
വളര്‍ത്തു മൃഗങ്ങളെ ഇന്ന് ഭൂരിഭാഗം ആളുകളും കുടുംബത്തിലെ ഒരു അംഗത്തെപോലെയാണ് കണക്കാക്കുന്നത്. പ്രത്യേകിച്ചും നായകളുടെ കാര്യത്തില്‍. വീട്ടിലെ എല്ലാവര്‍ക്കുമുള്ള പ്രധാന്യവും സുഖ സൗകര്യങ്ങളും ഇന്ന് ഈ മൃഗങ്ങള്‍ക്കും ലഭ്യമാകാറുണ്ട്. നേരത്തെ നായകളുടെ ഉടമകള്‍ എന്നാണ് മനുഷ്യരെ വിശേഷിപ്പിച്ചിരുന്നത് എങ്കില്‍ ഇന്ന് പലരും തങ്ങളെ നായയുടെ അച്ഛന്, അമ്മ എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. അവയ്ക്ക് വേണ്ടി എത്ര പണം ചെലവിടാനും പലരും ഒരുക്കമാണ്. അതിന് ഉദാഹരമാണ് ഇവിടെ ഒരു യുവാവ്. തന്റെ വളര്‍ത്തുനായയ്ക്കുവേണ്ടി 16 ലക്ഷത്തോളം വരുന്ന വീടാണ് ഈ യുവാവ് ഒരുക്കിയിരിക്കുന്നത്.
സര്‍വ്വ സുഖസൗകര്യങ്ങളും ഒരുക്കിയാണ് യുവാവ് നായയ്ക്കുവേണ്ടി 16 ലക്ഷത്തിന്റെ വീട് നിര്‍മിച്ചത്. യൂട്യൂബറായ ബ്രെന്റ് റിവേരയാണ് സുഹൃത്തുക്കളുടെ കൂടി സഹായത്തോടെ തന്റെ നായയ്ക്ക് വേണ്ടി ഈ മനോഹരമായ വീട് പണിതിരിക്കുന്നത്. മേല്‍ക്കൂരയുള്ള വീട്ടില്‍ സ്റ്റെയറും വേലിയും ഒക്കെ ഉണ്ട്. പെയിന്റ് ചെയ്തും അലങ്കരിച്ചും വീടിനെ കൂടുതല്‍ മനോഹരമാക്കിത്തീര്ത്തിട്ടുമുണ്ട്. കൂടാതെ വീട്ടില്‍ പ്രത്യേകമായി ഒരു ബെഡ്റൂമുണ്ട്. കൂടാതെ ഒരു മിനി ഫ്രിഡ്ജ്, ടിവി, നായയ്ക്ക് സ്വന്തമായി ഒരു വാര്‍ഡ്രോബ് എല്ലാം വീടിനകത്തുണ്ട്. ഒപ്പം, സ്റ്റെയറിന് മുകളില്‍ കുഷ്യന്‍സും തലയണയും ഒക്കെ വെച്ച് ഒരു ബെഡ്ഡും സെറ്റും ചെയ്തിട്ടുണ്ട്. ബീന്‍ ബാഗ്, കൗച്ച് എന്നിവയും ഈ വീടിന്റെ ഭാഗമാണ്.
ഈ വീടിന് പുറത്ത് ചാര്‍ളീസ് ഹൗസ് എന്നൊരു ബോര്‍ഡും വച്ചിട്ടുണ്ട്. നായയുടെ പിറന്നാളിന് ഉടമസ്ഥനായ ഈ യുവാവ് സമ്മാനം നല്‍കിയതാണ് പുതിയ വീട്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. മനോഹരമായ വീട് കണ്ട് നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്.






