
ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടം കാണാനായി യാത്രതിരിച്ച് അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തര്‍വാഹിനി ടൈറ്റൻ തകർന്നതായി സ്ഥിരീകരണം. അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയുമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പേടകത്തിലെ അഞ്ചുപേരും മരിച്ചതായും ഇവര്‍ പറയുന്നു. ടൈറ്റാനിക് കപ്പൽ കാണാൻ പോയ സംഘം അപകടത്തിൽപെട്ടത് ഞായറാഴ്ചയാണ്.
ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെ പേടകത്തിന്റെ അവശിഷ്ടങ്ങൾ അമേരിക്കൻ തീര സംരക്ഷണ സേന കണ്ടെത്തി. 1600 മീറ്റർ അകലെ അഞ്ച് ഭാഗങ്ങളായിട്ടാണ് അവശിഷ്ടങ്ങൾ കിടന്നിരുന്നത്. കടലിന്നടിയിലെ മർദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചിരിക്കാം എന്നണ് പ്രാഥമിക നിഗമനം. ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സ്ഥിരീകരണം വന്നത്.
തങ്ങളുടെ സിഇഒ, സ്റ്റോക്ടൻ റഷ് ഉൾപ്പെടെ പേടകത്തിലെ 5 യാത്രക്കാരും മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു. പാകിസ്ഥാനി വ്യവസായി ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ ദാവൂദ്, ദുബായിലെ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, പൈലറ്റ് പോൾ ഹെൻറി നാർസലെ എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാർ. അതേസമയം ഇവരുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്ല.
ഞായറാഴ്ചയാണ് ടൈറ്റൻ കടലിന്റെ അടിത്തട്ടിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ഒന്നേ മുക്കാൽ മണിക്കൂർ പിന്നിട്ടപ്പോഴേക്കും മദർഷിപ്പ് പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. തുടർന്ന് അമേരിക്കയും കാനഡയും ഫ്രാൻസും ബ്രിട്ടനും എല്ലാം ശ്രമിച്ചിട്ടും അന്തര്‍വാഹിനി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിമാനങ്ങളും കപ്പലുകളും റോബോട്ടുകളും 17,000 ചതുരശ്ര കിലോമീറ്ററിൽ പരതി.
ഇതിനിടെ ടൈറ്റനിൽ നിന്നെന്ന് സംശയിക്കുന്ന സിഗ്നലുകൾ കനേഡിയൻ വിമാനത്തിന് ലഭിച്ചതായി വിവരമെത്തിയത് പ്രതീക്ഷ കൂട്ടി. പക്ഷേ പ്രതീക്ഷകളെല്ലാം വിഫലമാക്കി, വ്യാഴാഴ്ച രാത്രി 12.15 ഓടെ ടൈറ്റൻ തകർന്നെന്ന വിവരം എത്തുകയായിരുന്നു. 5 യാത്രക്കാർക്ക് 96 മണിക്കൂർ ശ്വസനത്തിന് ആവശ്യമായ ഓക്സിജനാണ് പേടകത്തിലുണ്ടായിരുന്നത്. പേടകം തകരാനുള്ള കൃത്യമായ കാരണം അന്വേഷിക്കും.






