
കടലിലെ ഏറ്റവും വലിയ അക്രമകാരികളായ കൊലയാളി തിമിംഗലങ്ങളുടെ വീഡിയോകള്‍ പലപ്പോഴും കാണികളെ ഞെട്ടിക്കാറുണ്ട്. ഇവയുടെ കൈയ്യില്‍പെട്ടാല്‍ രക്ഷപ്പെടുക അസാധ്യമാണെങ്കിലും തലനാരിഴയക്ക് പലരും രക്ഷപ്പെട്ട കഥകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. ഇപ്പോളിതാ വീണ്ടും ആളുകള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ച മറ്റൊരു വീഡിയോയാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഒരു ബോട്ടിനെ നിര്‍ത്താതെ പിന്തുടരുന്ന കൊലയാളിത്തിമിംഗലത്തിന്റെ ദൃശ്യങ്ങളാണ് ഇത്.
@catamaranguru എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ഭയാനകമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജിബ്രാള്‍ട്ടര്‍ കടലിടുക്കിലൂടെയുള്ള യാത്രയ്ക്കിടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇത്. ബോട്ടിലെ ഡെലിവറി ജീവനക്കാര്‍ തന്നെയാണ് പ്രസ്തുത വീഡിയോ പകര്‍ത്തിയത്. വീഡിയോയുടെ തുടക്കത്തില്‍ ബോട്ടിനെ പിന്തുടരുന്ന കൊലായാളി തിമിംഗലത്തെയാണ് കാണുന്നത്. ബോട്ടിന്റെ നേരെ കുതിക്കുന്ന കൊലയാളിത്തിമിംഗലത്തിന് എങ്ങനെ എങ്കിലും തന്റെ ലക്ഷ്യസ്ഥാനത്ത് എത്തണം എന്ന് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ ഒരു ഘട്ടത്തിലും അത് പിന്മാറാന് തയ്യാറാവാതെ വീണ്ടും വീണ്ടും ബോട്ടിനെ അക്രമിക്കാന്‍ തന്നെ ശ്രമിക്കുകയാണ്.
വീഡിയോയുടെ അടിക്കുറിപ്പില്‍ തങ്ങളുടെ ഡെലിവറി ജീവനക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ കൊലയാളിത്തിമിംഗലം ബോട്ടിനെ അക്രമിക്കാന്‍ വരികയാണ് എന്ന് കുറിച്ചിട്ടുണ്ട്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ശ്രദ്ധ നേടിയ വീഡിയോ നിരവധി ആളുകളാണ് പങ്കുവച്ചത്. പലരും വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ്.






