
പൊതുജനങ്ങള്‍ എന്ത് സഹായം ആവശ്യപ്പെട്ടാലും ഉടന്‍ തന്നെ സഹായത്തിനെത്തുന്നവരാണ് പോലീസുകാര്‍. അതിപ്പോള്‍ ലോകത്തെവിടെയായാലും അത് അങ്ങനെ തന്നെയാണ്. മിക്ക സാഹചര്യങ്ങളിലും ചോദിക്കാതെ തന്നെ സഹായം വാഗ്ദാനവുമായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥരും കുറവല്ല. ഇപ്പോഴിതാ ഇവരുടെ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഒരു തവണ കൂടി ഊട്ടിഉറപ്പിക്കുകയാണ് കഴിഞ്ഞ ദിവസം യുകെയില്‍ നടന്ന ഒരു സംഭവം.
പോലീസുകാരുടെ തക്കസമയത്തുള്ള ഇടപെടല്‍ മൂലം രണ്ട് യുവതികളുടെ വിവാഹമാണ് ഗംഭീരമായി നടന്നിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ നിസാരമായി തോന്നാമെങ്കിലും പോലീസ് എത്തിയില്ലായിരുന്നെങ്കില്‍ ചടങ്ങുകള്‍ ആകെ കുഴപ്പത്തിലായേനെ. വിവാഹ ദിവസം വിവാഹിതരാകേണ്ട പെണ്‍കുട്ടികളെയും അതിഥികളെയും കൊണ്ടുപോയ കോച്ച് പണിമുടക്കിയതോടെ എല്ലാവരും പെരുവഴിയിലായി. ഈ സമയത്താണ് പോലീസുകാര്‍ അതുവഴി കടന്നുവരുന്നത്. സംഭവം അറിഞ്ഞതോടെ വിവാഹതിരാകാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് പോലീസ് ലിഫ്റ്റ് നല്കി. ഉടന്‍ തന്നെ ഇവര്‍ പെണ്‍കുട്ടികളെ ചടങ്ങിന് എത്തിക്കുകയും ചെയ്തു.
കൃത്യ സമയത്ത് ഞങ്ങളെത്തി എന്ന കുറിപ്പോടെ യുകെ പോലീസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചത്. ഹാംഷെയര്‍ പോലീസിന് എന്നും ഓര്‍ക്കാന്‍ കഴിയുന്നൊരു സഹായമായിരിക്കും ഇത്. ഇവര്‍ സഹായത്തിന് എത്തിയില്ലായിരുന്നു എങ്കില്‍ ജെമ്മയുടെയും സിയാനിന്റെയും വിവാഹം മുടങ്ങിയേനെ. എന്തു ചെയ്യണം എന്നറിയാന്‍ കഴിതയാതെ വധുക്കള്‍ പെരുവഴിയില്‍ ആക്കപ്പെട്ട സമയം ആണ് പോലീസുകാര്‍ അതുവഴി വന്നതും കൃത്യ സമയത്ത് സഹായം നല്കിയതും. അതിനാല്‍ ഉടന്‍ തന്നെ ഇവര്‍ക്ക് രജിസ്റ്റര്‍ ഓഫീസില്‍ എത്താന്‍ കഴിഞ്ഞെന്നും പോലീസ് കുറിപ്പിലൂടെ വ്യക്തമാക്കി.






