
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച വാള്‍സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവര്‍ത്തകക്കെതിരെ സൈബറാക്രമണം. വൈറ്റ് ഹൗസ് മാധ്യമപ്രവര്‍ത്തകക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അംഗീകരിക്കാനാകില്ലെന്നും അപലപിക്കുന്നുവെന്നും അറിയിച്ചു. മാധ്യമപ്രവര്‍ത്തകയെ ചോദ്യം ചോദിച്ചതിന്റെ പേരില്‍ അവഹേളിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ഇത് ജനാധിപത്യ മൂല്യത്തിന് വിരുദ്ധമാണെന്നും യുഎസ് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. ഇത്തരം പ്രവണതകളെ അപലപിക്കുന്നുവെന്നും മാധ്യമസ്വാതന്ത്ര്യത്തിനായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാള്‍സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവര്‍ത്തകയായ സബ്രീന സിദ്ദിഖി ഇന്ത്യയില്‍ മുസ്ലീങ്ങള്‍ വിവേചനം നേരിടുന്നുവെന്ന അന്താരാഷ്ട്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യമുന്നയിച്ചത്. ഇതിന് മറുപടിയായി ജനാധിപത്യമാണ് ഇന്ത്യയുടെ ഡിഎന്‍എയെന്നും ഇന്ത്യയില്‍ ഒരു വിവേചനവുമില്ലെന്നുമാണ് മോദി മറുപടി നല്‍കിയത്. ഇന്ത്യയുടെ സിരകളിലൂടെ ഒഴുകുന്നത് ജനാധിപത്യമാണെന്നും ജാതി, മതം, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കി ഒരു വിവേചനവും ഇന്ത്യയിലില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മാനുഷിക മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാത്ത ഒരു രാജ്യവും ജനാധിപത്യം എന്ന വിശേഷണത്തിന് അര്‍ഹരല്ലെന്നും ചോദ്യം തന്നെ അത്ഭുതപ്പെടുത്തുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യം എന്നവകാശപ്പെടുന്ന ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നെന്നും എതിരാളികള്‍ നിശ്ശബ്ദരാക്കപ്പെടുന്നെന്നും പരാതി ഉയരുന്നല്ലോ എന്നായിരുന്നു യുഎസ് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. പ്രധാനമന്ത്രി അധികാരത്തിലേറി ഒമ്പത് വര്‍ഷത്തിനിടയില്‍ നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനമാണ് ഇത്.






