
‘മന്നത്ത്’ എന്ന് കേള്‍ക്കുമ്പോഴേ ആരാധകര്‍ക്ക് ഓര്‍മ്മ വരുന്നത് ബോളിവുഡ് കിംഗ് ഖാന് ഷാരൂഖ് ഖാന്റെ പേരാണ്. അതിനു മുന്നില്‍ തങ്ങളുടെ താരത്തെ കാണാന്‍ മിക്കപ്പോഴും ആരാധകര്‍ തടിച്ചു കൂടാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മന്നത്തിനു ചുറ്റും കൂടിയത് ഒരു വലിയ ജനാവലിയാണ്. ഈ മാസം 18-ന് ഷാരൂഖ് നായകനായ പഠാന് എന്ന ചിത്രം ടെലിവിഷന്‍ പ്രീമിയറിന് തയ്യാറെടുക്കവേയാണ് സ്വവസതിക്കുമുന്നില് വെച്ച് ഷാരൂഖ് ആരാധകരെ കണ്ടത്. നിരവധി പേരാണ് ഇഷ്ടനായകനെ കാണാന്‍ മന്നത്തിന് മുന്നില്‍ തടിച്ചുകൂടിയിരുന്നത്. വെറുതെ അവിടെയെത്തി ആരാധകരെ കാണുക മാത്രമല്ല പഠാനിലെ ‘ഝൂമേ ജോ പഠാന്’ എന്ന ഗാനത്തിലെ ചുവടുകള്‍ക്കൊപ്പം തന്റെ പ്രശസ്തമായ പോസും ഷാരൂഖ് ആരാധകര്‍ക്ക് നല്കി. ഇതിനു മറുപടി ആരാധകര്‍ ചെയ്തത് ആകട്ടെ ഗിന്നസ് റെക്കോര്‍ഡിനു പറ്റുന്ന കാര്യമാണ്. ഷാരൂഖിന്റെ സ്വതസിദ്ധമായ ആ പോസിന്റെ പുനരാവിഷ്കാരമാണ്. മുന്നൂറോളം പേരാണ് ഒരേസമയം ഈ പോസ് ഷാരൂഖ് ഖാന്റെ മുന്നില്‍ത്തന്നെ അവതരിപ്പിച്ചത്. ഒരു താരത്തിന്റേതായ പോസ് ഏറ്റവും കൂടുതലാളുകള്‍ ഒരേസമയം ചെയ്തതാണ് ഷാരൂഖ് ആരാധകരെ ഈ ഗിന്നസ് നേട്ടത്തിലേക്ക് നയിച്ചത്.
തന്റെ ആരാധകരെ കാണാനായി ഷാരൂഖ് വീടിന് പുറത്തേയ്ക്കിറങ്ങുന്നത് ജന്മദിനം പോലുള്ള പല വിശേഷാവസരങ്ങളിലാണ്. ഷാരൂഖ് ഖാന് മന്നത്തിലെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് ആരാധകരെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്.
ജൂണ്‍ 18 ന് പഠാന് ഉടന്‍ സ്റ്റാര്‍ ഗോള്‍ഡ് ചാനലിലൂടെ പ്രേക്ഷകരിലേക്കെത്തും. ചിത്രം സംപ്രേഷണം ചെയ്യുമെന്ന ഒരു ഔദ്യോഗിക പ്രഖ്യാപനം ചാനലിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ചിത്രം സംപ്രേഷണം ചെയ്യുന്നതിനു മുന്നോടിയായി ചാനലിന്റെ ലോഗോയുള്ള ടീ ഷര്‍ട്ടുകള്‍ അണിഞ്ഞാണ് ആരാധകര്‍ ഷാരൂഖിന്റെ വീടിനു മുന്നിലെത്തിയത്. അറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാന്, രാജ്കുമാര് ഹിറാനിയുടെ ഡങ്കി എന്നിവയാണ് ഷാരൂഖ് നായകനായി വരാനിരിക്കുന്ന ചിത്രങ്ങള്‍. സല്മാന് ഖാന് നായകനാവുന്ന ടൈഗര്‍ 3-യില്‍ പഠാനിലെ അതേ കഥാപാത്രമായി അതിഥി വേഷത്തില്‍ ഷാരൂഖ് ഖാന് എത്തുന്നുണ്ട്. ഷാരൂഖിന്റെ പഠാന് എന്ന ചിത്രത്തില്‍ ടൈഗര്‍ സീരീസിലെ കഥാപാത്രമായി സല്മാന് ഖാന് എത്തിയിരുന്നു.






