
കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി കൊച്ചി കോർപറേഷൻ. സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണിത്. കൊച്ചി കോർപ്പറേഷനിലെ ജൈവ മാലിന്യ നീക്കം കടുത്ത പ്രതിസന്ധിയിലാണ്. ദേശീയപാതയിൽ ഉൾപ്പടെ മാലിന്യം കെട്ടികിടക്കുന്നു. കരാർ കമ്പനികൾ എത്തുന്നില്ലെന്നാണ് കൗൺസിലർമാരുടെ പരാതി.
നിലവിലുള്ള ഏജൻസികളെ കൊണ്ട് മാത്രം മാലിന്യ സംസ്കരണം നടക്കാത്ത സാഹചര്യത്തിൽ മറ്റ് സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. മാലിന്യ സംസ്കരണത്തിലെ ചെലവിലടക്കം വലിയ കുറവ് കൊണ്ടുവരാനായെന്നും ഇത് പലരെയും പ്രകോപിപ്പിക്കുന്നുണ്ടെന്നും മേയർ എം അനിൽകുമാർ കൊച്ചിയിൽ പറഞ്ഞു.
രണ്ട് ദിവസം മുൻപാണ് കോടതി നിർദേശം മറികടന്ന് ബ്രഹ്മപുരത്തേക്ക് വീണ്ടും കൊച്ചി കോർപ്പറേഷൻ്റെ മാലിന്യ നീക്കം ഉണ്ടായത്. ഫോർട്ട് കൊച്ചിയിൽ നിന്ന് 3 വണ്ടികളാണ് വീണ്ടും ബ്രഹ്മപുരത്തേക്ക് മാലിന്യം നിക്ഷേപിക്കാനെത്തിയത്. സംഭവം വിവാദമായതോടെ മേയർ ഇടപെട്ട് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുന്നത് നിർത്തിവെച്ചു.
ജൂൺ ഒന്ന് മുതൽ ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യവും കൊണ്ടു പോകരുതെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ബ്രഹ്മപുരം തീ പിടുത്തത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു നിർണായക ഇടപെടൽ.






