
കേടുപടുകള്‍ സംഭവിച്ച് വികൃതമാക്കപ്പെട്ട ഒരു പാവ ലേലത്തില്‍ വിറ്റ് പോയ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ഒരു കാല് ഉള്‍പ്പെടെ നഷ്ടപ്പെട്ട ഈ പാവ യുകെയില്‍ നടന്ന ലേലത്തില്‍ 53, 000 പൗണ്ടിനാണ് വിറ്റുപോയത്. അതായത് ഏകദേശം 52 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക്. 'കമ്മര്‍ & റെയിന്‍ഹാര്‍ഡ് 102 വാള്‍ട്ടര്‍ ബിസ്ക് സോക്കറ്റ് ഹെഡ് ആന്റിക് ഡോള്‍' എന്നറിയപ്പെടുന്ന ഈ പാവ, അപൂര്‍വ്വ കളിപ്പാട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് എന്നാണ് ലേല കമ്പനി വെളിപ്പെടുത്തിയത്.
'ലോകത്തിലെ ഏറ്റവും അപൂര്‍വമായ പാവ' എന്ന വിശേഷണം നല്‍കികൊണ്ടായിരുന്നു കമ്പനി പാവയെ ലേലത്തില്‍ അവതരിപ്പിച്ചത്. ടീസൈഡ് ആസ്ഥാനമായുള്ള വെക്റ്റിസ് എന്ന സ്ഥാപനമാണ് ലേലം നടത്തിയത്. അമേരിക്കകാരനായ ഒരു വ്യക്തിയാണ് ഇത്രയും വലിയ തുക മുടക്കി പാവയെ സ്വന്തമാക്കിയത്. 12 ലക്ഷത്തിനും 17 ലക്ഷത്തിനും ഇടയിലുള്ള തുകയാണ് ലേലത്തിലൂടെ പാവയ്ക്ക് ലഭിക്കുകയെന്നാണ് വെക്റ്റിസ് ഔദ്യോഗിക വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ടാണ് അതിശയിപ്പിക്കുന്ന വിലയില്‍ ലേലം നടന്നത്.
പാവയുടെ പേര് ഇതുവരെ വില്‍പ്പനക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. തങ്ങള്‍ക്ക് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് കിട്ടിയ പാവയാണിതെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. തന്റെ മുത്തശ്ശിയുടെ കൈയിലാണ് ആദ്യമായി ഇത് കണ്ടതെന്നും എന്നാല്‍, അതിന് മുന്‍പേ ഇത് തങ്ങളുടെ കുടുംബത്തില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. തങ്ങളുടെ സ്വീകരണ മുറിയിലെ ഒരു പ്രധാന അംഗമായിരുന്നു പാവയെങ്കിലും ഒരിക്കല്‍ വീട്ടിലെ വളര്‍ത്തുനായ കടിച്ചു പറിച്ചതോടെയാണ് പാവയുടെ കാലുകള്‍ നഷ്ടപ്പെടുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതെന്നാണ് ഇദ്ദേഹം പറയുന്നത്. പാവയുടെ മോഡലിംഗിലെ ഭംഗിയും ഭാവതീവ്രമായ മുഖവും എടുത്തുകാട്ടിയാണ് കമ്പനി പാവയെ ലേലത്തില്‍ അവതരിപ്പിച്ചത്.






