
ബിനീഷ് കോടിയേരി ബെംഗളൂരു ലഹരിക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്കിയ കേസില്‍ പ്രതിയായി തുടരുമെന്ന് കര്‍ണാടക പൊലീസ്. ബിനീഷ് പ്രതി പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കേസില്‍ നാലാം പ്രതിയായി തന്നെ ബിനീഷ് തുടരുമെന്ന് വ്യക്തമാക്കി.
2020ല്‍ ലാണ് ബിനീഷ് കോടിയേരി ലഹരിക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് അനൂപിന് സാമ്പത്തിക സഹായം ചെയ്തെന്ന കണ്ടെത്തലില്‍ അറസ്റ്റിലായത്. ബിനീഷ് കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ആവര്‍ത്തിച്ചായിരുന്നു പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി നല്‍കിയത്. എന്നാല്‍ ബിനീഷിനെതിരെ അതീവ ഗുരുതരമായ നിരീക്ഷണങ്ങളുമായി ഹര്‍ജി കോടതി തള്ളി.
അനൂപും ബിനീഷും കൊക്കൈന്‍ ഉപയോഗിക്കുന്നത് നേരിട്ട് കണ്ടെന്ന രണ്ടു സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍
ബിനീഷ് കോടിയേരിക്ക് ഒന്നാം പ്രതി മുഹമ്മദ് അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ചും കച്ചവടത്തെ കുറിച്ചും വ്യക്തമായ അറിവുണ്ടായിരുന്നെന്ന് കോടതി വ്യക്തമാക്കി. അനൂപും മറ്റുള്ളവരും ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള കമ്മനഹള്ളിയിലെ റോയല്‍ സ്യൂട്ട് അപ്പാര്‍ട്മെന്റില്‍ നിന്നാണ് എംഡിഎംഎ ഗുളികളുമായി പിടിയിലാകുന്നത്. ഇതെല്ലാം അര്‍ത്ഥമാക്കുന്നത് ഒന്നാം പ്രതിയുടെ ബിസിനസ് സംബന്ധിച്ച് ബിനീഷിന് നേരെത്തെ അറിവുണ്ടായിരുന്നു എന്നാണ്. നാലാം പ്രതിയായ ബിനീഷ് ഒന്നാം പ്രതിയെ കുറ്റകൃത്യത്തിന് സഹായിച്ചതിന് മതിയായ തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹാജരാക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
ബിനീഷ് അനൂപിന് പണം നല്‍കിയെന്ന് പറയുന്ന പണമിടപാടിന്റെ രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴും മറച്ചുവച്ചതായുള്ള ഇ ഡിയുടെ കണ്ടെത്തല്‍ കോടതി ശരിവച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ലഹരിക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടില്ല എന്ന കാരണം പറഞ്ഞ്ബിനീഷിനെ ഒഴിവാക്കാനാവില്ലെന്നും ജസ്റ്റിസ് എച്ച് എ മോഹന്‍ വ്യക്തമാക്കി.






