
എന്ത് വസ്ത്രം ധരിക്കണം എങ്ങനെ വ്സത്രം ധരിക്കണം എന്നുള്ളത് ഓരോ മനുഷ്യന്റെയും വ്യക്തി സ്വാതന്ത്ര്യത്തില്‍പെടുന്ന കാര്യമായിട്ടാണ് കരുതപ്പെടുന്നത്. വീട്ടിനുളളില്‍ ആയിരുക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ഓരോരുത്തരും വ്യത്യസ്തതരം വസ്ത്രധാരണമാണ് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വീട്ടില്‍ ധരിക്കുന്ന ലുങ്കി, നൈറ്റി എന്നിവയൊക്കെ നമ്മുടെ നാട്ടില്‍ ഇന്ന് സാധാരണമായ വേഷമായിക്കഴിഞ്ഞു. വീട്ടില്‍ ധരിക്കാന്‍ പറ്റുന്ന ഏറ്റവും സൗകര്യപ്രദമായ വേഷങ്ങളാണ് ഇവ. എന്നാല്‍ ഹോം വെയറുകള്‍ മാത്രമായിട്ടല്ല പലരും ഇന്ന് ഈ വ്സത്രങ്ങള്‍ ധരിക്കുന്നത്, പുറത്തിറങ്ങുമ്പോഴും ആളുകള്‍ ഇപ്പോള്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. പല ഹോട്ടലുകള്‍ ഇത്തരം വസ്ത്രം പുറത്ത് ധരിക്കുന്നത് വിലക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു റെസിഡന്റ്സ് അസോസിയേഷന് വസ്ത്രധാരണത്തെ സംബന്ധിച്ച് പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ഹോം വെയറായ ലുങ്കിയോ നൈറ്റിയോ ധരിച്ച് കൊണ്ട് പുറത്ത് ചുറ്റിക്കറങ്ങരുത് എന്നാണ് റെസിഡന്റ്സ് അസോസിയേഷന് പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഗ്രേറ്റര്‍ നോയ്ഡയിലാണ് ഒരു അപാര്‍ട്മെന്റിലെ റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് ലുങ്കിയും നൈറ്റിയും ധരിച്ച് പുറത്തിറങ്ങുന്നത് വിലക്കിയിരിക്കുന്നത്. സൊസൈറ്റിക്കകത്തായിരിക്കുമ്പോള് പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും ശ്രദ്ധിക്കണം. നിങ്ങളുടെ കുട്ടികള്‍ നിങ്ങളെ കണ്ടാണ് പഠിക്കുന്നത്. അതുകൊണ്ട് തന്നെ പുറത്തിറങ്ങി സൊസൈറ്റിക്കകത്ത് ചുറ്റിക്കറങ്ങുമ്പോള്‍ ലുങ്കിയും നൈറ്റിയും ധരിക്കരുത്. അവ വീടിന് അകത്ത് ധരിക്കുന്ന വസ്ത്രങ്ങളാണ് എന്നാണ് ഹിംസാഗര്‍ സൊസൈറ്റി, റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സര്‍ക്കുലര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ ചര്‍ച്ചകളാണ് ഉണ്ടായിരിക്കുന്നത്. പലരും വസ്ത്രധാരണം സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തി. ഒരു വിഭാഗം ആളുകള്‍ പറഞ്ഞത് എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെ തെരഞ്ഞെടുപ്പാണ്. അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട് എന്നാണ്. എന്നാല്‍ മറ്റ് ചിലര്‍ പറഞ്ഞത് ആളുകള്‍ കൂടുന്ന പൊതുസ്ഥലങ്ങളില്‍ ഇത്തരം വസ്ത്രം ധരിച്ച് പുറത്തിറങ്ങാതെ ഇരിക്കുന്നതാണ് നല്ലത് എന്നാണ്.






