
ക്യാനഡയിലെ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തേക്കുറിച്ച് വന്ന ഏറ്റവും പുതിയ വാര്‍ത്ത അവിടുത്തെ വായു മലിനീകരണത്തെക്കുറിച്ചാണ്. ആഴ്ചകളായി കാനഡയിലെ കാട്ടുതീ ടണ്‍ കണക്കിന് പുക അമേരിക്കയിലേക്ക് അയച്ചുകൊണ്ടിരിക്കെ ന്യൂയോര്‍ക്കിലെ അന്തരീക്ഷത്തിലെ ശുദ്ധവായുവിന്റെ അവസ്ഥ വളരെ മോശമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നിന്നും ഉടനൊന്നും നഗരം മോചിതമാകില്ലെന്ന് വിദഗ്ദ്ധര്‍ പറഞ്ഞുകൊണ്ടിരിക്കെ 1.3 ദശലം ന്യൂയോര്‍ക്കുകാര്‍ക്ക് മറ്റൊരു ഭീഷണിയും ഉയരുന്നു. താങ്ങാവുന്നതിനും അപ്പുറത്തുള്ള കെട്ടിടങ്ങളുടെ ആധിക്യം മൂലം നഗരം മുങ്ങിയേക്കാനുള്ള സാധ്യതയാണ്. നഗരത്തിലെ എണ്ണമറ്റ കെട്ടിടങ്ങളുടെ ഭാര്യം ഭൂമിയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
കാലാവസ്ഥാ വ്യതിയാനം മൂലം ഉയരുന്ന സമുദ്രനിരപ്പ് കൂടാതെ ന്യൂയോര്‍ക്ക് നഗരം ഓരോ വര്‍ഷവും ശരാശരി 4 മില്ലിമീറ്റര്‍ വരെ താഴുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. ന്യൂയോര്‍ക്ക് നഗരം വര്‍ഷംതോറും 1 മുതല്‍ 4 മില്ലിമീറ്റര്‍ വരെ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് റോഡ് ഐലന്‍ഡ് ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ഓഷ്യാനോഗ്രഫി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും പറയുന്നു.
ന്യൂയോര്‍ക്ക് മുങ്ങുന്നതിന് പ്രധാനകാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത് ദ്രുതഗതിയിലുള്ളതും അനുദിനം വളരുന്നതുമായ നിരന്തരമായ നിര്‍മ്മാണമാണ്. ഭാവിയില്‍ ജലപ്രളയ സാധ്യതയെ ഇത് ഉയര്‍ത്തുന്നതായി അവര്‍ പറയുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ കെട്ടിടങ്ങളുടെ മൊത്തം ഭാരം കണക്കാക്കാന്‍ എര്‍ത്ത്സ് ഫ്യൂച്ചര്‍ ജേണലിലെ ഗവേഷകര്‍ ശ്രമം നടത്തിയിരുന്നു.
ന്യൂയോര്‍ക്ക് നഗരത്തിലെ എല്ലാ കെട്ടിടങ്ങള്‍ക്കും 76,400 കോടി കിലോഗ്രാം അല്ലെങ്കില്‍ 1.68 ട്രില്യണ്‍ പൗണ്ട് ഭാരമുണ്ടെന്നായിരുന്നു കണ്ടെത്തിയത്. അതേസമയം മുങ്ങുന്ന നഗരങ്ങളുടെ പട്ടികയില്‍ ന്യൂയോര്‍ക്ക് ഒറ്റയ്ക്കല്ല. 2022-ലെ ഒരു പഠനം ലോകത്തിലെ ഏറ്റവും വലിയ 48 തീരദേശ നഗരങ്ങളെ പരിശോധിച്ചിരുന്നു. 44 എണ്ണം ഉയരുന്ന സമുദ്രനിരപ്പിനെക്കാള്‍ വേഗത്തില്‍ മുങ്ങുന്ന പ്രദേശങ്ങളാണെന്ന് കണ്ടെത്തി.
ഇവയിലെല്ലാം കൂടി ആഗോള നഗര ജനസംഖ്യയുടെ അഞ്ചിലൊന്ന് ഉണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ മുങ്ങുന്ന നഗരമായി വിശേഷിപ്പിക്കപ്പെടുന്നത് ജക്കാര്ത്തയെയാണ്. 2050 ഓടെ നഗരത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയിലാകുമെന്ന് കണക്കാക്കപ്പെടുന്നു. ഭൂമിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന മറ്റൊരു നഗരം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയാണ്.






