
ജന്മനാ ഹൃദയ വൈകല്യവുമുള്ള ഒന്നേകാല്‍ വയസുള്ള കുഞ്ഞിന്റെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് എസ്.എ.ടി. ആശുപത്രി്. എസ്.എ.ടി. ആശുപത്രിയില്‍ ഇതാദ്യമായാണ് സയനോട്ടിക് ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ ചെയ്യുന്നത്. 2021 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഇതുവരെ നൂറോളം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയാണ് ഇവിടെ പൂര്‍ത്തീകരിച്ചിട്ടുളളത്.
കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ എസ്.എ.ടി. ആശുപത്രിയിലെ അംഗങ്ങളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി അഭിനന്ദിച്ചു. കൊല്ലം ഉറിയാക്കോവില്‍ സ്വദേശിയായ രാഹുലിന്റേയും അശ്വതിയുടേയും ഇരട്ട മക്കളില്‍ ഒരാളായ കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ ഹൃദയ വൈകല്യം ഗര്‍ഭാവസ്ഥയില്‍ തന്നെ ഫീറ്റല്‍ എക്കോയുടെ സഹായത്തോടെ കണ്ടുപിടിച്ചിരുന്നു. തുടര്‍ന്ന് പ്രസവാനന്തരം എസ്.എ.ടി. ആശുപത്രിയില്‍ കുഞ്ഞിന് തുടര്‍ ചികിത്സ നടത്തി വരികയായിരുന്നു.
കുഞ്ഞിന്റെ ശസ്ത്രക്രിയ മേയ് 31നാണ് പൂര്‍ത്തിയാക്കിയത്. കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നു. കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. വിനു, ഡോ. നിവിന്‍, ഡോ. സുരേഷ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. അരുണ്‍ ഡോ. ഡിങ്കിള്‍ എന്നിവരാണ് ഹൃദയം നിര്‍ത്തിവെച്ചുകൊണ്ടുളള ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.






