
കോഴിക്കോട്/കണ്ണൂര്‍: വ്യാജപുരാവസ്തു സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിനു പിന്നാലെ, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ സാമ്പത്തികസ്രോതസ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണമാരംഭിച്ചു. സുധാകരന്റെ ഭാര്യയും കണ്ണൂര്‍, കാടാച്ചിറ ഹൈസ്കൂള്‍ മുന്‍ അധ്യാപികയുമായ സ്മിതയുടെ ശമ്പളവിവരങ്ങള്‍ തേടി പ്രധാനാധ്യാപകനു വിജിലന്‍സ് കോഴിക്കോട് യൂണിറ്റ് നോട്ടീസ് അയച്ചു.
അന്തരിച്ച മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മദേശമായ കണ്ണൂര്‍ ചിറയ്ക്കലിലെ രാജാസ് സ്കൂള്‍ ഏറ്റെടുക്കാന്‍ വിദേശത്തു പണപ്പിരിവ് നടത്തിയശേഷം പിന്മാറിയെന്നാരോപിച്ച് കണ്ണൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലറും സുധാകരന്റെ ഡ്രൈവറുമായിരുന്ന എം. പ്രശാന്ത് ബാബു 2021-ല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
സ്കൂള്‍ പിന്നീട് സി.പി.എം. നിയന്ത്രണത്തിലുള്ള ചിറയ്ക്കല്‍ സഹകരണ ബാങ്ക് ഏറ്റെടുത്തതു കോണ്‍ഗ്രസിനു വന്നാണക്കേടായിരുന്നു. പണപ്പിരിവിലൂടെ സുധാകരന് അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്നാണു പ്രശാന്ത് ബാബുവിന്റെ പരാതി. 2001 ജനുവരി ഒന്നുമുതലുള്ള സ്മിതയുടെ ശമ്പളവിവരങ്ങളാണു വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭാര്യയുടെ മാത്രമല്ല, സുധാകരന്റെ വരുമാനവും സ്വത്തും അക്കൗണ്ടുകളും പരിശോധിക്കുമെന്നു വിജിലന്‍സ് വ്യക്തമാക്കി. കഴിഞ്ഞ 15 വര്‍ഷത്തെ സുധാകരന്റെ വരുമാനമാണ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച അന്വേഷണം 2021-ല്‍ തുടങ്ങിയതാണെന്നു വിജിലന്‍സ് സ്പെഷല്‍ സെല്‍ വ്യക്തമാക്കി. സ്പെഷല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സുധാകരന് ചന്ദനൈത്തലം കടത്തിയെന്ന് മുന്‍ ഡ്രൈവര്‍
വനംമന്ത്രിയായിരിക്കേ സുധാകരന് ചന്ദനൈത്തലം കടത്തിയെന്നും വിജിലന്‍സിനു പരാതി നല്കിയ പ്രശാന്ത് ബാബു ആരോപിച്ചു. ''അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്കു പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. പണമാണു സുധാകരന്റെ പ്രധാന ദൗര്‍ബല്യം. അതിനായി അദ്ദേഹം എന്തും ചെയ്യും.
കണ്ണൂര്‍ നഗരസഭാഭരണം ഉപയോഗിച്ച് വന്‍തട്ടിപ്പിനു ശ്രമിച്ചു. വിജിലന്‍സ് കേസ് പിന്‍വലിക്കാന്‍ ഇടനിലക്കാരന് മുഖേന സുധാകരന് 25 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തു. ചിറയ്ക്കല്‍ രാജാസ് സ്കൂള്‍ ഏറ്റെടുക്കാന്‍ പിരിച്ചെടുത്ത 16 കോടിയോളം രൂപ സുധാകരന് വെട്ടിച്ചു. അഴിമതിയിലൂടെയാണ് അദ്ദേഹം ആഡംബരവസതിയടക്കം നിര്‍മിച്ചത്.
താന്‍ കണ്ണൂര്‍ നഗരസഭാ കൗണ്സിലറായിരിക്കേയാണു മാലിന്യത്തില്‍നിന്നു വൈദ്യുതി പദ്ധതിയുടെ പേരില്‍ സുധാകരന് 175 കോടിയുടെ അഴിമതിക്കു ശ്രമിച്ചത്. അന്ന് മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയാണ് ആ ശ്രമം തടഞ്ഞത്''- പ്രശാന്ത് ബാബു പറഞ്ഞു.
ഏതന്വേഷണവും നേരിടാന്‍ തയാറെന്നു സുധാകരന്
തന്റെ സാമ്പത്തികസ്രോതസിനെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി ഇന്നലെ രാവിലെ സുധാകരന് ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഏതന്വേഷണവും നേരിടാന്‍ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മോണ്സണ് മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ പരാമര്‍ശം നടത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ രണ്ടുദിവസത്തിനകം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും സുധാകരന് വ്യക്തമാക്കി.






