
ഡെലിവറി ആപ്പുകള്‍ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വീടിന്റെ വാതില്ക്കല് എത്തുമ്പോള്‍ ഭക്ഷണം എത്തിക്കുന്ന ഡെലിവറി ബോയിയെ കുറിച്ച് ആരും തന്നെ ചിന്തിക്കാറില്ല. നഗരങ്ങളിലെ ട്രാഫിക് കുരുക്കുകള്‍ താണ്ടി മഴയും വെയിലും തരണം ചെയ്ത് അവര്‍ നമ്മുടെ വീടിനു മുന്നില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തിച്ച് നല്കുന്നു. എന്നാല്‍, സമയം അല്പം വൈകിയാല്‍ പലപ്പോഴും ആളുകള്‍ അവരോട് വളരെ മോശമായി തന്നെയാണ് പെരുമാറാറുളളത്.
ഇത്തരത്തിലൊരു കഥയാണ് കഴിഞ്ഞ ദിവസം ലിങ്ക്ഡിനില്‍ പങ്കുവയ്ക്കപ്പെട്ടത്. ടെക്ക് കമ്പനിയായ ഫ്ലാഷിലെ മാര്‍ക്കറ്റിംഗ് മാനേജരായ പ്രിയാന്‍ഷി ചന്ദേല്‍, താന്‍ ഓര്‍ഡര്‍ ചെയ്ത ഐസ്ക്രീമുമായെത്തിയ സ്വിഗ്ഗി ഡെലിവറി ബോയ് സാഹില്‍ സിംഗിന്റെ ജീവിതമായിരുന്നു ലിങ്ക്ഡിനില്‍ പങ്കുവച്ചത്. കൂടെ അദ്ദേഹത്തിന് ഒരു ജോലി വേണമെന്നും ആവശ്യപ്പെട്ടു. പ്രിയാന്‍ഷി ചന്ദേല്‍ ഒരിക്കല്‍ സ്വിഗ്ഗിയില്‍ ഐസ്ക്രീം ഓര്‍ഡര്‍ ചെയ്യുകയുണ്ടായി. പക്ഷേ, ഓര്‍ഡര്‍ ചെയ്ത സാധനം എത്താന്‍ പറഞ്ഞതിലും 30-40 മിനിറ്റുകള്‍ വൈകിയിരുന്നു. തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകാനുണ്ടായ കാരണം അവര്‍ സ്വിഗ്ഗി ഡെലിവറി ബോയിയായ സാഹില്‍ സിംഗിനോട് ചോദിച്ചു. സാഹില്‍ പറഞ്ഞ അനുഭവം പ്രിയാന്‍ഷി ചന്ദേലിനെ ഏറെ അസ്വസ്ഥയാക്കി.
'തനിക്ക് യാത്ര ചെയ്യാന്‍ സ്കൂട്ടിയോ വാഹനമോ ഇല്ല, നിങ്ങളുടെ ഓര്‍ഡറുമായി ഞാന്‍ 3 കിലോമീറ്റര്‍ ദൂരം നടന്നു. എന്റെ കൈയില്‍ പണമില്ല, യുലുവിന് അടയ്ക്കാന്‍ വേണ്ടി വച്ചിരുന്ന അവസാനത്തെ പണവും എടുത്ത് എന്റെ ഫ്ളാറ്റ്മേറ്റ് എന്നെ 235 രൂപ കടക്കാരനാക്കി. നിലവില്‍ വീട്ടുടമസ്ഥന് കൊടുക്കാന്‍ പോലും കൈയില്‍ പണമില്ല. നിങ്ങള്‍ തെറ്റിദ്ധരിച്ചേക്കാം. പക്ഷേ ഞാന്‍ വിദ്യാഭ്യാസമുള്ളയാളാണ്. ഇസിഇ ബിരുദധാരിയാണ് ( ഇലക്ട്രിക്കല്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയര്‍). കോവിഡ് സമയത്ത് ജമ്മുവിലെ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് ഞാന്‍ ബൈജൂസിലും നിഞ്ചാകാര്‍ട്ടിലും ജോലി ചെയ്തിരുന്നു. ഈ ഓര്‍ഡര്‍ ഡെലിവറിക്ക് പോലും എനിക്ക് 20-25 രൂപ മാത്രമേ ലഭിക്കൂ, 12 മണിക്ക് മുമ്പ് എനിക്ക് മറ്റൊരു ഡെലിവറി എടുക്കണം, അല്ലെങ്കില്‍ അവര്‍ എന്നെ ദൂരെ എവിടെയെങ്കിലും ഡെലിവറിക്ക് അയയ്ക്കും, എനിക്ക് ബൈക്ക് ഇല്ല. ഒരാഴ്ചയായി താന്‍ ഭക്ഷണം കഴിച്ചിട്ടെന്നും വെള്ളവും ചായയും മാത്രമാണ് ഇക്കാലത്തെ ഭക്ഷണം. താന്‍ മറ്റൊന്നും ചോദിക്കുന്നില്ല. കഴിയുമെങ്കില്‍ നിങ്ങള്‍ എനിക്കൊരു ജോലി കണ്ടെത്തിത്തരാമോ? നേരത്തെ ഞാന്‍ 25,000 രൂപയോളം സമ്പാദിച്ചിരുന്നു. ഇന്ന് 30 വയസായി. അച്ഛനും അമ്മയ്ക്കും പ്രായമായി. ഇനിയും അവരോട് പണം ചോദിക്കാന്‍ കഴിയില്ല.' ഇതായിരുന്നു സാഹില്‍ പറഞ്ഞതായി പ്രിയാന്‍ഷി പങ്കുവച്ച കുറിപ്പ്.
പിന്നാലെ സാഹിലിന് ഒരു ജോലി കൊടുക്കാമോയെന്ന് ചോദിച്ച് പ്രിയാന്‍ഷി ലിങ്ക്ഡിനില്‍ കുറിച്ചു. കൂടെ സാഹിലിന്റെ മാര്‍ക്ക് ലിസ്റ്റ്, ഇമെയില്‍ ഐഡി, ഡോക്യുമെന്റുകള്‍, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും ഇതിനൊപ്പം പങ്കുവച്ചു. 'ആര്‍ക്കെങ്കിലും ഒരു ഓഫീസ് ബോയ്, അഡ്മിന് ജോലി, ഉപഭോക്തൃ പിന്തുണ മുതലായവയ്ക്ക് എന്തെങ്കിലും അവസരമുണ്ടെങ്കില്‍, ദയവായി ഒരു സഹപ്രവര്‍ത്തകനെ സഹായിക്കൂ!' എന്നാണ് അദ്ദേഹം തന്റെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ പിന്നീട് സാഹിലിനെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളായിരുന്നു സംഭവിച്ചത്. ചിലര്‍ സാഹിലിന്റെ താമസസ്ഥലത്ത് ഭക്ഷണം എത്തിച്ചുകൊടുക്കുകയും അദ്ദേഹത്തിന്റെ യുലു ബൈക്ക് റീചാര്‍ജ്ജ് ചെയ്തു നല്കുകയുമുണ്ടായി. ഏറെ താമസിക്കാതെ തന്നെ സാഹിലിന് ജോലി ലഭിച്ചതായി പ്രിയാന്‍ഷി ചന്ദേല്‍ അറിയിക്കുകയും സഹായിച്ചവര്‍ക്ക് നന്ദി കരേറ്റുകയും ചെയ്തു.






