
പോങ്യാങ്: ആത്മഹത്യാ നിരക്ക് വര്‍ധിച്ചതോടെ ഉത്തരക്കൊറിയയില്‍ വിചിത്ര ഉത്തരവിറക്കി രംഗത്തെത്തിയിരിക്കുകയാണ് ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്ത് ആത്മഹത്യ തടയാന്‍ കിം രഹസ്യ ഉത്തരവ് പുറപ്പെടുവിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്യുന്നത് സോഷ്യലിസത്തിനെതിരായ രാജ്യദ്രോഹം- എന്നാണ് കിം അഭിപ്രായപ്പെടുന്നത്. ആത്മഹത്യ തടയുന്നതിന് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശിക സര്‍ക്കാരുകളോട് ഉത്തരവിടുകയും ചെയ്തു. ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
മെയ് അവസാനം പുറത്തുവന്ന ദക്ഷിണ കൊറിയന്‍ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആത്മഹത്യകള്‍ 40% ആണ് വര്‍ധിച്ചിരിക്കുന്നത്. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് കൂടുതല്‍ ആളുകളും ആത്മഹത്യ തിരഞ്ഞെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതോടൊപ്പം രാജ്യത്തെ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നുണ്ടെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ചോങ്ജിനിലും സമീപത്തുള്ള ക്യോങ്സോങ് കൗണ്ടിയിലും 35 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിക്ക കേസുകളിലും മുഴുവന്‍ കുടുംബങ്ങളും ഒരുമിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. രാജ്യത്തെയും സാമൂഹിക വ്യവസ്ഥിതിയെ വിമര്‍ശിക്കുന്ന ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെത്തിയത് അധികൃതരെ ഞെട്ടിച്ചുവെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മിക്ക ആത്മഹത്യകളും കടുത്ത ദാരിദ്ര്യവും പട്ടിണിയും മൂലമാണെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നുണ്ട്.






