
വാര്‍ധക്യം ആയി കഴിഞ്ഞാല്‍ മക്കള്‍ പറയുന്നത് കേട്ടനസരിച്ച് അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കണ്ട അവസ്ഥയാണ് ഇന്ന് പ്രായമായ പലര്‍ക്കും. അതുകൊണ്ടുത്തന്നെ പ്രായമായവര്‍ക്ക് സ്വന്തം ഇഷ്ടാനുഷ്ടങ്ങളൊക്കെ മാറ്റിവയ്ക്കേണ്ടി വരാറുണ്ട്. ശാരീക പ്രശ്നങ്ങളാണ് പ്രായമായ മുത്തശ്ശി മുത്തശ്ശന്മാരെ വീട്ടില്‍ ഇരിക്കാന്‍ പ്രേരിപ്പിക്കുന്നത്. കാരണം സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ പലപ്പോഴും ഇവര്‍ക്ക് മറ്റൊരാളുടെ സഹായം വേണ്ടി വന്നേക്കും. എന്നാല്‍ കാലം മാറിയതോടുകൂടി ഈ പ്രതിസന്ധികളെ ഒക്കെ അതിജീവിച്ച് സ്വന്തം ഇഷ്ടത്തിന് സുഖകരമായ ജീവിതം നയിക്കുന്ന പ്രായമായവരും ഉണ്ട് നമ്മുടെ സമൂഹത്തില്‍. അത്തരത്തിലുള്ള ഒരു മുത്തശ്ശിയുടെ കഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പറഞ്ഞുവരുന്നത് കെല്ലി എന്നപേരില്‍ അറിയപ്പെടുന്ന ഒരു 73 കാരിയ കുറിച്ചാണ്. ജീവിതത്തില്‍ ബോറടി സഹിക്കാന്‍ കഴിയാതെ വന്ന കെല്ലി ഒടുവില്‍ ചെയ്തത് എന്താണന്നല്ലേ? ഡേറ്റിംഗ് ആപ്പില്‍ പങ്കാളിയാകുകയും ഇതുവഴി യുവാക്കളുമായി ഡേറ്റിംഗില്‍ ഏര്‍പ്പെടുകയും ചെയ്തു.
അഞ്ച് വര്‍ഷം മുമ്പാണ് കെല്ലി (73) കാലിഫോര്‍ണിയയില്‍ നിന്ന് ന്യൂജേഴ്സിയിലേക്ക് താമസം മാറിയത്. ഇതിനിടെ അവര്‍ ന്യൂയോര്‍ക്കിലെ 80-ഓളം ധനികയായ സ്ത്രീയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കാണാനിടയായി. ഡോക്യുമെന്ററിയില്‍ പ്രായം കുറഞ്ഞ പുരുഷന്മാരോടൊപ്പം ജീവിക്കുന്ന സ്ത്രീകളും ഉണ്ടായിരുന്നു. അവര്‍ക്ക് ആകാമെങ്കില്‍ എന്തു കൊണ്ട് തനിക്കും ആയിക്കൂടെന്ന ചിന്ത ഉടലെടുത്തതിന് പിന്നാലെ കെല്ലി Cougar Life എന്ന ഡേറ്റിംഗ് ആപ്പില്‍ ചേര്‍ന്നു. ഡേറ്റിംഗ് ആപ്പില്‍ ചേരുന്നതിന് മുമ്പ് താന്‍ വിവാഹിതയായിരുന്നെന്നും 16 വര്‍ഷത്തോളം നീണ്ട ആ ബന്ധം വേര്പ്പെടുത്തിയിരുന്നതായും കെല്ലി ഡേയ്ലി മെയിലിനോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 30-നും 40-നും ഇടയില്‍ പ്രായമുള്ള നിരവധി യുവാക്കളുമായും താന്‍ ഡേറ്റിംഗ് നടത്തിയെന്നുമാണ് കെല്ലി വാദിക്കുന്നത്.
ആപ്പു വഴി ഏതാണ്ട് 20 ഓളം യുവാക്കള്‍ തന്നോട് താത്പര്യം പ്രകടിപ്പിച്ചതായി കെല്ലി വെളിപ്പെടുത്തി. എന്നാല്‍ ഈ സംഖ്യ തന്നെ ഒരേസമയം ഭയപ്പെടുത്തിയെന്നും താന്‍ ഒരു കൂട്ടം ഉന്മാദികള്‍ക്ക് മുന്നില്‍ സ്വയം തുറന്ന് കാട്ടുകയാണോയെന്ന് സംശയിച്ചതായും അവര്‍ ഡേയ്ലി മെയിലിനോട് പറഞ്ഞു. തന്റെ തന്നെ പ്രായമുള്ള ആണുങ്ങളോടായിരുന്നു ആദ്യം താത്പര്യം. എന്നാല്‍ അവര്‍ക്ക് വേണ്ടതല്ലൊം കെല്ലി
ഉണ്ടാക്കികൊടുക്കണമായിരുന്നു. എന്നാല്‍ യുവാക്കള്‍ കുറേക്കൂടി സ്വതന്ത്ര ചിന്താഗതിക്കാരും സമത്വ ബോധവും ഉള്ളവരായിരുന്നു. വീട്ടില്‍ വന്ന് കയറുമ്പോള്‍ മേശപ്പുറത്ത് ഭക്ഷണം വിളമ്പി വെക്കണമെന്ന നിര്‍ബന്ധമൊന്നുമില്ല. അവര്‍ കുറേ കൂടി സൗഹാദപൂര്വ്വമാണ് പെരുമാറുന്നതെന്നും കെല്ലി കൂട്ടിചേര്‍ത്തു. ചെറുപ്പക്കാര്‍ 'ശാരീരികമായി ആകര്‍ഷകമായി' കാണപ്പെട്ടുവെന്നും അവര്‍ ചുറുചുറുക്കമാരാണെന്നുമാണ് കെല്ലിയുടെ അഭിപ്രായം. പാചകം ചെയ്യുകയും വീട് വൃത്തിയാക്കുക, എന്നിങ്ങനെ ഓള്‍ഡ് സ്കൂള്‍ സ്ത്രീകളുടെ ജോലിയായി കരുതിയ പലതും യുവാക്കള്‍ ചെയ്തിരുന്നതായി ഇവര്‍ വ്യക്തമാക്കി. ഈ കാരണങ്ങള്‍കൊണ്ടാണ് കെല്ലി യുവാക്കളിലേക്ക് ആകൃഷ്ടയായത്.
ഡേറ്റിംഗിലൂടെ പരിചയപ്പെടുന്ന യുവാക്കളുമായി വളരെ നല്ല ബന്ധമാണ് താന്‍ പുലര്‍ത്തുന്നതെന്നും എന്നാല്‍, അതില്‍ രണ്ട് പേരുമായി ശാരീരിക ആകര്‍ഷണം തോന്നിയെന്നും കെല്ലി തുറന്ന് പറയുന്നു. പക്ഷേ, അത്തരം ആളുകളുമായി കൂടുതല്‍ അടുക്കുമ്പോള്‍ അവരും നിങ്ങളുടെ അടുത്ത സുഹൃത്തുക്കളായി മാറുന്നു. അത് ശാരീരികമായ ആകര്ഷണത്തിനും അപ്പുറമാണ്. ഞങ്ങള്‍ ഒരുമിച്ച് പുറത്ത് പോവുകയും ഭക്ഷണം കഴിക്കുകയും അല്പനേരം പാര്‍ക്കില്‍ ചെലവഴിക്കുകയും ചെയ്യുന്നു. എല്ലാത്തിലുമുപരി സൗഹൃദത്തോടെ ഇരിക്കാന്‍ ഇന്നും കഴിയുന്നു. കെല്ലി പറഞ്ഞു നിര്‍ത്തി.






