
ഭൂമിയിലെ ജീവജാലങ്ങള്‍ക്കാവശ്യമായ മൂലകങ്ങളുടെ കലവറയാണ് സമുദ്രജലം. എന്നാല്‍ ഇപ്പോളിതാ സമുദ്രജലത്തില്‍ നിന്നും ഇന്ധനം നിര്‍മിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. എസ്എല്‍എസി നാഷണല്‍ ആക്സിലേറ്റര്‍ ലാബോറട്ടറി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി, ഒറിഗോണ്‍ യൂണിവേഴ്സിറ്റി, മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് ഹൈഡ്രജന്‍ ഇന്ധനം നിര്‍മിക്കാന്‍ കഴിയുന്ന ഉപകരണം രൂപകല്‍പ്പന ചെയ്തത്.
സാധാരണയായി ശുദ്ധജലത്തില്‍ നിന്നും ഉപ്പ് വേര്‍തിരിച്ച് വെള്ളത്തില്‍ നിന്നുമാണ് ഹൈഡ്രജന്‍ ഇന്ധനം നിര്‍മിക്കുന്നത്. എന്നാല്‍ പ്രത്യേക ഫില്‍റ്റര്‍ സംവിധാനം വഴി സമുദ്രജലത്തില്‍ നിന്ന് ഹൈഡ്രജനെ വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഫണല്‍ സിസ്റ്റത്തിലേക്ക് കടത്തിവിടുന്ന സമുദ്രജലം ഒരു ഡബിള്‍-മെംബ്രേന്‍ ഫില്‍ട്ടര്‍ സിസ്റ്റത്തിലേക്ക് എത്തുന്നു. വൈദ്യുതിയുടെ സഹായത്തോടെ അവിടെനിന്നും ഹൈഡ്രജനെ വേര്‍തിരിച്ചെടുക്കുന്നു.
ഹൈഡ്രജന്‍ നിര്‍മാണത്തിനിടെ പ്രകൃതിക്ക് ദോഷകരമാകുന്ന മറ്റൊരു ഉപഉല്പന്നങ്ങളും ഉണ്ടാകില്ലെന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത.കാര്‍ബണിന്റെ അംശം കുറഞ്ഞ ഈ ഹൈഡ്രജന്‍ ഇന്ധനം വാഹനങ്ങളില്‍ ഉപയോഗിക്കാം. മാത്രമല്ല ദീര്‍ഘകാലം സൂക്ഷിച്ചു വയ്ക്കാനും സാധിക്കും.






