
യുവാക്കള്‍ക്കിടയില്‍ ഇന്ന് നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് പ്രണയ തകര്ച്ചകള്. പലര്‍ക്കും ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ വലിയ ധാരണ ഉണ്ടാകില്ല. പ്രണയം തകര്‍ന്നാല്‍ കൂടുതല്‍ പേരും മാനസികമായി ഏറെ തളര്‍ന്നുപോകാറുണ്ട്. വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് ഇത്തരം പ്രതിസന്ധികളെ വളരെ വേഗം അതിജീവിക്കുന്നത്. എന്നാല്‍ പ്രായമായവര്‍ക്ക് ഇക്കാര്യങ്ങളില്‍ കുറേക്കൂടി വിശാലമായ കാഴ്ചപ്പാടും പക്വതയാര്‍ന്ന നിര്‍ദേശങ്ങളുമാണ് തരാനുള്ളത്. ഇതിന് ഉദാഹരമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു മുത്തശ്ശിയുടെ വീഡിയോ. ജീവിതത്തില്‍ ബ്രേക്ക് ഉണ്ടായാല്‍ അതിനെ എങ്ങനെ അതിജീവിച്ച് മൂന്നോട്ട് പോകണമെന്ന് കൊച്ചു മകള്‍ക്ക് ഉപദേശിച്ചു കൊടുക്കുകയാണ് ഈ മുത്തശ്ശി.
പ്രണയം തകര്‍ന്നു കഴിഞ്ഞാല്‍ അല്ലെങ്കില്‍ ബ്രേക്കപ്പായാല്‍ ഉടനെ ജീവിതം തീര്‍ന്നുവെന്ന് കരുതി വിഷമിച്ചിരിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന വാക്കുകളാണ് മുത്തശ്ശി പങ്കുവയ്ക്കുന്നത്. കണ്ടന്റ് ക്രിയേറ്ററായ കാവ്യയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാവ്യയുടെ മുത്തശ്ശി തന്നെയാണ് വീഡിയോയില്‍ ഉള്ളത്. 'ഒരാള്‍ പോയാലെന്താണ്, അടുത്തയാളെ അന്വേഷിക്കണം. എന്തിന് വേണ്ടി, ആര്‍ക്ക് വേണ്ടി ദുഖിക്കണം. ആകെയുള്ള ഒരേയൊരു ജീവിതം സങ്കടപ്പെട്ട് കളയുവാനുള്ളതാണോ? ഇവിടെയെന്താ ആണ്‍കുട്ടികള്‍ക്ക് പഞ്ഞമാണോ, ഒരാള്‍ പോയാല്‍ വേറെ ആള് വരും. അതും മറ്റെയാളെക്കാള്‍ വളരെ നല്ല ആളായിരിക്കും വരുന്നത്...'- അമ്മൂമ്മ പറയുന്നു.
പരസ്പരം യോജിച്ചുപോകാന്‍ കഴിയാത്ത ബന്ധങ്ങളില്‍ നിന്ന് പുറത്തു കടക്കണമെന്നും നമ്മളെ താത്പര്യം ഇല്ലാത്ത ആളുകളുമായി ഒത്തുപോകുന്നതില്‍ അര്‍ത്ഥമില്ലെന്നും മുത്തശ്ശി ഉപദേശിക്കുന്നുണ്ട്. എല്ലാത്തിനെയും നമ്മള് ചെറുതായി കണ്ടാല്‍ ഏത് ദുഃഖത്തെയും മറികടക്കാന്‍ കഴിയുമെന്നാണ് മുത്തശ്ശിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്. പലര്‍ക്കും മുത്തശ്ശിയുടെ വാക്കുകള്‍ ഏറെ സന്തോഷവും ആശ്വാസവും പകര്‍ന്നിരിക്കുകയാണ്.






