
ആംസ്റ്റര്‍ഡാം: യൂറോപ്പിലെ മുന്‍ ചാംപ്യന്മാര് തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇറ്റലിയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് വീഴ്ത്തി യുവേഫാ നാഷണല്‍സ് ലീഗില്‍ സ്പെയിന് ഫൈനലില്‍ കടന്നു. കലാശപ്പോരാട്ടത്തില്‍ സ്പെയിന് ക്രൊയേഷ്യയെ നേരിടും. നെതര്‍ലെന്‍ഡിലെ എന്ഷേഡില് ഇന്നലെ നടന്ന മത്സരത്തില്‍ പിനോയും ജോസേലുവും ഗോളുകള്‍ നേടിയപ്പോള്‍ 11 ാം മിനിറ്റില്‍ ഇമ്മോബീലിലൂടെ ഇറ്റലി ഒരു ഗോള്‍ മടക്കി.
കളിയുടെ തുടക്കത്തില്‍ തന്നെ സ്പെയിന് ഗോള്‍ നേടി. ലിയനാര്‍ഡോ ബൊണൂച്ചിയില് നിന്നും തട്ടിയെടുത്ത പന്ത് വലയിലേക്ക് തൊടുത്ത് യെറെമി പിനോ ആദ്യഗോള്‍ നേടി. പതിനൊന്നാം മിനിറ്റില്‍ റോബിന് ലെ നോര്‍മാന്റെ കയ്യില്‍ പന്തു തട്ടിയതിന് കിട്ടിയ പെനാല്‍റ്റി ഇമ്മോബീല്‍ ഗോളാക്കി ഇറ്റലിയെ ഒപ്പമെത്തിച്ചു. കളിയുടെ 88 ാം മിനിറ്റില്‍ റോഡ്രിയുടെ ഒരു ഡിഎഫ്ളക്റ്റഡ് ഷോട്ട് ക്ളോസ് റേഞ്ചില്‍ നിന്നും ജോസേലു വലിയിലേക്ക് തട്ടിയിട്ട് സ്പെയിനെ വിജയത്തിലേക്ക് നയിച്ചു. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പെയിന് ഒരു ട്രോഫിയ്ക്ക് അടുത്ത് എത്തി നില്‍ക്കുന്നത്.
2012 യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് ഫൈനലായിരുന്നു സ്പെയിന്റെ അവസാന കിരീടം. 2021 ല്‍ നാഷണല്‍ ലീഗ് ഫൈനലില്‍ കടന്നിരുന്നെങ്കിലൂം അന്ന് ഫ്രാന്‍സിനോട് തോറ്റിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ആദ്യ 16 ല്‍ മൊറാക്കോയോട് തോറ്റു മടങ്ങാനായിരുന്നു സ്പെയിന്റെ വിധി. അടുത്ത ദിവസം നടക്കുന്ന ഫൈനലില്‍ ക്രൊയേഷ്യയെ വീഴ്ത്താനായാല്‍ സ്പെയിന് കപ്പില്‍ മുത്തമിടാനാകും.



