
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ മധ്യവേനൽ അവധി ഏപ്രിൽ ആറ് മുതലായിരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇക്കുറി 210 പ്രവർത്തി ദിവസം ഉറപ്പാക്കാൻ വേണ്ടിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. മലയിൻകീഴ് സർക്കാർ സ്കൂളിൽ പ്രവേശനോത്സവ പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തുമ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്.
വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് സഹായകമാകും വിധം സ്കൂൾ ക്യാമ്പസിനെയും ക്യാമ്പസിനകത്തെ ഭൗതിക സൗകര്യവും മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2309 കോടി രൂപ കിഫ്ബി ധനസഹായത്തോടെ 973 സ്കൂളുകൾക്ക് ആധുനിക കെട്ടിടങ്ങൾ നിർമ്മിച്ചു. 1500 കോടി രൂപ ചെലവിൽ 1300 സ്കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കി.
നീതി ആയോഗ് തയ്യാറാക്കിയ സ്കൂൾ എജ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സ് പ്രകാരം പ്രഥമ സ്ഥാനത്താണ് കേരളം. ധനിക ദരിദ്ര വ്യത്യാസമില്ലാതെ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ സാങ്കേതിക വിദ്യ നിർഭയമായി ലഭ്യമാക്കിയ സംസ്ഥാനമായി കേരളം മാറിയെന്നും പറഞ്ഞു. 8 മുതൽ 12 വരെയുള്ള 45000 ക്ലാസ് മുറികൾ സാങ്കേതിക വിദ്യാ സൗഹൃദമാക്കി. മുഴുവൻ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിലും കമ്പ്യൂട്ടർ ലാബ് ഒരുക്കി. ഇന്ത്യയിൽ പ്രഥമ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമാണ് കേരളം. ആധുനിക സാങ്കേതിക വിദ്യ ക്ലാസ് മുറിയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സമഗ്ര പോർട്ടൽ സജ്ജമാക്കി. എല്ലാ സ്കൂളുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി.
ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം തുടങ്ങിയ മേഖലകളിൽ പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് പ്രത്യേക പദ്ധതിയും കോവിഡ് കാലത്ത് ഡിജിറ്റൽ, ഓൺലൈൻ ക്ലാസുകളും നടപ്പിലാക്കി. സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഇ-ഗവേണൻസ് ഫലപ്രദമായി നടപ്പിലാക്കി. കുട്ടികളിൽ ശുചിത്വ ശീലം ഉളവാക്കാൻ സമഗ്രമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം എന്ന ക്യാമ്പയിന് ആവശ്യമായ പ്രവർത്തന പദ്ധതി രൂപം നൽകിയിട്ടുണ്ട്.






