
ജലം ഇല്ലാതെ ജീവിക്കാന്‍ കഴിയുന്ന 62 ഇനം അപൂര്‍വ്വ സസ്യങ്ങളെ കണ്ടെത്തി ഗവേഷകര്‍. കടുത്ത നിര്ജ്ജലീകരണത്തിലും ഇവയ്ക്ക് അതിജീവിക്കാന്‍ കഴിയുമെന്നതാണ് പശ്ചിമഘട്ട മേഖലയില്‍ കണ്ടെത്തിയ ഈ സസ്യങ്ങളുടെ പ്രത്യേകത. മറ്റ് സസ്യജാലങ്ങള്‍ക്ക് വളര്‍ച്ച അതിജീവിക്കാന്‍ കഴിയാത്ത ഇടങ്ങള്‍, ജലം ദൗര്‍ലഭ്യം അനുഭവപ്പെടുന്ന മേഖലകള്‍ ഇവിടെയെല്ലാം ഈ സസ്യങ്ങള്‍ തഴച്ചു വളരും എന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തിയത്.
ഡെസിക്കേഷന്‍-ടോളറന്റ് വാസ്കുലാര്‍ എന്ന വിളിപ്പേരിലാണ് ഇവ അറിയപ്പെടുന്നത്. പൂണെയിലെ അഗാര്കാര് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരാണ് ഇവയെ കണ്ടെത്തിയത്. മുന്‍കാലങ്ങളില്‍ ഈ സസ്യങ്ങളെ സംബന്ധിക്കുന്ന പഠനങ്ങള്‍ കുറവായതിനാലാകാം ഇവയെകുറിച്ച് അറിയാന്‍ ഇത്രയും കാലതാമസം എടുത്തതെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇവയെ കണ്ടെത്തിയ ശേഷം വിശദ വിവരങ്ങള്‍ നോര്‍ഡിക് ജേണല്‍ ഓഫ് ബോട്ടണിയില്‍ പ്രസീദ്ധികരിക്കുകയും ചെയ്തു.
കണ്ടെത്തിയ 62 ഇനം സസ്യങ്ങളില്‍ 16 ഇനം ഇന്ത്യയില്‍ കാണപ്പെടുന്നവയും 12 എണ്ണം പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്നവയുമാണ്. മൂടിയ കാടുകളും ഇവയുടെ വളര്‍ച്ച സാധ്യമാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.






