
കായികപ്രേമികള്‍ക്ക് എന്നും ആവേശവും ആരാധനയുമാണ് കാല്‍പ്പന്തുകളി. ഫുട്ബോളിന്റെ കഴിഞ്ഞ ലോകകപ്പ് മത്സരവും അര്‍ജന്റീനയുടെ വിജയവും മെസ്സി ലോകകപ്പ് നേടിയതുമൊക്കെ വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. മെസ്സിയെപ്പോലെ തന്നെ മത്സരത്തില്‍ തിളങ്ങിയ താരമാണ് എംബാപ്പേ. അതിനു മുമ്പ് ഒരിക്കല്‍ എംബാപ്പേ പറഞ്ഞ ലാറ്റിനമേരിക്കൻ ഫുട്ബോളിന് മതിയായ നിലവാരമില്ലെന്ന വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയ അതിനെ പരിഹസിച്ച് ട്വിറ്ററില്‍ കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലാറ്റിനമേരിക്കൻ ശക്തികളായ യുറുഗ്വേ അണ്ടര്‍ 20 ലോകകപ്പ് ജേതാക്കളായതിന് പിന്നാലെയായിരുന്നു ടാപിയ എംബാപ്പെയെ പരിഹസിച്ച് രംഗത്തെത്തിയത്. ഇറ്റലിയെ പരാജയപ്പെടുത്തി ലാറ്റിനമേരിക്കൻ രാജ്യമായ യുറുഗ്വേ അണ്ടര്‍ 20 ലോകകപ്പ് ജേതാക്കളായതിന് പിന്നാലെയാണ് ടാപിയ ട്വിറ്ററില്‍ കുറിച്ചത്. ‘‘നിലവിലെ ലോകകപ്പ് ജേതാക്കള്‍ അര്‍ജന്റീനയാണ്. അതോടൊപ്പം തന്നെ അണ്ടര്‍ 17 ലോകകപ്പിലും ഒളിമ്പിക്സിലും ബ്രസീലാണ് വിജയികള്‍. ഇപ്പോഴിതാ അണ്ടര്‍ 20 ലോകകപ്പും യുറുഗ്വേയിലൂടെ ലാറ്റിനമേരിക്കൻ മണ്ണിലെത്തിയിരിക്കുന്നു. പിന്നെ എങ്ങനെയാണ് ലാറ്റിനമേരിക്കൻ ടീമുകള്‍ക്ക് യൂറോപ്യൻ രാജ്യങ്ങളുടെ നിലവാരമില്ലെന്ന് എംബാപ്പെ പറഞ്ഞത്...’ എന്നാണ് ടാപിയ കുറിച്ചത്. ഒപ്പം ലോകകപ്പ് നേടിയ ചിത്രങ്ങളും ടാപിയ പങ്കുവച്ചിട്ടുണ്ട്.
2022 ലോകകപ്പ് ആരംഭിക്കുന്നതിന് ഏകദേശം ആറു മാസങ്ങള്‍ക്ക് മുമ്പ് നല്കിയ അഭിമുഖത്തിലായിരുന്നു ലാറ്റിനമേരിക്കൻ ഫുട്ബോളിനെതിരെ എംബാപ്പെയുടെ പരാമര്‍ശം. ‘ദക്ഷിണ അമേരിക്കയ്ക്ക് യൂറോപ്പിന്റേത് പോലെയുള്ള നിലവാരമില്ല. യൂറോപ്പിലേതുപോലെ അവിടെ ഫുട്ബോള്‍ അത്ര പുരോഗമിച്ചിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളിലെല്ലാം യൂറോപ്യന്‍ ടീമുകള്‍ വിജയിച്ചത്.’ എംബാപ്പെ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് ലോകകപ്പ് ഫൈനലില്‍ ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടമുയര്‍ത്തിയാണ് അര്‍ജന്റീന എംബാപ്പെയോട് മറുപടി പറഞ്ഞത്.







Comments