
വാഷിങ്ടണ്‍: മാതൃപേടകമായ പോളാര്‍ പ്രിന്‍സ് കപ്പലുമായുള്ള ആശയവിനിമയബന്ധം നഷ്ടപ്പെട്ടതിനു പിന്നാലെ സമുദ്രപേടകം - ടൈറ്റന് പൊട്ടിത്തെറിച്ചെന്നു റിപ്പോര്‍ട്ട്. സ്ഫോടന ശബ്ദം അമേരിക്കന്‍ നാവികസേന പിടിച്ചെടുത്തിരുന്നെന്നും പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ചയുണ്ടായ അപകടത്തില്‍ ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്(48), മകന് സുലൈമാന്‍(19), പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരന് പോള്‍ ഹെന്റി നാര്‍സലേ(77), ഓഷന്‍ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ സ്റ്റോക്ടന്‍ റഷ്(61), ബ്രിട്ടീഷ് കോടീശ്വരന് ഹാമിഷ് ഹാര്‍ഡിങ് എന്നിവരാണു മരിച്ചത്. മരണം വ്യാഴാഴ്ചയാണു സ്ഥിരീകരിച്ചത്.
അന്തര്‍വാഹിനികളെ കണ്ടെത്താനായി ഉപയോഗിക്കുന്ന അമേരിക്കന്‍ നാവികസേനയുടെ അക്കോസ്റ്റിക് ഡിറ്റക്ഷന്‍ സിസ്റ്റമാണ് ഞായറാഴ്ച സ്ഫോടന ശബ്ദം പിടിച്ചെടുത്തത്. ഈ ശബ്ദം യു.എസ്. നാവികസേന വിശദമായി വിശകലനം ചെയ്തിരുന്നു. െടെറ്റനില്നിന്നുള്ള ശബ്ദമാണെന്ന സൂചന ലഭിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനം.
ഒടുവില്‍ കാനഡയുടെ ഹൊെറെസണ് ആര്‍ട്ടിക്കില്‍നിന്ന് അയച്ച ഒഡീസിയസ് 6കെ എന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍(ആര്.ഒ.വി) വിക്ടര്‍ 6000 ആണു ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളില്‍നിന്ന് 1,600 അടി അകലെ ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ടൈറ്റന്റെ പിറകുഭാഗത്തെ പുറംചട്ടയും ലാന്‍ഡിങ് ഫ്രെയിമുമാണു കണ്ടെത്തിയത്.
പൊട്ടിത്തെറിച്ചതല്ല, ഞെരിഞ്ഞമര്‍ന്നു
ടൈറ്റന് അവസാനിച്ചത് സ്ഫോടനത്തിലൂടെയല്ല, ഞെരിഞ്ഞമരുകയായിരുന്നു. ബലൂണില്‍ വായു നിറയ്ക്കുമ്പോള്‍ മര്‍ദം കൂടിവരും. മര്‍ദം താങ്ങാനാകാത്ത അവസ്ഥയിലെത്തുമ്പോഴാണ് ബലൂണ്‍ പൊട്ടുന്നത്. ഇതിനു വിപരീതമായ അവസ്ഥയാണു ടൈറ്റന് ഉണ്ടായത്. ബലൂണിന്റെ കാര്യത്തില്‍ അതിന്റെ ഉള്ളിലായിരുന്നു മര്‍ദം കൂടുതല്‍. അതു സ്ഫോടനത്തിലൂടെ പുറത്തേയ്ക്കു വ്യാപിച്ചു.
ടൈറ്റനുള്ളില്‍ മനുഷ്യനു താങ്ങാവുന്ന വായു മര്‍ദമാണ് ഉണ്ടായിരുന്നത്. പുറത്ത് ജലത്തിന്റെ കഠിനമായ മര്‍ദവും. എല്ലാദിശയില്നിന്നും ആ മര്‍ദം പേടകത്തെ പൊതിഞ്ഞു. അതു കൂടിയപ്പോള്‍ പേടകത്തിനകം തകര്‍ന്നു തുടങ്ങി. പിന്നെ പുറന്തോട് തകര്‍ന്ന് ഉള്ളിലേക്ക് ജലം ഇടിച്ചുകയറി...
അപകടം അറിയും മുമ്പ് മരണം
ടൈറ്റന് യാത്രികര്‍ക്കുമേല്‍ അതിവേഗമാണു മരണമെത്തിയതെന്നു യു.എസ്. നാവികസേനയുടെ അണ്ടര്‍ സീ മെഡിസിന് ആന്‍ഡ് റേഡിയേഷന് ഹെല്‍ത്ത് മുന്‍ ഡയറക്ടര്‍ ഡോ. ഡേല്‍ മോള് പറഞ്ഞു. ''എന്താണു സംഭവിക്കുന്നതെന്നു പോലും മനസിലാക്കുന്നതിനു മുമ്പ് അവര്‍ മരണത്തിനു കീഴടങ്ങിയിട്ടുണ്ടാകും.
ഒരു സ്വിച്ച് ഓഫ് ചെയ്യുന്ന വേഗത്തിലാണു മരണമെത്തിയത്. ഒരു മില്ലിസെക്കന്‍ഡ് ജീവനോടെയുണ്ട്, അടുത്ത മില്ലിസെക്കന്‍ഡില്‍ ഇല്ലാതായി''-അദ്ദേഹം പറഞ്ഞു. അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ ചതുരശ്ര ഇഞ്ചിന് 5,500 പൗണ്ടിലധികം (പി.എസ്.ഐ) മര്ദമുണ്ടായിരുന്നു.(ഒരു പൗണ്ട് = 0.45 കിലോഗ്രാം).






