
തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ആവേശക്കടലാക്കി വെസ്റ്റിന്‍ഡീസിന്റെ ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ അപ്രതീക്ഷിത പ്രകടനം.
കൊച്ചി ബ്ലൂ ടൈഗേഴ്സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ നടന്ന കേരളാ ക്രിക്കറ്റ് ലീഗ് മത്സരത്തിന് ശേഷമാണ് കാണികള്‍ക്ക് ആവേശമായി ''യൂണിവേഴ്സ് ബോസ്'' മൈതാനത്തിറങ്ങിയത്. ആരാധകര്‍ക്ക് വേണ്ടി ബാറ്റെടുത്ത ഗെയ്ല് ഗ്രീന്‍ഫീല്‍ഡില്‍ സിക്സര്‍ മഴ പെയ്യിച്ചു.
മലയാളിയും മുന്‍ ഇന്ത്യന്‍ താരവുമായ എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവല്‍, ടൈറ്റന്‍സിന്റെ യുവതാരം മുഹമ്മദ് ഇനാന് എന്നിവര്‍ ഗെയ്ലിന് പന്തെറിഞ്ഞു. പന്തുകളെല്ലാം ഗെയ്ല് അനായാസം ബൗണ്ടറി കടത്തി. ഗെയ്ലിന്റെ ഓരോ സിക്സറിനും ആര്പ്പുവിളികളുണ്ടായി. ബാറ്റ് ചെയ്യാന്‍ ശ്രീശാന്തും ഇറങ്ങി. ശ്രീശാന്തിനെതിരെ ഗെയ്ല് തന്നെ പന്തെറിഞ്ഞു. വീണ്ടും ബാറ്റ് എടുത്ത ഗെയ്ല് വെടിക്കെട്ട് തുടര്‍ന്നു. കിടിലന്‍ നര്‍മബോധം കൊണ്ടും ഗെയ്ല് ആരാധകരുടെ മനംകവര്‍ന്നു. ശ്രീശാന്തിന്റെ ശിക്ഷണത്തില്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ അനുകരിച്ച ഗെയ്ല്, സദസിനെ നോക്കി ''എന്താ മോനെ ദിനേശാ...'' എന്ന് പറഞ്ഞത് ചിരിപ്പൂരമൊരുക്കി. ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സെക്രട്ടറി വിനോദ് എസ്. കുമാര്‍ ഗെയ്ലിനെ ആദരിച്ചു.
യുവ ക്രിക്കറ്റ് പ്രതിഭകള്‍ക്ക് കഴിവ് തെളിയിക്കാനുള്ള മികച്ച വേദിയാണ് കേരള ക്രിക്കറ്റ് ലീഗെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മാര്‍ഗദര്‍ശി കൂടിയായ ഗെയ്ല് പറഞ്ഞു. കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം തിരുവനന്തപുരം ഹയാത്ത് റീജന്‍സില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണു ഗെയ്ല് മനസ് തുറന്നത്. കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് ജോര്‍ജ് മാനുവല്‍, നായകന് സാലി സാംസണ്, താരം ബേസില്‍ തമ്പി എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
ബ്ലൂ ടൈഗേഴ്സിന്റെ ഭാഗമാകാന്‍ തന്നെ തെരഞ്ഞെടുത്തതിലും കേരളത്തിലേക്ക് ക്ഷണിച്ചതിലും ടീം ഉടമ സുഭാഷ് ജോര്‍ജ് മാനുവലിന് നന്ദി പറഞ്ഞാണ് ഗെയ്ല് ആരംഭിച്ചത്. മുമ്പും കേരളത്തില്‍ വന്നിട്ടുണ്ടെന്നും ഈ മണ്ണിലേക്ക് വീണ്ടുമെത്താന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും ഗെയ്ല് പറഞ്ഞു.
കേരളത്തില്‍ കഴിവുറ്റ ഒട്ടനവധി കളിക്കാരുണ്ട്. അവര്‍ക്കുള്ള മികച്ച അവസരമാണ് കെ.സി.എല്‍. ഉയര്‍ന്ന നിലവാരമുള്ള പ്രാദേശിക ലീഗ് മത്സരങ്ങളിലൂടെയാണു രാജ്യദന്തര തലത്തിലേക്ക് പുതിയ പ്രതിഭകള്‍ ഉയര്‍ന്നു വരേണ്ടതെന്നും ഗെയ്ല് അഭിപ്രായപ്പെട്ടു. ബ്ലൂ ടൈഗേഴ്സിന്റെ മെന്ററുടെ റോള്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റിലെ പരിചയ സമ്പത്തും പിച്ചിലെ തന്ത്രങ്ങളും കേരളത്തിലെ വളര്‍ന്നുവരുന്ന യുവതാരങ്ങളുമായി നേരിട്ട് പങ്കുവെക്കുകയാണു തന്റെ ലക്ഷ്യം. നിലവില്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വെസ്റ്റിന്‍ഡീസ് ടീം വൈകാതെ തന്നെ ശക്തമായി തിരിച്ചുവരുമെന്ന പ്രത്യാശയും അദ്ദേഹംപങ്കുവച്ചു. കേരളത്തിലെ തനത് ഭക്ഷണ രീതികളെക്കുറിച്ചും പ്രത്യേകിച്ച് നാടന്‍ മീന്‍ വിഭവങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണെന്നും ഗെയ്ല് പറഞ്ഞു.







Comments