
ക്രിക്കറ്റ്ഭ്രാന്തന്മാര്‍ ഏറെയുള്ള ഒരു നാട്ടില്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് കിട്ടുന്നത്ര സ്നേഹം മറ്റാര്‍ക്ക് കിട്ടാനാണ്? ആധുനിക കാലത്ത് ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഒട്ടേറെ സൂപ്പര്‍താരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ക്രിക്കറ്റിലും പുറത്തും സാമൂഹ്യമാധ്യമങ്ങളിലുമെല്ലാം വിരാട് കോഹ്ലിയുടെ ആരാധകവൃന്ദം എല്ലാ പരിധിയ്ക്കും അപ്പുറത്താണ്. ഇന്‍സ്റ്റാഗ്രാമിലുള്ള ഏറ്റവും പ്രസിദ്ധനായ ഇന്ത്യാക്കാരന് വിരാട്കോഹ്ലിയാണ്.
റോജര്ഫെഡറയെും സെര്‍ജിയോ റാമോസിനെയും പോലെ ലോക സ്പോര്ര്ട്സിലെ ഈ രീതിയില്‍ ആരാധകരുള്ള ഏക ഇന്ത്യന്‍ ക്രിക്കറ്ററും കോഹ്ലിയാണ്. ഒരൊറ്റ ഇന്‍സ്റ്റാ പോസ്റ്റിന് വിരാട് കോഹ്ലിയ്ക്ക് കിട്ടുന്ന തുക കേട്ടാല്‍ പോലും നിങ്ങള്‍ ഞെട്ടും. കോഹ്ലിയുടെ സമ്പത്ത് കണക്കാക്കപ്പെടുന്നത് 1050 കോടിയാണ്. ലോകത്തെ തന്നെ ഏറ്റവും സമ്പന്നനായ അത്ലറ്റുകളില് ഒരാളാണ് കോഹ്ലി. ക്രിക്കറ്റിന്റെ മാനദണ്ഡത്തില്‍ അദ്ദേഹം തന്നെയാണ് ഇന്ത്യയിലെ പരസ്യവിപണിയിലെയും ഏറ്റവും പ്രമുഖനായ താരവും.
ക്രിക്കറ്റ്, സാമൂഹ്യമാധ്യമങ്ങള്‍, വ്യക്തിഗത സ്വത്ത്, ബിസിനസ് സംരംഭങ്ങള്‍ എന്നിവയിലൂടെയെല്ലാം താരത്തിന് വലിയ വരുമാനം കിട്ടുന്നതായി ആണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ 'എ പ്ലസ്' ആണ് കോഹ്ലിയുടെ കരാര്‍. ഇതിലൂടെ 7 കോടി രൂപ വീതം കോഹ്ലിയ്ക്ക് കിട്ടുന്നുണ്ട്. ഒരു ടെസ്റ്റ് മത്സരത്തില്‍ കളിച്ചാല്‍ 15 ലക്ഷം രൂപയും ഒരു ഏകദിനത്തിന് ആറു ലക്ഷവും ഒരു ടിട്വന്റി മത്സരത്തിന് മൂന്ന് ലക്ഷവും വീതമാണ് താരത്തിന് ക്രിക്കറ്റ് കളത്തില്‍ നിന്നും കിട്ടുന്നത്. ക്രിക്കറ്റിനപ്പുറത്ത് ഇന്ത്യന്‍ സൂപ്പര്‍ലീഗ് ക്രിക്കറ്റില്‍ എഫ്.സി. ഗോവ ക്ലബ്ബിന്റെ ഉടമകൂടിയാണ്. ഒരു ടെന്നീസ് ടീമും ഒരു പ്രോ റസ്ളിംഗ് ടീമും താരത്തിന് സ്വന്തമായിട്ടുണ്ട്.
ബിസിസിഐയുടെ പണക്കിലുക്ക ക്രിക്കറ്റ് ലീഗ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലുരു ടീമില്‍ അംഗമായ വിരാട് കോഹ്ലി ഇതിലൂടെ മാത്രം വര്‍ഷം തോറും നേടുന്നത് 15 കോടി രൂപയാണ്. കളത്തിന് പുറത്ത് റെസ്റ്റോറന്റ് ചെയ്ന്‍, ബ്ളൂ ട്രൈബ്, യൂണിവേഴ്സല്‍ സ്പോര്‍ട്സ് ബിസ്, എംപിഎല്‍, സ്പോര്‍ട്സ് കോണ്‍വോ എന്നിങ്ങനെ വിവധ സ്റ്റാര്‍ട്ട് അപ്പുകളിലും കോഹ്ലിയ്ക്ക് മുതല്‍മുടക്കുണ്ട്.
പരസ്യത്തില്‍ ശബ്ദം കൊടുക്കുന്നതിന് പോലും 7.5 കോടി മുതല്‍ 10 കോടി വരെയാണ് കോഹ്ലി ഈടാക്കുന്നത്. 18 മുന്‍നിര ബ്രാന്‍ഡുകളുമായി ഉണ്ടാക്കിയിട്ടുളള പരസ്യക്കരാറിലൂടെ കോഹ്ലി സമ്പാദിക്കുന്നത് 175 കോടിയോളമാണ്. സാമൂഹ്യ മാധ്യമങ്ങളിലെ ഏറ്റവും സ്നേഹം കിട്ടുന്ന മുഖങ്ങളില്‍ ഒന്നായ കോഹ്ലി ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റിന് 8.9 കോടി രൂപയും ഒരു ട്വീറ്റിന് 2.5 കോടിയുമാണ് ചാര്ജ്ജിട്ടിട്ടുള്ളത്.
വ്യക്തിപരമായ സ്വത്ത് വിഹിതത്തില്‍ മുംബൈയില്‍ 34 കോടിയുടെ ഒരു വീട് സ്വന്തമായുള്ള കോഹ്ലിയ്ക്ക് 80 കോടിയുടെ മറ്റൊരു വീട് ഗുര്‍ഗോണിലും ഉണ്ട്. ഇതിന് പുറമേ വന്‍തുക വില വരുന്ന അനേകം ആഡംബര കാറുകളും അദ്ദേഹത്തിന്റെ ഗാര്യേജിലുണ്ട്.






