
സ്കൂള്‍ കുട്ടികളില്‍ ഭൂരിഭാഗം പേരുടെയും വെറുപ്പ് സമ്പാദിക്കുന്ന വിഷയമാണ് കണക്ക്. ഇടയ്ക്കൊന്നു പിഴച്ചാല്‍ പിന്നെ മുഴുവന്‍ കണക്കും അവതാളത്തിലാകും അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് കണക്ക് ഒരു പേടിസ്വപ്നമാണ്. ആ ഭയം ഉള്ളതുകൊണ്ട് തന്നെ ഏത് വിധേനെയും കണക്കിന്റെ പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ കുട്ടികള്‍ നടത്താറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം കണക്കിന്റെ ഉത്തരം കണ്ടെത്താന്‍ ഒരു കൊച്ചു മിടുക്കന് കണ്ടെത്തിയ മാര്‍ഗമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇതത്ര പുതുമയുള്ള രീതി അല്ലെങ്കിലും വീഡിയോ കണ്ട് പകുതിയിലേറെ പേര്‍ക്കും തങ്ങളുടെ കുട്ടിക്കാലം ഓര്മ വന്നിട്ടുണ്ടാകും. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോയില്‍ ഒരു കുട്ടി തന്റെ കണക്കിലെ പ്രശ്നം പരിഹരിക്കാന്‍ കൈയിലെയും കാലിലെയും വിരലുകളെണ്ണുന്നത് കാണുന്നത്. ഇതോടെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഒരുപാടുപേര് ഓര്‍മ്മകളിലൂടെ തങ്ങളുടെ കുട്ടിക്കാലത്തിലേക്ക് തെന്നിമാറി.
ഒരു കുട്ടി തന്റെ ക്ലാസ് മുറിയില്‍ ഇരുന്ന് കൈവിരലുകള്‍ എണ്ണുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നത്. ഇരുകൈയിലെയും വിരലുകളെണ്ണി കഴിഞ്ഞപ്പോള്‍ അവന് കാല്‍വിരലുകള്‍ കൂട്ടിത്തുടങ്ങി. കാലിലെ ഷൂ ഊരിവച്ച് സോക്സിന് മുകളിലൂടെ കൈ കൊണ്ട് കാല് വിരലുകളെണ്ണുകയായിരുന്നു അവന്. ഉത്തരം കിട്ടിയപ്പോള്‍ കുട്ടി തലയുയര്‍ത്തി നോക്കുകയും പിന്നീട് പെന്‍സിലെടുത്ത് തനിക്ക് കിട്ടിയ ഉത്തരം ഒരു പേപ്പറില്‍ എഴുതുകയും ചെയ്യുന്നു. ഏതാനും നിമിഷം മാത്രമുള്ള വീഡിയോ rising talant എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവയ്ക്കപ്പെട്ടത്. കുറച്ചു ദിവസങ്ങള്‍ക്കൊണ്ട് ലക്ഷകണക്കിനാളുകളാണ് വീഡിയോ കണ്ടത്.
വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയവരില്‍ ഭൂരിഭാഗവും തങ്ങളുടെ കുട്ടികാലത്തേക്ക് തിരിച്ച് പോയി. ഒരാളെഴുതിയത്, 'താനിപ്പോഴും അവനെ പോലെ അത് ചെയ്യാറുണ്ട്' എന്നായിരുന്നു. 'അവസാനം. ഞാനൊരാള് മാത്രമല്ല' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 'ആ പ്രശ്നവും പരിഹരിക്കപ്പെട്ടു. അവന് എല്ലായിപ്പോഴും ഒരു വഴി കണ്ടെത്തുന്നു. ' മൂന്നാമത്തെയാള്‍ കുറിച്ചു. ''ഇത്രയും നിഷ്കളങ്കത,'' എന്നായിരുന്നു വേറൊരാള് എഴുതിയത്. 'എത്ര നല്ല ഗണിതശാസ്ത്രജ്ഞന്' എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.






