ എന്ന സിനിമയിലും എനിക്ക് അമ്മ വേഷം തന്നെയായിരുന്നു. സത്യം പറഞ്ഞാല്‍ ‘കുമാരി’ എന്ന സിനിമയിലെ അമ്മ വേഷം കണ്ടിട്ടാണ് എന്നെ ‘ജാനകി ജാനേ’യിലേക്ക് കാസ്റ്റ് ചെയ്തത്. ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു അത്. എനിക്കേറെ പ്രിയപ്പെട്ടതെന്ന് പറയാവുന്ന, എല്ലാവരും മികച്ച അഭിപ്രായം പറഞ്ഞ ഒരു അമ്മ കഥാപാത്രം കൂടിയായിരുന്നു അത്.
രക്തത്തിലേക്ക് അലിഞ്ഞു ചേര്‍ന്ന അഭിനയ പാരമ്പര്യം... അഭിനയ മേഖല തെരഞ്ഞെടുക്കാനുള്ള കാരണം അതാണോ ?
ഓഡിഷന് വഴിയാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. സീരിയിലുകളില്‍ അഭിനയിച്ചു തുടങ്ങിയതോടെ അഭിനയം എനിക്കു കംഫര്‍ട്ടബിള്‍ ആയി തോന്നിത്തുടങ്ങിയിരുന്നു. കൊട്ടാരക്കരയില്‍ വെച്ചായിരുന്നു ‘ഒരു താത്വിക അവലോകനം’ സിനിമയുടെ ഓഡിഷന്. ചേച്ചിയുടെ മകളാണ് ഓഡിഷന് വേണ്ടി എന്റെ ആപ്ലിക്കേഷന്‍ അയച്ചിരുന്നത്. അങ്ങനെ താത്വിക അവലോകനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഓഡിഷന് സമയത്താണ് കൊട്ടാരക്കര ശ്രീധരന് നായരുടെ മകളാണ് ഞാനെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് മനസ്സിലായത്. താത്വിക അവലോകനത്തില്‍ മണിയന് പിള്ള രാജുവിന്റെ മകന് നിരഞ്ജന്റെ അമ്മയുടെ വേഷമായിരുന്നു. നാട്ടിന്പുറത്തുകാരി അമ്മയുടെ റോള്‍. സിനിമയുടെ സംവിധായകന് അഖില്‍ മാരാര്‍, ജോജു ജോര്‍ജ്, സിനിമയുടെ നിര്‍മാതാവ് ഡോ.ഗീവര്‍ഗീസ് യോഹന്നാന് എന്നിവര്‍ വലിയ പിന്തുണയാണ് നല്‍കിയത്. ഈ സിനിമയിലെ ഫോട്ടോകളിലൂടെയാണ് മോഡലിങ് രംഗത്തും അവസരം ലഭിച്ചത്. അങ്ങനെയന്ന് മഹാലക്ഷ്മി സില്‍ക്സിന്റെ ബ്രാന്റ് മോഡലുമായി. ചിന്തു-ഗൗതം വിന്‍സന്റ് എന്നിവരൊരുക്കിയ ‘മനം അകലെ’ എന്ന ആല്‍ബത്തില്‍ ഓര്‍മകള്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വേഷവും ഇടയ്ക്ക് ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താത്വിക അവലോകനത്തിനു ശേഷം ഓഡിഷന് വഴി റോഷന് ആന്‍ഡ്രൂസ്- ദുല്‍ഖര്‍ സിനിമയായ സല്യൂട്ടില്‍ അഭിനയിച്ചു. അവിടെയെത്തി സംസാരിക്കുമ്പോഴാണ് സംവിധായകന് റോഷന് ആന്‍ഡ്രൂസ് ഉള്‍പ്പെടെയുള്ളവര്‍ കൊട്ടാരക്കര ശ്രീധരന് നായരുടെ മകളാണെന്ന് തിരിച്ചറിഞ്ഞത്. പിന്നെ എല്ലാവര്ക്കും എനിക്കു തരുന്നത് ചെറിയ വേഷമാണല്ലോ എന്ന സങ്കടമായിരുന്നു. പിന്നീട് സിദ്ധി എന്ന സിനിയിലും അഭിനയിച്ചു. ഇതു കൂടാതെ അമ്മ അറിയാതെ, കെ.കെ.രാജീവിന്റെ പ്രണയവര്‍ണങ്ങള്‍ എന്നീ സീരിയലുകളിലും അഭിനയിച്ചു. ആ സമയത്താണ് കുമാരി എന്ന സിനിമ എന്നെത്തേടിയെത്തിയത്. ഒരു ബ്രേക്ക്ത്രൂ എന്നൊക്കെ വിളിക്കാവുന്ന ഒരു കഥാപാത്രമായിരുന്നു അത്. ഏറെ ശ്രദ്ധിക്കപ്പെട്ട, മികച്ച അഭിപ്രായങ്ങള്‍ നേടിത്തന്ന ആ അമ്മ വേഷമാണ് പിന്നീടുള്ള സിനിമകളിലേക്ക് അവസരം കിട്ടാനുള്ള കാരണം.
അഭിനയമേഖല എന്ന തീരുമാനം അല്‍പ്പം വൈകിപ്പോയോ ?
ഒരിക്കലുമില്ല. ഞാനങ്ങനെ ആഗ്രഹിച്ചിട്ടേയില്ല. അഭിനയരംഗത്തേക്ക് വരണമെന്ന ചിന്ത ഒരിക്കലുമില്ലായിരുന്നു. സെലിബ്രിറ്റി ലൈഫായാല് സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ചിന്തയായിരുന്നു എനിക്ക്. അച്ഛനും ചേട്ടനും ചേച്ചിയും ആ സ്വകാര്യത നഷ്ടപ്പെടുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതുകൊണ്ട് ഈ മേഖല വേണ്ടെന്നൊരു തീരുമാനം തന്നെയായിരുന്നു. വീട്ടിലാണെങ്കിലും അച്ഛനും അമ്മയ്ക്കും ചേട്ടനും പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത് ഇഷ്ടമല്ലായിരുന്നു. കോളജില്‍ പഠിക്കുന്ന കാലത്ത് നായികയാകാന്‍ അവസരം ലഭിച്ചതാണ്. അന്നത് വേണ്ടെന്ന് വച്ചു. പിന്നെ പഠനം കഴിഞ്ഞപ്പോള്‍ ജോലിയായി, പിന്നെ വിവാഹവും. 18 വര്‍ഷം ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ ജോലി ചെയ്തു. കുടുംബവും ജീവിതവും ജോലിയും മു?ന്നോട്ടു കൊണ്ടു പോകാനുള്ള നല്ല അന്തരീക്ഷമായിരുന്നു അവിടെ. ശരിക്കും ഒരു സേവനമെന്നു തന്നെയതിനെ വിളിക്കാം. ഒരുപാട് ആളുകളെ സേവിക്കാനും നമ്മളാല്‍ കഴിയുന്ന വിധം സന്തോഷിപ്പിക്കാനും പറ്റി. അതായിരുന്നു എന്റെ സന്തോഷം. ഇടയ്ക്ക് ആരോഗ്യപരമായ പ്രശ്നം കാരണം അവധിയെടുത്തു. ആ സമയത്താണ് കോവിഡിന്റെ ആരംഭം. പിന്നെ ജോലിക്ക് കയറിയില്ല. ആ സമയത്താണ് സന്ധ്യ ചേച്ചി ഇങ്ങനെയൊരു ഓഫര്‍ വയ്ക്കുന്നതും എന്നെക്കൊണ്ട് സമ്മതിപ്പിക്കുന്നതും. ഭര്‍ത്താവാണെങ്കിലും അഭിനയകലയ്ക്ക് പൂര്‍ണ്ണ പിന്തുണ തന്നിരുന്നു. ഇടയ്ക്ക് ഓഫര്‍ വരുമ്പോള്‍ എന്തിനാണ് വേണ്ടെന്ന് വയ്ക്കുന്നതെന്ന് ചോദിക്കും. അവസാനം സന്ധ്യചേച്ചി വഴി ഇങ്ങനെയൊരു അവസരം വന്നപ്പോള്‍ അദ്ദേഹവും കുട്ടികളും നിര്‍ബന്ധിച്ചു. അങ്ങനെയാണ് അഭിനയം തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.
ഇപ്പോള്‍ ആലോചിക്കുമ്പോള്‍ നേരത്തേ എത്തിയിരുന്നെങ്കില്‍ കുറച്ചു നല്ല വേഷങ്ങള്‍ ചെയ്യാമായിരുന്നു എന്നു തോന്നാറുണ്ട്. എങ്കിലും നിരാശയൊന്നുമില്ല. അമ്മ വേഷങ്ങളില്‍ തളയ്ക്കപ്പെടാതെ, വ്യത്യസ്തമായ റോളുകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അഭിനയരംഗത്ത് അച്ഛനും അണ്ണനും ചേച്ചിയും ഉണ്ടാക്കിയ പേരിന് കളങ്കം വരുത്താതെ അഭിനയം തുടരണമെന്നാണ് പ്രാര്‍ത്ഥന.
ആദ്യമായി ക്യാമറ ഫെയ്സ് ചെയ്തപ്പോള്‍ മനസ്സില്‍ തോന്നിയത് ?
ഇല്ലെന്ന് പറയാനാവില്ല. അതുവരെ അഭിനയത്തെക്കുറിച്ച് ചിന്തിക്കുകയോ ഈ മേഖലയെക്കുറിച്ച് അറിയാന്‍ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. അച്ഛനും സായി അണ്ണനും ശോഭ ചേച്ചിയുമൊക്കെ സിനിമയില്‍ തിളങ്ങി നിന്നവരാണ്, നില്‍ക്കുന്നവരാണ്. അഭിനയിച്ച് കുളമായാല്‍ അച്ഛനൊരു ചീത്തപ്പേരുണ്ടാക്കുമോ എന്ന ടെന്‍ഷനായിരുന്നു അധികവും. എന്നാല്‍ എന്നെ സീരിയലിലേക്ക് ക്ഷണിച്ചത് നടന് മുകേഷിന്റെ സഹോദരിയായ സന്ധ്യ മോഹനാണ്. അഭിനയപ്രതിഭയായ 'അച്ഛന്റെ മോളാണെന്ന ധൈര്യം പോരേ' എന്ന സന്ധ്യ ചേച്ചിയുടെ വാക്കുകളാണ് അഭിനയിക്കാനുള്ള ധൈര്യം എനിക്ക് നല്‍കിയത്. കെ.കെ. രാജീവ് സാറിന്റെ അന്ന കരിനീനയിലൂടെയായിരുന്നു തുടക്കം. ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച് എന്ത് പറയണം ചെയ്യണം എന്നൊന്നും എനിക്കറിയില്ലായിരുന്നു. അഭിനയരംഗത്ത് ഒരു മുന്‍പരിചയവുമില്ലെന്ന് ഞാന്‍ സാറിനോട് പറഞ്ഞിരുന്നു. അച്ഛന്റെ മകള്‍ എന്ന ധൈര്യമാണ് അവരും തന്നത്, ആ വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. ശരിക്കും ജീവിതത്തില്‍ അങ്ങനെയൊരു സന്ദര്‍ഭം എന്തു ചെയ്യുമോ അത് ക്യാമറയ്ക്ക് മുന്നില്‍ കാണിച്ചാല്‍ മതിയെന്ന ആത്മവിശ്വാസം രാജീവ് സാര്‍ തന്നു. ആ ധൈര്യത്തില്‍ അച്ഛനെ മനസ്സിലോര്‍ത്ത് അഭിനയിച്ചു. അത് എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. ചെറിയ വേഷമായിരുന്നെങ്കിലും ആ കഥാപാത്രവും രാജീവ് സാറിന്റെ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതുമൊക്കെ ഭാഗ്യമായി. പിന്നീട് പ്രണയവര്‍ണ്ണങ്ങള്‍ എന്ന സീരിയലിലേക്കും രാജീവ് സാര്‍ വിളിച്ചു. അഭിനേത്രി എന്ന നിലയില്‍ മെച്ചപ്പെടാന്‍ സാറിന്റെ കൂടെ പ്രവര്‍ത്തിച്ചത് ഗുണമായി. അമ്മ അറിയാതെ എന്ന സീരിയലും ചെയ്ത ശേഷമാണ് സിനിമയിലെത്തിയത്.
അച്ഛന്റെ സെലിബ്രിറ്റി ജീവിതം എങ്ങനെയാണ് മകളെന്നെ നിലയില്‍ ആസ്വദിക്കാന്‍ കഴിഞ്ഞത് ?
എനിക്കങ്ങനെയത് ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന് മരിക്കുന്നത്. അച്ഛനെന്ന നടനെക്കുറിച്ച് എല്ലാവരും പറഞ്ഞു കേട്ടുള്ള അറിവുകളും ഓര്‍മ്മകളുമാണ് എനിക്കുള്ളത്. മൈ ഡിയര്‍ കുട്ടിച്ചാത്തന് പോലെ അച്ഛന്റെ അപൂര്‍വം സിനിമകള്‍ മാത്രമാണ് ഞാന്‍ തിയറ്ററില്‍ കണ്ടിട്ടുള്ളത്. ലൊക്കേഷനിലൊന്നും അങ്ങനെ പോയിട്ടില്ല. അച്ഛന് മരിച്ചിട്ട് 35 വര്‍ഷമാകുന്നു. കഴിഞ്ഞ വര്‍ഷമാണ് അമ്മ വിജയലക്ഷ്മി മരിക്കുന്നത്. അച്ഛന്റെ മകളായി ജനിച്ചതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. അച്ഛ?ന്റെ പേരു പറയുമ്പോള്‍ കിട്ടുന്ന ബഹുമാനം മാത്രം മതിയല്ലോ ആ വില മനസ്സിലാക്കാന്‍. ഏതു സിനിമയ്ക്കു വേണ്ടിയാണെങ്കിലും അച്ഛന് സ്വയം സമര്‍പ്പിക്കുമെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. വേലുത്തമ്പി ദളവയൊക്കെ ചെയ്യാനായി 41 ദിവസം വ്രതം നോറ്റിരുന്നു എന്നൊ?ക്കെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ചെമ്മീന്‍ സിനിമയ്ക്കു മുമ്പ് മുക്കുവരുടെ കൂടെ ജീവിച്ച് അവരുടെ പെരുമാറ്റ രീതി പഠിച്ചിരുന്നു. അരനാഴിക നേരം എന്ന സിനിമയില്‍ 90 വയസ്സുള്ള കുഞ്ഞേനാച്ചന് എന്ന വൃദ്ധനായി അഭിനയിച്ചത് അച്ഛന്റെ 45 വയസ്സുള്ളപ്പോഴാണ്. ഒരു കഥാപാത്രത്തിനു അച്ഛന് സ്വയം സമര്‍പ്പിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അന്നത്തെയും ഇന്നത്തെയും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അഭിനയം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയാണ് അച്ഛന്. ആ അച്ഛന്റെ സംരക്ഷണവും അനുഗ്രഹവും എപ്പോഴും കൂടെയുണ്ടെന്ന് എനിക്കറിയാം.
സായി അണ്ണന് സിനിമയില്‍ സജീവമായ ശേഷമാണ് ഞാനത് ആസ്വദിച്ചിട്ടുള്ളത്. എന്റെ കോളജ് സമയത്താണ് അണ്ണന് റാംജിറാവു സ്പീക്കിംഗില്‍ അഭിനയിക്കുന്നത്. അണ്ണന്റെ സഹോദരി എന്ന നിലയിലുള്ള പ്രശസ്തിയൊക്കെ അന്ന് കിട്ടിയിരുന്നു. അണ്ണന്റെ 'അന്നക്കുട്ടി, കോടമ്പാക്കം വിളിക്കുന്നു'' എന്ന സിനിമ റിലീസ് ചെയ്തതൊക്കെ ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ഞാന്‍ നടന്നു പോകുമ്പോള്‍ പലരും അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. അച്ഛന്റെ സെലിബ്രിറ്റി സ്റ്റാറ്റസിനേക്കാള്‍ ഞാനറിഞ്ഞിട്ടുള്ളത് അണ്ണന്റെയാണ്. അച്ഛന് മരിച്ച ശേഷം എന്റെയും തൊട്ടുമുതിര്ന്ന സഹോദരിയുടെയും വിവാഹം നടത്തിയതൊക്കെ അണ്ണനാണ്. അച്ഛന് പോയ ശേഷം ആ സ്നേഹവും വാത്സല്യവും തന്നത് അണ്ണനാണ്.
സിനിമകളില്‍ വളരെ കാര്‍ക്കശ്യമുള്ള സീരിയസ് കഥാപാത്രങ്ങളാണ് ശ്രീധരന് നായര്‍ ചെയ്തിരുന്നത്. വീട്ടിലും അച്ഛന് അങ്ങനെ തന്നെയായിരുന്നോ ?
ഒരിക്കലുമല്ല. അച്ഛന് ഞങ്ങളോടൊക്കെ എന്നും ശാന്തമായി മാത്രമേ ഇടപെട്ടിട്ടുള്ളൂ. വീട്ടിലെ ഏറ്റവും ഇളയമകളായിരുന്നു ഞാന്‍. ജയശ്രീ,ഗീത,ലൈല, ശോഭ മോഹന്‍, കല, സായികുമാര്‍, ബീന എന്നിങ്ങനെ മൂത്ത സഹോദരങ്ങള്‍. മൂത്ത ചേച്ചിമാരുടെ മക്കളും ഞാനുമൊക്കെ ഏകദേശം ഒരു പ്രായമായതിനാല്‍ അച്ഛന്റെ കൊച്ചുമകളാണ് ഞാനെന്ന് പലരും കരുതിയിട്ടുണ്ട്. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് എത്ര രാത്രി വീട്ടില്‍ വന്നാലും മക്കളെയെല്ലാം വിളിച്ചുണര്‍ത്തി മിഠായിയും കളിപ്പാട്ടങ്ങളുമെല്ലാം തരുന്നതായിരുന്നു അച്ഛന്റെ രീതി.
എനിക്കു 12 വയസ്സുള്ളപ്പോഴാണ് അച്ഛന് മരിക്കുന്നത്. അച്ഛന് രാവിലെ അമ്പലത്തില്‍ പോയി വരുമ്പോള്‍ ഒന്നു വീണതാണ്. പൂച്ചട്ടിയില്‍ തലയിടിച്ചിരുന്നു. പുറമേ പരുക്കൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും കൂടി എടുത്ത് അകത്തു കിടത്തി. മറ്റ് അസ്വസ്ഥതകളൊന്നും അച്ഛന് പറഞ്ഞുമില്ല. അതു കഴിഞ്ഞ് ഞങ്ങളൊക്കെ സ്കൂളിലും പോയിരുന്നു. വൈകുന്നേരമാണ് അച്ഛന് ബുദ്ധിമുട്ടുള്ളതായി ഞങ്ങള്‍ക്കു തോന്നുന്നത്. അച്ഛന്റെ കണ്ണുകളൊക്കെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴാണ് ഇന്റേണല്‍ ബ്ലീഡിങ് ഉണ്ടെന്ന് അറിഞ്ഞത്. ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അച്ഛന് പോയിട്ട് 34 വര്‍ഷമായി. ഓര്‍ക്കാത്ത ഒരു ദിവസവുമില്ല. ഞാന്‍ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ അവിടെയെത്തുന്ന പ്രായമായവരെ കാണുമ്പോഴൊക്കെ അചഛനെയോര്ക്കും. അവരെ സഹായിക്കുമ്പോള്‍ വലിയൊരു സന്തോഷം മനസ്സില്‍ വന്നു നിറയും. ഹോസ്പിറ്റലിലെ ജോലി എനിക്കു മാനസ്സികമായി വലിയ തൃപ്തി നല്‍കിയിരുന്നു. അച്ഛനെന്നല്ല, മലയാളെ സിനിമയിലെ എല്ലാ നടന്മാരും പകരം വയ്ക്കാന്‍ മറ്റാരുമില്ലാത്ത പ്രതിഭകളാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്റെ ജ്യേഷ്ഠനും അതുപോലെയാണ്- എത്ര വ്യത്യസ്തമായ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. ഇപ്പോഴും കൊട്ടാരക്കരയുടെ മകള്‍ എന്നു പറയുമ്പോള്‍ എല്ലാവരില്‍നിന്നും വലിയ ബഹുമാനമാണ് ലഭിക്കുന്നത്. അച്ഛന്റെ പേര് എന്റെ രക്ഷാകവചമാണ്.
അഭിനയമേഖല തെരഞ്ഞെടുത്തപ്പോള്‍ സഹോദരങ്ങളുടെ അഭിപ്രായം ?
അണ്ണനും അച്ഛനും ഞങ്ങള്‍ പെണ്‍കുട്ടികള്‍ സിനിമ തെരഞ്ഞെടുക്കുന്നതിന് ആദ്യം താത്പര്യമില്ലായിരുന്നു. ശോഭചേച്ചി നല്ല പിന്തുണയായിരുന്നു. മെച്ചപ്പെടുത്തേണ്ട കാര്യങ്ങള്‍ ചേച്ചി പറഞ്ഞു തന്നു. സംസാരിക്കുമ്പോള്‍ ചുണ്ടു പിടുത്തമുണ്ട്, താഴേക്ക് നോക്കുന്നു എന്നൊക്കെ പറഞ്ഞിരുന്നു. ആദ്യ സിനിമകളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് വച്ചു നോക്കുമ്പോള്‍ അതിനേക്കാള്‍ മികച്ചതാണ് ഇപ്പോഴത്തേതെന്ന് പറയുന്നുണ്ട്. സായി അണ്ണനും എന്റെ കഥാപാത്രങ്ങള്‍ നല്ലതാണെന്നു പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അവരുടേയും അച്ഛന്റെയും പേര് കളയാതിരിക്കാന്‍ ഞാനും ശ്രമിക്കുന്നുണ്ട്. അഭിനയമേഖലയില്‍ അച്ഛനും അണ്ണനും ചേച്ചിയുമൊക്കെ നിലനിര്‍ത്തി പോരുന്ന ഒരു പേരിന് കളങ്കമുണ്ടാകാത്ത നിലയിലുള്ള അഭിനയം കാഴ്ചവയ്ക്കണമെന്നാണ് എന്റെ ആഗ്രഹം. അണ്ണനും ശോഭചേച്ചിയുമൊക്കെ നാടകങ്ങളിലും തിളങ്ങിയതാണ്. അവര്‍ നല്ലതെന്ന് പറയുമ്പോള്‍ വലിയ സന്തോഷം.
കുടുംബത്തിന്റെ പിന്തുണ ?
അവരാണ് ഏറ്റവും കൂടുതല്‍ പിന്തുണ തരുന്നത്. ഭര്‍ത്താവും മക്കളുമാണ് അഭിനയ രംഗത്തേക്ക് ഇറങ്ങാന്‍ ഏറ്റവും പ്രോത്സാഹനം നല്‍കിയത്. ഭര്‍ത്താവ് കൃഷ്ണകുമാര്‍. ക്യൂആര്‍എസ് നീലഗീരിസ് ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ വിഭാഗം മേധാവിയാണ്. മൂത്തമകന് ശ്രീചന്ദ് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി, ടെക്നോപാര്‍ക്കില്‍ ഇംപ്ലിമെന്റേഷന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ഇളയമകന് സായി കൃഷ്ണ പ്ലസ് ടു വിദ്യാര്‍ഥിയാണ്. സായി ‘സല്യൂട്ടി’ല്‍ ചെറിയൊരു വേഷത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. അഭിനയിക്കാന്‍ അവന് നല്ല താത്പര്യമാണ്. പഠനം കഴിഞ്ഞ് അഭിനയരംഗത്തേക്ക് പ്രവേശിച്ചാല്‍ മതിയെന്ന ഉപദേശം മകന് കൊടുത്തിട്ടുണ്ട്.
വരാനിരിക്കുന്ന സിനിമകള്‍, പുത്തന്‍ പ്രതീക്ഷകള്‍ ?
കുറച്ചധികം സിനിമകളിലേക്ക് ഓഫറുകള്‍ വരുന്നുണ്ട്. കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന തമിഴിലും മലയാളത്തിലും ഒരുപോലെ റീലീസ് ചെയ്യാനൊരുങ്ങുന്ന ‘വിരുന്ന്’, പിന്നെയുള്ളത് ‘ആര്യഭട്ട’, ‘കൃഷ്ണകൃപാസാഗരം’ എന്നീ സിനിമകളാണ്. ഇതുവരെ കിട്ടിയ എല്ലാ വേഷങ്ങളിലും എന്റെ കഴിവിനനുസരിച്ച് മികച്ചതാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അമ്മ വേഷങ്ങളാണ് കൂടുതലും കിട്ടിക്കൊണ്ടിരിക്കുന്നത്. ‘ജാനകി ജാനേ’യ്ക്ക് മുമ്പ് ‘ഒരു താത്വിക അവലോകന’ത്തിലും, ‘കുമാരി’യിലുമൊക്കെ ഇതുപോലെ തന്നെയുള്ള അമ്മ വേഷമായിരുന്നു. ജീവിതസാഹചര്യങ്ങളിലെ വ്യത്യാസങ്ങള്‍ മാത്രമാണുള്ളത്. പിന്നെ ഞാനിതു വരെ ചെയ്ത ഒരു അമ്മ വേഷത്തിലും എന്റേതായി കൂടുതലൊന്നും ചെയ്യാനുള്ള കഥാപാത്രങ്ങള്‍ കിട്ടിയിട്ടില്ല. അതായത് എന്റെ കഴിവിനെ മുഴുവന്‍ പ്രതിഫലിപ്പിക്കാനുള്ള ഒരു കഥാപാത്രം ഇതുവരെ കിട്ടിയിട്ടില്ല എന്നു പറയാം. അത്തരം മികച്ച കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിക്കുന്നു എന്നതില്‍ ഒരുപാട് സന്തോഷം. എന്നെത്തേടിയെത്തുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ ശ്രമിക്കുമ്പോഴും കരുത്തുറ്റ കഥാപാത്രങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാന്‍. അതു വരുമെന്ന് തന്നെയാണ് പ്രതീക്ഷയും വിശ്വാസവും...