
ബോളിവുഡില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ധര്‍മ്മേന്ദ്ര. രാഷ്ട്രീയത്തിലും സിനിമാ നിര്‍മ്മാണത്തിലുമൊക്കെ താരം നിറഞ്ഞു നിന്നിരുന്നു. 87 കാരനായ താരം ഇപ്പോഴും ചില സിനിമകളിലൊക്കെ അതിഥി വേഷത്തിലെത്താറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ ചില പോസ്റ്റുകളും ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ ധര്‍മേന്ദ്ര ഭാര്യ ഹേമ മാലിനിക്കും മക്കളായ ഇഷ ഡിയോള്‍, അഹാന ഡിയോള്‍ എന്നിവര്‍ക്കുമായി എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഭാര്യയോടും മക്കളോടുമുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നുണ്ട് സന്ദേശത്തില്‍. തന്റെ പ്രായവും അനാരോഗ്യവും നിങ്ങളോട് വ്യക്തിപരമായി സംസാരിക്കുന്നത് വിലക്കുന്നുവെന്ന് ധര്‍മേന്ദ്ര കുറിക്കുന്നു. “ഇഷ, അഹാന, ഹേമ, എന്റെ എല്ലാ പ്രിയപ്പെട്ട കുട്ടികളെ…ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ബഹുമാനിക്കുന്നു… പ്രായവും രോഗവും എന്നോട് പറയുന്നു, എനിക്ക് നിങ്ങളോട് വ്യക്തിപരമായി സംസാരിക്കാന്‍ കഴിയില്ലെന്ന്. .. പക്ഷേ,” എന്നാണ് താരത്തിന്റെ പോസ്റ്റ്. ഇതിനൊപ്പം ഈഷ ഡിയോളിന്റെ കൂടെയുള്ള ഒരു പഴയ ഫോട്ടോ തന്റെ പോസ്റ്റിനൊപ്പം ധര്‍മേന്ദ്ര പങ്കിട്ടിട്ടുണ്ട്. എന്താണ് അസുഖം എന്ന കാര്യത്തില്‍ പക്ഷേ താരം വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല.
കഴിഞ്ഞ ദിവസം ഇഷ ഡിയോള്‍ ഭരത് തഖ്താനിയെ 2012 ലെ വിവാഹം കഴിച്ച സമയത്തെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോയില്‍ ഇഷയ്ക്കൊപ്പം ധര്‍മേന്ദ്രയും ഹേമമാലിനിയും ഭര്‍ത്താവും ഉണ്ടായിരുന്നു.‘‘പാപ്പ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങള്‍ എന്നും ബെസ്റ്റാണ്. ഒരു കണ്ടീഷനും ഇല്ലാത്ത സ്നേഹം താങ്കളോടുണ്ട്. അത് പപ്പയ് അറിയാം. എന്നും സന്തോഷവാനും, ആരോഗ്യവാനുമായി ഇരിക്കുക...’’ എന്നാണ് ഇഷ ക്യാപ്ഷന്‍ എഴുതിയത്. ഇതിന് മറുപടി എന്ന പോലെയാണ് ധര്‍മേന്ദ്രയുടെ പോസ്റ്റ് എന്നാണ് പറയപ്പെടുന്നത്. സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോളും ദീർഘകാല കാമുകി ദൃഷ ആചാര്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ധർമേന്ദ്രയുടെ പോസ്റ്റ്.






