
നോയ്ഡ: ഫ്ളാറ്റിന് പുറത്ത് ലുങ്കിയും നൈറ്റിയും ധരിച്ചുകൊണ്ട് പോകരുതെന്ന അപ്പാര്‍ട്ട്മെന്റ് ഉടമകളുടെ നിര്‍ദേശം വിവാദമാകുന്നു. ഗ്രേറ്റര്‍ നോയ്ഡയിലെ സെക്ടര്‍ ഫി 2 വിലെ അപ്പാര്‍ട്ട്മെന്റ് ഉടമകളുടെ സംഘടനയാണ് താമസക്കാര്‍ക്ക് ഡ്രസ്കോഡുമായി എത്തിയത്.
ജൂണ്‍ 10ന് ഹിമസാഗര്‍ അപ്പാര്‍ട്ട്മെന്റ് താമസക്കാര്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറില്‍ അവരുടെ ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ ഫ്ളാറ്റിന് പുറത്ത് ലുംഗിയും നൈറ്റിയും ധരിക്കരുതെന്ന് അപേക്ഷിച്ചു. സര്‍ക്കുലറിനെ ചുരുക്കം ചിലര്‍ മാത്രമാണ് അനുകൂലിച്ചത്. ഭൂരിഭാഗവും വസ്ത്രം തങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും സ്വകാര്യതയുമാണെന്നും അതില്‍ കൈകടത്തേണ്ടെന്നും തുറന്നടിച്ചു. അതേസമയം തങ്ങള്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ വിവേചനം കാട്ടാനല്ല സൗമ്യമായി അപേക്ഷിക്കുകയാണ് ചെയ്തതെന്ന് അപ്പാര്‍ട്ട്മെന്റ് ഓണേഴ്സ് അസോസിയേഷന് പറഞ്ഞു.
ദിവസേനെയുള്ള യോഗയിലുംമറ്റും ആള്ക്കാര് അയഞ്ഞ വസ്ത്രം ധരിച്ചു വരുന്നതായി പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഈ മാര്‍ഗ്ഗരേഖയെന്ന് അസോസിയേഷന് പറഞ്ഞു. ലുംഗി ധരിച്ചുകൊണ്ട് ഒരു മുതിര്‍ന്ന പൗരന് യോഗയ്ക്ക് പോകുന്നതായി ഒരു യുവതിയുടെ പരാതി കിട്ടിയിരുന്നതായും ആദ്യം ആള്‍ക്കാരോട് ഇക്കാര്യത്തില്‍ അപേക്ഷിച്ചെന്നും അതിന് ശേഷമാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
''പൊതുസ്ഥലത്ത് കറങ്ങുമ്പോള്‍ പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് താമസക്കാരോട് അഭ്യര്‍ത്ഥിക്കുന്നു, കുട്ടികളും നിങ്ങളില്‍ നിന്ന് പഠിക്കുന്നു എന്നതിനാല്‍ പെരുമാറ്റത്തെ എതിര്‍ക്കാന്‍ ആര്‍ക്കും അവസരം നല്‍കരുത്. വീടിനുള്ളില്‍ ധരിക്കുന്ന വസ്ത്രങ്ങളായ ലുങ്കിയും നൈറ്റിയും ധരിച്ച് ചുറ്റിക്കറങ്ങരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.'' സര്‍ക്കുലറില്‍ പറയുന്നു.






