ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലെ അംഗത്വം ഉടന്‍ രാജിവയ്ക്കുകയാണെന്ന് അറിയിച്ച് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. പാര്‍ലമെന്റിനെ ബോറിസ് തെറ്റിദ്ധരിപ്പിച്ചുവെന്ന പരാതിയില്‍ പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കേയാണ് അടിയന്തരമായി അദ്ദേഹം രാജി പ്രഖ്യാപിക്കുന്നത്. ഉക്സ്ബ്രിഡ്ജ് സൗത്ത് റുയിസ്ളിപ് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ബോറിസ് ജോണ്സണ്. വിവാദത്തിനു പിന്നാലെ ബോറിസ് പ്രധാനമന്ത്രി പദം ഒഴിഞ്ഞിരുന്നു.
കോവിഡ് ലോക്ഡൗണ്‍ കാലത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റില്‍ പാര്‍ട്ടി സംഘടിപ്പിപ്പുവെന്നതാണ് ബോറിസ് ജോണ്‍സണെതിരായ ആരോപണം. പാര്‍ട്ടി ഗേറ്റ് വിവാദം എന്നാണ് ഇതറിയപ്പെടുന്നത്. ആരോപണത്തില്‍ താന്‍ എ.പിമാരെ തെറ്റിദ്ധരിപ്പിച്ചോ എന്നതില്‍ പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ തനിക്ക് ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നും അദ്ദേഹം പറയുന്നു.
തനിക്കെതിരായ അന്വേഷണം തന്റെ എം.പി സ്ഥാനം രാജിവയ്പ്പിക്കുന്നതിന് അവര്‍ ഉപയോഗിച്ചുവെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ബോറിസ് ജോണ്സണ് പ്രതികരിച്ചു. എന്നാല്‍ ബോറിസിനെതിരെ കമ്മിറ്റി എന്ത് നടപടിയാണ് ശിപാര്‍ശ ചെയ്തിരിക്കുന്നതെന്ന്് വ്യക്തമല്ല. ഹൗസ് ഓഫ് കോമണ്‍സില്‍ നിന്ന് 10 ദിവസമോ അതില്‍ കൂടുതലോ സസ്പെന്ഷന് ശിപാര്‍ശ ചെയ്തേക്കാം. അത് നടപ്പാക്കാന്‍ എം.പിമാരുടെ അനുമതി വേണം. ഈ നീക്കത്തെ മണ്ഡലത്തിലെ 10% പേര് അനുകൂലിച്ചാല്‍ അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വരികയും ഉപതിരഞ്ഞെടുപ്പിലേക്ക് പോകുകയും ചെയ്യും. ഇതെല്ലാം മുന്നില്‍ കണ്ടാണ് ബോറിസ് നേരത്തെ രാജി പ്രഖ്യാപിച്ചതും മണ്ഡലത്തിലെ തന്റെ അനുയായികളോട് ഉപ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ നിര്‍ദേശിച്ചതും.






