കൊച്ചി: ഹൈക്കോടതി വിധിയുടെ മറവില്‍ വിവിധ സര്‍വകലാശാലകളില്‍ പിഎച്ച്.ഡി. പ്രവേശനം നേടുന്നവരുടെ എണ്ണം പെരുകുന്നു. എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യ പിഎച്ച്.ഡി. പ്രവേശനം നേടിയതു വിജ്ഞാപനം തിരുത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്നു പരാതിയുമായി നിരവധിപേര്‍ രംഗത്ത്.
2019-ല്‍ കാലടി സര്‍വകലാശാലയുടെ ആദ്യ വിജ്ഞാപനപ്രകാരം 10 സീറ്റാണ് പിഎച്ച്.ഡിക്കുണ്ടായിരുന്നത്. ഇതുതിരുത്തി വിദ്യ ഉള്‍പ്പെടെ 15 പേര്‍ക്കു പ്രവേശനം നല്കി. ആദ്യ വിജ്ഞാപനത്തില്‍ പിഎച്ച്.ഡി. പ്രവേശനം നിഷേധിച്ചതിനെതിരേ വിദ്യ സര്‍വകലാശാലയ്ക്കു നല്കിയ കത്തും പുറത്തുവന്നിട്ടുണ്ട്.
ഇത്തരത്തില്‍ ഒരോവര്‍ഷവും നിരവധിപേരാണു വിവിധ വകുപ്പുകളില്‍ അനധികൃതമാര്‍ഗത്തിലൂടെ കാലടി സര്‍വകലാശാലയില്‍ പിഎച്ച്.ഡി. പ്രവേശനം നേടുന്നത്. ഈ വര്‍ഷം മലയാളം വിഭാഗത്തില്‍ ഒമ്പതു പിഎച്ച്.ഡി. ഒഴിവുകളാണു വിജ്ഞാപനം ചെയ്തിരുന്നത്. പിന്നീട് ഇഷ്ടക്കാര്‍ക്കു പ്രവേശനം നല്കാന് സൂപ്പര്‍ ന്യൂമററിയായി ഒന്‍പതു പേരെ കൂടി ഉള്‍പ്പെടുത്തി 18 ഒഴിവുകളുണ്ടാക്കി. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവരെ മാത്രമേ സൂപ്പര്‍ ന്യൂമററിയായി എടുക്കാന്‍ പാടുള്ളൂവെന്നാണു വ്യവസ്ഥ. എന്നാല്‍, പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണു ഇത്തരത്തില്‍ പ്രവേശനം നേടുന്നത്.
ഇതിനെതിരേ അര്‍ഹരായ മറ്റു വിദ്യാര്‍ഥികള്‍ പരാതിപ്പെടുമ്പോള്‍, സര്‍വകലാശാല താല്‍ക്കാലികമായി പട്ടിക മരവിപ്പിക്കും. ഇതു ചോദ്യംചെയ്തു പട്ടികയിലുള്ളവര്‍ സര്വകലാശാലാഉന്നതരുടെ ഒത്താശയോടെ െഹെക്കോടതിയെ സമീപിക്കും. കക്ഷികള്‍ ഒത്തുകളിക്കുന്നതോടെ മുന്‍കാല വിധികളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലയ്ക്കു യുക്തമായ തീരുമാനമെടുക്കാമെന്ന െഹെക്കോടതിവിധി ഫലത്തില്‍ പരാതിക്കാര്‍ക്ക് അനുകൂലമാകും.
ഇത്തരത്തില്‍ ഈ വര്‍ഷം നല്‍കിയിട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജെ.ആര്.എഫ്. അടക്കം അധിക യോഗ്യതകള്‍ ഇല്ലാത്തവര്‍ക്കുള്ള പിഎച്ച്.ഡി. പ്രവേശനത്തിനായി സര്‍വകലാശാല പ്രവേശന പരീക്ഷ നടത്തിയിരുന്നു. തുടര്‍ന്നാണു സര്‍വകലാശാല പട്ടിക പുറത്തുവിട്ടത്. ഇതില്‍ വിദ്യയുടെ പേരുണ്ടായിരുന്നില്ല.
ഇതോടെ എഴുത്തുപരീക്ഷയ്ക്കു തനിക്ക് ഒന്നാം റാങ്കുണ്ടെന്നും അത് ഇന്റര്‍വ്യൂവില്‍ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി വിദ്യ സര്‍വകലാശാലയ്ക്കു കത്തു നല്‍കുകയായിരുന്നു. എഴുത്തുപരീക്ഷയ്ക്കു ലഭിച്ച മാര്‍ക്കുകൂടി പരിഗണിച്ച് പ്രവേശന നടപടികള്‍ പുനഃപരിശോധിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. തുടര്‍ന്ന് ഈ കത്ത് പരിഗണനയ്ക്കെടുത്താണു വിദ്യ ഉള്‍പ്പെടെ 15 പേര്‍ക്കു പ്രവേശനം ലഭിച്ചത്.
'ആവിഷ്കാര സ്വാതന്ത്ര്യനിഷേധം മലയാള സാഹിത്യ ജനുസുകളില്‍: ഇന്ത്യന്‍ ഭരണഘടനയുടെ 19-ാം അനുച്ഛേദം ആസ്പദമാക്കിയുള്ള പഠനം'- എന്നാണ് മലയാള വിഭാഗ ഗവേഷണത്തിനായി വിദ്യ തെരഞ്ഞെടുത്തത്. ഈ വിഷയത്തില്‍ ഡോ. ബിച്ചു എക്സ്. മലയില്‍ െഗെഡായി പ്രവര്‍ത്തിക്കണമെന്നു തനിക്കു വാഗ്ദാനം ചെയ്തതായും കത്തില്‍ സൂചിപ്പിച്ചിരുന്നു.






