
തിരുവനന്തപുരം: എസ്.എഫ്.ഐ. നേതാവ് പി.എം. ആര്‍ഷോ ബിരുദ പരീക്ഷയില്‍ ഒന്നാം സെമസ്റ്ററില്‍ ഒരു വിഷയത്തിന് നൂറില്‍ നൂറുമാര്‍ക്കും രണ്ടാം സെമസ്റ്ററില്‍ അതിനു പൂജ്യം മാത്രം നേടിയതും അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്കു നിവേദനം. ഇതുള്‍പ്പെടെ മഹാരാജാസിലെ അഞ്ചു വര്‍ഷത്തെ പരീക്ഷ നടത്തിപ്പ് ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നിവേദനം നല്‍കിയത്.
സ്വയംഭരണ സ്ഥാപനമായ എറണാകുളം മഹാരാജാസ് കോളജില്‍ അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ആര്ക്കിയോളജിക്കാണ് ആര്‍ഷോ പഠനം തുടരുന്നത്. ഒന്നാം സെമസ്റ്ററില്‍ ഒരു വിഷയത്തിനു മുഴുവന്‍ മാര്‍ക്കും മറ്റു വിഷയങ്ങള്‍ക്ക് എ ഗ്രേഡും ബി പ്ലസുമാണ് ലഭിച്ചിട്ടുള്ളത്. 100 മാര്‍ക്ക് കിട്ടിയ ഒരു വിഷയത്തിന് ഔട്ട് സ്റ്റാന്‍ഡിങ് ഗ്രേഡ് എന്ന് സൂചിപ്പിക്കുന്ന എസും ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം സെമസ്റ്ററിന്റെ ഇന്റേണല്‍ പരീക്ഷകള്‍ക്കു മുഴുവന്‍ മാര്‍ക്കായ 20 വരെ ലഭിച്ച നേതാവിനാണ് എഴുത്ത് പരീക്ഷയില്‍ പൂജ്യം മാര്‍ക്കായത്. മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിന് ആബ്സന്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്മിറ്റി പറയുന്നു. പഠിപ്പിക്കുന്ന അധ്യാപകര്‍തന്നെയാണ് വിദ്യാര്‍ഥിയുടെ ഹാജര്‍, ക്ലാസ് മുറിയിലെ പ്രകടനം എന്നിവ വിലയിരുത്തി ഇന്റേണല്‍ മാര്‍ക്ക് നിശ്ചയിക്കുന്നത്.
എഴുത്തു പരീക്ഷയുടെ 80 മാര്‍ക്കിനൊപ്പം അധ്യാപകര്‍ നല്കുന്ന ഇന്റേണല്‍ മാര്‍ക്ക് കൂടി ചേര്‍ത്താണ് ഓരോ വിഷയത്തിന്റെയും മൊത്തം മാര്‍ക്ക് നിശ്ചയിക്കുന്നത്. ഓട്ടോണമസ് പദവിയുള്ള മഹാരാജാസ് കോളജിലെ പരീക്ഷ നടത്തിപ്പും മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കലും സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാന്‍ എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്കു നിവേദനം നല്‍കിയത്.






