
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ തോത് വര്‍ധിച്ചുവരുകയാണ്. നവജാതശിശുവിനെ കൊല്ലാന്‍ ശ്രമിച്ചതും, കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോകുന്ന മതാപിതാക്കളും അവര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണങ്ങളും തുടങ്ങി നിരവധി സംഭവങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴിതാ ഇത്തരത്തില്‍ മറ്റൊരു വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അച്ഛന് നല്കിയ കഞ്ചാവ് ചേര്‍ത്ത ചോക്ലേറ്റ് ബിസ്ക്കറ്റ് കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയ 11 വയസ്സുകാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലേഷ്യയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അച്ഛന് തന്നെയാണ് കുട്ടിക്ക് കഞ്ചാവ് ബിസ്ക്കറ്റ് നല്‍കിയത് എന്നാണ് പൊലീസ് നല്കുന്ന വിവരം. ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് തലകറക്കം, ഓക്കാനം, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ വീടിനോട് ചേര്‍ന്നുള്ള ഒരു പ്രാദേശിക ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ക്ലിനിക്കിലെ മെഡിക്കല്‍ അസിസ്റ്റന്റാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്.തുടര്‍ന്ന് പൊലീസ് എത്തി കൂടുതല്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പെണ്‍കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. 38 -കാരനായ കുട്ടിയുടെ പിതാവാണ് കഞ്ചാവ് കലര്‍ത്തി ചോക്ലേറ്റ് ബിസ്ക്കറ്റ് ഉണ്ടാക്കി കുട്ടിക്ക് നല്‍കിയത്. ബിസ്ക്കറ്റ് കഴിച്ചതോടെ അവശനിലയില്‍ ആയ കുട്ടിയെ ഇയാള്‍ തൊട്ടടുത്തുള്ള ക്ലിനിക്കില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു.
ശരീരത്തിലെ കഞ്ചാവിന്റെ അംശം കണ്ടെത്തുന്നതിനായി കുട്ടിയുടെ മൂത്രസാമ്പിള്‍ ഇതുവരെയും പരിശോധിക്കാന്‍ ആയിട്ടില്ലെങ്കിലും അച്ഛന്റെ മൂത്ര സാമ്പിളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടിയില്‍ കാണപ്പെടുന്ന സൈക്കോ ആക്റ്റീവ് ഘടകമായ ടെട്രാഹൈഡ്രോകന്നാബിനോള്‍ (THC) പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട്.






