Authored by Web Desk | Last updated: 01 Jun 2023, 5:13 PM | 1 min read
photo-facebook
ന്യൂഡല്‍ഹി : ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു. ഫ്രാങ്കോയുടെ രാജി മാര്‍പാപ്പ സ്വീകരിച്ചു. ഇത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു. ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു.
ജലന്തര്‍ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്ന് ഫ്രാങ്കോ മുളയക്കല്‍ പറഞ്ഞു. ജലന്ധര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് വീഡിയോ സന്ദേശത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജി ഉന്നത കോടതിയുടെ പരിഗണനയിരിക്കെയാണ് രാജി. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ.
പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാര്‍ഥിച്ചവര്‍ക്കും കരുതലേകിയവര്‍ക്കും നന്ദി. താനൊഴുക്കിയ കണ്ണീര് സഭയുടെ നവീകരണത്തിന് കാരണമാകട്ടെ എന്നും രാജിവാര്‍ത്ത അറിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജലന്ധര്‍ ബിഷപ് ആയ ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട്ടെ മഠത്തില്‍ വച്ച് പരാതിക്കാരിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നും പ്രകൃഷതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നുമാണ് പരാതി. 2018 ജൂണ്‍ 27നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്തുവെങ്കിലും അന്വേഷണ പുരോഗതി ഉണ്ടാവുകയോ പ്രതിയുടെ അറസ്റ്റിലേക്ക് പോകുകയോ ചെയ്തില്ല.
ഇതോടെ കന്യാസ്ത്രീകള്‍ നീതിക്കു വേണ്ടി എറണാകുളം വഞ്ചിസ്ക്വയറില്‍ പ്രതിഷേധമിരുന്നു. ജനരോഷം അണപൊട്ടി പ്രതിഷേധത്തിനൊടുവില്‍ ബിഷപ് ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചുവരുത്തി പോലീസ് അറസ്റ്റു ചെയ്തു. മൂന്നു ദിവസം നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. പാലാ സബ് ജയിലില്‍ 21 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ബിഷപ് ഫ്രാങ്കോ ജാമ്യത്തിലിറങ്ങിയത്.
83 സാക്ഷികളുള്ള കേസില്‍ 39 പേരെ വിചാരണയ്ക്കിടെ വിസ്തരിച്ചു. കര്‍ദിനാളും ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും സാക്ഷിപറയാന്‍ എത്തിയ കേസായിരുന്നു ഇത്.