
സിഐടിയുവിന്റെ തിരുവാര്‍പ്പിലെ ബസ് ഉടമക്കെതിരായ സമരം പിന്‍വലിച്ചു. തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്. പോലീസ് ബസ് കസ്റ്റഡിയിലെടുക്കുകയും കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കോട്ടയം തിരുവാര്‍പ്പില്‍ സ്വകാര്യ ബസിന് മുന്നില്‍ സിഐടിയു കൊടി കുത്തിയ സംഭവത്തെ തുടര്‍ന്ന് ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മര്‍ദ്ദനമേറ്റത്. സിഐടിയു നേതാവ് ബസുടമ രാജ്മോഹനെയാണ് മര്‍ദ്ദിച്ചത്. രാവിലെ ബസിലെ സി ഐ ടി യു കൊടി തോരണങ്ങള്‍ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പോലീസ് കാഴ്ചക്കാരായി നില്‍ക്കുമ്പോഴാണ് മര്‍ദ്ദനമേറ്റത്. കൊടി അഴിച്ചാല്‍ വീട്ടില്‍ കയറി തല്ലുമെന്നും നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
വെട്ടിക്കുളങ്ങര ബസിന്റെ ഉടമ ഉണ്ണിയെന്ന രാജ് മോഹനെ സി ഐ ടി യു കെട്ടിയിരുന്ന കൊടിതോരണങ്ങള്‍ അഴിച്ചു മാറ്റുമ്പോഴാണ് സി പി എം നേതാവ് തല്ലിയത്. കൊടിയില്‍ തൊട്ടാല്‍ വീട്ടില്‍ കയറി വെട്ടുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. കണ്മുന്നില് അക്രമം നടന്നിട്ടും സി പി എം നേതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തില്ല.പോലീസ് പിന്നീട് നേതാവ് സ്വന്തം വാഹനത്തില്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാര്‍പ്പ് പഞ്ചായത്ത് അംഗവുമായ കെആര്‍ അജയ്യാണ് മര്‍ദ്ദിച്ചത്.
സി ഐ ടി യു അനാവശ്യ കൂലി വര്‍ധന ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കുന്നെന്ന് ആരോപിച്ചാണ് ഒരാഴ്ചയായി രാജ്മോഹന്‍ ബസിന് മുന്നില്‍ ലോട്ടറി വിറ്റ് പ്രതിഷേധം നടത്തിയത്. കര്‍ഷകര്‍ക്ക് വേണ്ടി താന്‍ നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാക്കിയതെന്ന് ബസ് ഉടമ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ന് പോലീസുകാരോട് ചോദിച്ച ശേഷമാണ് താന്‍ കൊടി അഴിക്കാന്‍ പോയത്. തന്നെ പോലീസുകാര്‍ നോക്കിനില്‍ക്കെയാണ് ആക്രമിച്ചത്. ഇത് കോടതിയലക്ഷ്യമാണ്. അതിനാല്‍ നിയമപരമായി തന്നെ മുന്നോട്ട് പോകും. നാളെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും. കോടതി ഞങ്ങള്‍ക്ക് പുല്ലാണെന്നാണ് അവര്‍ പറഞ്ഞത്. ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.






