
സിനിമ റിവ്യൂകളിലൂടെ സൈബര്‍ ലോകത്ത് ള്രദ്ധേയനായ വ്യക്തിയാണ് ആറാട്ടണ്ണന് എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി. ഇപ്പോള്‍ സിനിമയെക്കുറിച്ച് മോശം റിവ്യൂ പറഞ്ഞെന്ന് ആരോപിച്ച് സന്തോഷ് വര്‍ക്കി കയ്യേറ്റത്തിന് ഇരയായിരിക്കുകയാണ്. വിത്തിന് സെക്കന്‍ഡ്സ് എന്ന സിനിമയെക്കുറിച്ച് മോശം പറഞ്ഞതിനായിരുന്നു സന്തോഷ് വര്‍ക്കി ആക്രമിക്കപ്പെട്ടത്. വനിത വിനീത തിയറ്ററില്‍ വെച്ചായിരുന്നു സംഭവം.
സിനിമ മുഴുവന്‍ കാണാതെ സന്തോഷ് വര്‍ക്കി മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ചായിരുന്നു തര്‍ക്കം. തിയേറ്ററിന് പുറത്ത് നിന്ന് ചിത്രത്തെക്കുറിച്ച് മോശം റിവ്യൂ പറയുകയായിരുന്ന ഇയാളെ ഒരാള്‍ ടീഷര്‍ട്ടിന് പിടിച്ച് നിര്‍ത്തുകയായിരുന്നു. അപ്പോഴേക്കും അമ്മുളളവരും എത്തി സന്തോഷ് വര്‍ക്കിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
10 മിനിറ്റ് മാത്രം കണ്ടാണ് സിനിമയെക്കുറിച്ച് സന്തോഷ് വര്‍ക്കി മോശം പറഞ്ഞതെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആരോപിച്ചത്. സിനിമ തുടങ്ങിയതിന് പിന്നാലെ സന്തോഷ് വര്‍ക്കി ഇറങ്ങിപ്പോവുകയായിരുന്നു എന്നും തിയേറ്ററിന്റെ പിന്നില്‍ പോയി മോശം അഭിപ്രായം പറയുകയായിരുന്നു. സന്തോഷിനെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും സിനിമയുടെ ഒരു രംഗം പറയാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.
35 മിനിറ്റ് സിനിമകണ്ടെന്നും മോശമായതുകൊണ്ടാണ് ഇറങ്ങിപ്പോയത് എന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്. അബൂബക്കര്‍ എന്നൊരു യൂട്യൂബര്‍ തന്നെ നിര്‍ബന്ധിച്ച് സിനിമയുടെ റിവ്യൂ പറയിപ്പിക്കുകയായിരുന്നുവെന്നും ഇനി ജീവിതത്തില്‍ ഒരു സിനിമയുടെയും റിവ്യൂ പറയില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി വിജേഷ് പി. വിജയന് സംവിധാനഗ ചെയ്ത ചിത്രമാണ് വിത്തിന് സെക്കന്‍ഡ്സ് . സുധീര്‍ കരമന, സിദ്ദിഖ്, അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂര്‍, സാന്റിനോ മോഹന്‍, ജെ.പി മണക്കാട്, നാരായണന്‍കുട്ടി, ഡോക്ടര്‍ സംഗീത് ധര്‍മരാജ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.






