
വാഷിംഗ്ടണ്‍: കടലിനടിയില്പ്പെട്ട ടൈറ്റനിലെ യാത്രക്കാരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അഞ്ചുപേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡാണ് വ്യക്തമാക്കിയത്.
ബ്രിട്ടീഷ് പര്യവേഷകന് ഹാമിഷ് ഹാര്‍ഡിംഗ്, ഫ്രഞ്ച് അന്തര്‍വാഹിനി വിദഗ്ദ്ധന് പോള്‍ ഹെന്റി നാര്‍ഗോലെറ്റ്, പാകിസ്താന് ബ്രിട്ടീഷ് ധനികന് ഷഹ്സാദാ ദാവൂദ്, മകന് സുലേമാന്, അന്തര്‍വാഹിനി ഓപ്പറേറ്റര്‍ സ്റ്റേക്ക്ടോണ് റഷ് എന്നിവരായിരുന്നു അപകടത്തില്‍ കൊല്ലപ്പെട്ടത്.
വടക്കന്‍ അറ്റ്ലാന്റിക്കിലെ രണ്ടു മൈല്‍ ആഴത്തിലായിരുന്നു അന്തര്‍വാഹനി അപകടത്തില്‍ പെട്ടത്. ''ശ്രദ്ധാപൂര്‍വ്വം വീണ്ടെടുത്ത മനുഷ്യ അവശിഷ്ടങ്ങളുടെ ഔപചാരിക വിശകലനം യുണൈറ്റഡ് സ്റ്റേറ്റ്സ് മെഡിക്കല്‍ പ്രൊഫഷണലുകള്‍ നടത്തും,'' ഏജന്‍സി പറഞ്ഞു.
സബ്മറീന് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. നേരത്തേ അന്തര്‍വാഹിന കാണാതായതിന് പിന്നാലെ വലിയ തെരച്ചിലുകള്‍ നടത്തിയിരുന്നു. ഒടുവില്‍ കിഴക്കന്‍ കാനഡയില്‍ നിന്നും അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ കിട്ടിയിരുന്നു.
ജൂണ്‍ 18 നായിരുന്നു ടൈറ്റന് കാണാതായതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. വ്യാപകമായ തെരച്ചലിനൊടുവില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്തര്‍വാഹിനി തകര്‍ന്നതായും അതിലെ അഞ്ചു യാത്രക്കാരും മരണമടഞ്ഞെന്നുമുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.






