
ന്യൂഡല്‍ഹി: കലാപം രൂക്ഷമായി മണിപ്പൂര്‍ സന്ദര്ശിക്കാനൊരുങ്ങുന്നതിനിടെ ഡല്‍ഹി കാരള്ബാഗിലെ വര്‍ക്ക്ഷോപ്പ് സന്ദര്‍ശിച്ചു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ചൊവ്വാഴ്ച തങ്ങളുടെ നേതാവ് കാരള്ബാഗിലെ ഒരു സാധാരണ വര്‍ക്ക്ഷോപ്പ് സന്ദര്‍ശിക്കുന്നതിന്റെയും ജീവനക്കാരുമായി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ രാഹുല്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലിട്ടിട്ടുണ്ട്.
''ഭാരതത്തിന്റെ ചക്രങ്ങളെ ചലിപ്പിക്കുന്ന, റെഞ്ചുകള്‍ തിരിക്കുന്ന കൈകളില്‍ നിന്ന് പഠിക്കുക.'' വര്‍ക്ക്ഷോപ്പിലെ മെക്കാനിക്കുകള്‍ക്ക് ഒപ്പമിരുന്ന് അവരുമായി സംവദിക്കുന്ന ചിത്രം പങ്കുവെച്ച് രാഹുല്‍ കുറിച്ചു. ഇന്ത്യയെ നിര്‍മ്മിക്കുന്ന കൈകളെന്ന് കുറിച്ച് ചിത്രത്തോടൊപ്പം കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു. ''ഈ വസ്ത്രങ്ങളിലെ ഗ്രീസ് നമ്മുടെ അഭിമാനവും അന്തസ്സുമാണ്. അവരെ പ്രോത്സാഹിപ്പിക്കാനാണ് ഒരു നായകന് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയിലെ കരോള്‍ബാഗില്‍ ബൈക്ക് മെക്കാനിക്കിനൊപ്പം രാഹുല്‍ ഗാന്ധി. 'ഭാരത് ജോഡോ യാത്ര' തുടരുന്നു...'' ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഹിന്ദിയിലുള്ള ട്വീറ്റില്‍ പറഞ്ഞു.
ഭാരത് ജോഡോയാത്രയ്ക്ക് ശേഷം സാധാരണക്കാരുമായി സംവദിക്കുന്ന രാഹുലിന്റെ ഏറ്റവും പുതിയ ചിത്രമായിട്ടാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഇതിനെ പറയുന്നത്. നേരത്തേ രാഹുല്‍ പഞ്ചാബിലും പിന്നീട് അമേരിക്കയില്‍ നടത്തിയ സന്ദര്‍ശനത്തിലും ട്രക്ക് ഡ്രൈവര്‍മാര്‍ക്കൊപ്പം ലോറിയില്‍ തന്നെ സഞ്ചരിച്ച് അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
ആറുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ ഒരു പഞ്ചാബി ഡ്രൈവര്‍ക്കൊപ്പം വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് ആയിരുന്നു ഗാന്ധിയുടെ ട്രക്ക് യാത്ര. അതിന് മുമ്പ് അര്‍ദ്ധരാത്രിയില്‍ ഡല്‍ഹിയില്‍ നിന്നും ചണ്ഡീഗഡ് വരെ ഒരു പഞ്ചാബി ഡ്രൈവര്‍ക്കൊപ്പവും രാഹുല്‍ യാത്ര നടത്തിയിരുന്നു. ഭാരത്ജോഡോയാത്രയില്‍ ഇന്ത്യയിലുടനീളം 4000 കിലോമീറ്ററാണ് രാഹുല്‍ സഞ്ചരിച്ചത്. വര്‍ഗ്ഗീയകലാപം രൂക്ഷമായിരിക്കുന്ന മണിപ്പൂര്‍ സന്ദര്‍ശനത്തിന് ഒരുങ്ങുകയാണ് രാഹുല്‍.






